UPDATES

ട്രെന്‍ഡിങ്ങ്

വ്യവസായ സൗഹൃദത്തിന്റെ പേരില്‍ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ നീക്കം?

വ്യവസായങ്ങള്‍ തുടങ്ങുന്നതുള്‍പ്പെടെ പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ അനുവദിക്കുന്നതാണ് ഈ ഭേദഗതി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷത്തിരിക്കെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തടസം നീക്കുന്നതിന്റെ ഭാഗമായി എന്ന് പറഞ്ഞ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായി സൂചന. സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ എന്ന പേരില്‍ കൂട്ടഭേദഗതികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായങ്ങള്‍ തുടങ്ങുന്നതുള്‍പ്പെടെ പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ അനുവദിക്കുന്നതാണ് ഈ ഭേദഗതി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷത്തിരിക്കെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു.

ആറ് നിയമങ്ങളും 13 ചട്ടങ്ങളും ഭേദഗതി ചെയ്യുന്ന കാര്യം വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തേക്കുമെന്ന് മാതൃഭൂമി പറയുന്നു. വ്യവസായം തുടങ്ങാന്‍ അപേക്ഷിച്ചാല്‍ അത് അനിശ്ചിതമായി നീളുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളതെന്നും വ്യവസായ സൗഹൃദ സൂചികയില്‍ രാജ്യത്ത് കേരളം ഏറ്റവും പിന്നിലുമാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കൂട്ട ഭേദഗതികള്‍ക്ക് ശ്രമിക്കുന്നത്. അതേസമയം മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരമാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാദ്ധ്യതയുള്ള വ്യവസ്ഥകളാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. വ്യവസായം തുടങ്ങാന്‍ അപേക്ഷ നല്‍കി 30 ദിവസത്തിനകം അനുമതി കിട്ടിയില്ലെങ്കില്‍ അവ കിട്ടിയതായി കണക്കാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരത്തിലുള്ള കല്‍പ്പിതാനുമതി (ഡീംഡ് ലൈസന്‍സ്) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്നും ഇതിന് അഞ്ചുവര്‍ഷം സാധുതയുണ്ടായിരിക്കുമെന്നും പറയുന്നു. കേരള വ്യവസായ വികസന കോര്‍പ്പറേഷനാണ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. ഇത് വ്യവസായവകുപ്പ് അംഗീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. റവന്യൂ നിയമങ്ങള്‍ക്ക് വ്യവസായ വികസന കേര്‍പ്പറേഷന്‍ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങളും ഫാക്ടറീസ് നിയമവും ഭേദഗതി ചെയ്യും. പരിസ്ഥിതി സംബന്ധമായ അനുമതി വേഗത്തിലാക്കാന്‍ ഇതിനുള്ള ചട്ടങ്ങളും മാറ്റും. കേരള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഉള്‍പ്പടെയാണ് 13 ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്.

ഇപ്പോള്‍ വ്യവസായങ്ങള്‍ക്ക് അനുമതി നേടാന്‍ ഏകജാലക സംവിധാനം നിലവിലുണ്ട്. 30 മുതല്‍ 60 ദിവസത്തിനകം ചട്ട പ്രകാരം പരിശോധന നടത്തി അനുമതി സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കാറില്ല എന്നാണ് പരാതി. അനുമതി നിശ്ചിതസമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ കിട്ടിയതായി കണക്കാക്കുമെന്ന് ഏകജാലക സംവിധാനത്തിലും നിബന്ധനയുണ്ട്. എന്നാല്‍, ഇങ്ങനെ അനുമതി കിട്ടിയാല്‍ വര്‍ഷംതോറും പുതുക്കേണ്ടതുണ്ട്. ഇതിന് വീണ്ടും തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ വീണ്ടും സാധാരണഗതിയിലുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. പുതിയ സംവിധാനത്തില്‍ അനുമതി വാര്‍ഷികമായി പുതുക്കേണ്ടിവരില്ല. വ്യവസായങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

വിഎസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ 2008ലാണ് സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത് വിലക്കിക്കൊണ്ട് നിയമം കൊണ്ടുവന്നത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും അനിയന്ത്രിതമായി നികത്തുകയും അവയുടെ ഭൂവിസ്തൃതി വലിയ തോതില്‍ കുറയുകയും ഗുരുതരമായ കാര്‍ഷിക, പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. നെൽവയൽ-നീർത്തട സംരക്ഷണ നിയമം നടപ്പാക്കിയതുമുതൽ ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായല്ലാതെ കേരളത്തിൽ നെൽവയലുകൾ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചു (വകുപ്പ് 6). എന്നാൽ, നെൽവയലിന്‍റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്തരീതിയിൽ ഇടവിളകൾ കൃഷിചെയ്യുന്നതിനോ, വയൽ സംരക്ഷണത്തിനായുള്ള പുറംബണ്ടുകൾ നിർമ്മിക്കുന്നതിനോ തടസമുണ്ടായിരുന്നില്ല. താമസയോഗ്യമായ മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് ഭവനനിര്‍മ്മാണത്തിനായുള്ള നികത്തലിന് നിയമം ഇളവ് അനുവദിച്ചിരുന്നു. നീർത്തടങ്ങൾ നികത്തുന്നതും അവയിൽ നിന്നും മണൽ വാരുന്നതും നിരോധിച്ചിരുന്നു. എന്നാല്‍ 2008ന് മുൻപ് നികത്തിയ വയലുകൾ പറമ്പായി പതിച്ചു കൊടുക്കുന്നതിന് വേണ്ടി 2015ല്‍ കേരള ധനകാര്യ ബിൽ വഴി യുഡിഎഫ് സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം കരഭൂമിയുടെ 25% ന്യായവില അടച്ചാൽ 2008ന് മുൻപ് നികത്തിയ വയൽ പറമ്പായി പതിച്ചു കൊടുക്കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍