UPDATES

ട്രെന്‍ഡിങ്ങ്

രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും കലാലയത്തില്‍ നിന്നല്ലാതെ പിന്നെ എവിടെ നിന്നാണ് പിച്ചവെക്കുക? മൈ ലോര്‍ഡ്!

ഇന്നും നീതി കിട്ടാതെയുള്ള ജിഷ്ണുവിന്റെ ഓര്‍മ നമുക്കിടയില്‍ നീറുന്ന വേദനയായി നില നില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥിപക്ഷത്തു നിന്നുകൊണ്ട് സ്വയം പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്ലാതെ പോകുന്നതിന്റെ യുക്തി അപകടകരമാണ്

കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം സംബന്ധിച്ച കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്കും രാഷ്ട്രീയം പാടില്ലേ? എന്ന ചോദ്യത്തിനു പ്രസക്തി ഏറി വരികയാണ്. വിദ്യാര്‍ത്ഥി -യുവജനപ്രസ്ഥാനങ്ങളിലൂടെ നേതൃരംഗത്തെത്തിയ ആളുകള്‍ സംസ്ഥാന നിയമനിര്‍മ്മാണ സഭകളും രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളും നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കോടതി വിധിയുണ്ടാക്കുന്ന ആഘാതം മുന്‍വിധിയോടെ മാത്രമേ നോക്കി കാണാനാകൂ. പൊതുവേ അരാജകത്വത്തിന്റേയും മാനേജുമെന്റ് – ഭരണനിര്‍വ്വഹണ ഫാസിസ മനോഭാവത്തിന്റേയും ഇടങ്ങളായ ഒരു ചെറുന്യൂനപക്ഷം കലാലയങ്ങളെങ്കിലും നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് വാസ്തവമാണ്. അതില്‍ തന്നെ സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളില്‍ സ്ഥാപന ഫാസിസത്തിന്റെ ഇരയായി ഇന്നും നീതി കിട്ടാതെയുള്ള ജിഷ്ണുവിന്റെ ഓര്‍മ നമുക്കിടയില്‍ നീറുന്ന വേദനയായി നില നില്‍ക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥിപക്ഷത്തു നിന്നുകൊണ്ട്് സ്വയം പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്ലാതെ പോകുന്നതിന്റെ യുക്തി അപകടകരമാണ്.

വിദ്യാര്‍ത്ഥി സംഘടനകള്‍ നിയമാവലി അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളല്ല. അങ്ങനെ ആണെങ്കില്‍ തിരുത്തലുകള്‍ അനിവാര്യമാണ്. നിയതമായ നിയമാവലിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി – വിദ്യാഭ്യാസ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിപക്ഷം ചേര്‍ന്ന് നീതിയുടെ കാവലാളാകുകയെന്നതു തന്നെയാണ് മിക്കവാറും സംഘടനകള്‍ മുന്നോട്ടു വെയ്ക്കുന്ന അടിസ്ഥാന ലക്ഷ്യം. അവയ്ക്ക് രാഷ്ട്ര ബോധവും രാഷ്ട്രീയ ബോധവും പാടില്ലെന്നു പറയാനാര്‍ക്കാണവകാശം? പലപ്പോഴും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കളുടേയും കേവലപോഷക വിഭാഗങ്ങളാകുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുള്ളത്. അവയെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം തന്നെ. ഒറ്റപ്പെട്ട സംഭവങ്ങളും ആസൂത്രിത നീക്കങ്ങളും സാമാന്യവല്‍ക്കരിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം കലുഷിത പ്രശ്‌നമായവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും സാമൂഹ്യനിര്‍മ്മിതിയിലും തുല്യ നീതിയുറപ്പാക്കുന്നതിലും അടിസ്ഥാനമാക്കിയുള്ള വേറിട്ട വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുണ്ടായിരുന്ന പങ്ക് കാണാതെ പോകരുത്.

വേണം ആത്മശോധന

വിമര്‍ശനങ്ങളുടെയും കോടതി വിധികളുടേയും പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനശൈലി അവരവരുടെ ഫോറങ്ങളില്‍ ക്രിയാത്മകമായി തന്നെ ആത്മ പരിശോധന ചെയ്യുന്നത് നല്ലതാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കോടതി വിധിയുടെ മറവില്‍ ഉണ്ടാകാനിടയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധന പ്രശ്‌നത്തെ, സംഘടനകളുടെ സ്ഥാപിത ലക്ഷ്യങ്ങളെ പൊതു ജനപക്ഷമവതരിപ്പിച്ച് സമൂഹത്തിന്റെ കൂടെ പിന്തുണയോടെ മേല്‍ക്കോടതികളില്‍ പോയി, പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകളാരായേണ്ടിയിരിക്കുന്നു. രാഷ്ട്രീയ സംഘടനയെന്ന പതിവുപല്ലവിയില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുടെ പൊതുജനാധിപത്യ വേദിയെന്ന ചിന്തയോടെ പ്രവര്‍ത്തിച്ചാല്‍, അവയില്‍ നന്‍മയുടേയും നീതിയുടേയും കണങ്ങളവശേഷിക്കുമെന്ന് തീര്‍ച്ച. നമുക്ക് വേണ്ടത് രാഷ്ട്രീയ തിമിരവും വര്‍ഗ്ഗീയ കാഴ്ചയും സമ്മാനിച്ച് സഹപാഠിയുടെ കയ്യും കാലും തലയും പൊളിക്കുന്ന വൈരനിരാതന ബുദ്ധിയോടെയുള്ള രാഷ്ട്രീയ വെറിയുടെ സാംഗത്യമാണോ, അതോ; നീതിക്കും നന്മക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്ന വര്‍ഗ്ഗ ബോധത്തിന്റെ രാഷ്ട്രീയമാണോ വര്‍ത്തമാന കാലഘട്ടത്തിനനിവാര്യമെന്ന് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ സജീവമായി ചിന്തിക്കട്ടെ. ഒരു കാര്യം ഉറപ്പാണ്; ക്യാമ്പസുകള്‍ നിശബ്ദമാകപ്പെടേണ്ടവയല്ല. വോട്ടര്‍മാര്‍ പഠിക്കുന്ന, രാഷ്ട്രീയ ബോധവും സ്വത്വബോധമുള്ള യുവാക്കള്‍ പഠിക്കുന്ന അവിടെ നിന്നു തന്നെയാണ് അനീതിക്കും അസമത്വത്തിനും അസഹിഷ്ണതക്കുമെതിരെയുള്ള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റേയും ശബ്ദങ്ങള്‍ ആരംഭിക്കേണ്ടത്. അവിടെ അക്രമത്തിനു പ്രസക്തിയില്ല; മറിച്ച് സാഹോദര്യത്തിന്റെ ചിന്തകളിലൂന്നിയ നന്‍മയുടെ മേലോപ്പു ചാര്‍ത്തിയ പ്രവര്‍ത്തനങ്ങളും നേതാക്കളും ഉദിച്ചു പൊങ്ങട്ടെ.

മാതൃകയാക്കേണ്ട ജെ.എന്‍.യു. വിദ്യാര്‍ത്ഥി രാഷ്ട്രീയം

കോളേജധ്യാപകരുടെ ഓറിയന്റേഷന്‍ കോഴ്‌സിന്റെ ഭാഗമായി കുറച്ചു കാലം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലുണ്ടായിരുന്നു. ജെ.എന്‍.യു.വെന്ന് കേട്ടാല്‍ നമ്മുടെ ചിന്തകളിലോടിയെത്തുക അഫ്‌സല്‍ ഗുരു അനുസ്മരണവും അതേ തുടര്‍ന്ന് രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്ന യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറുമാണ്. ഇതിനുമൊക്കെയപ്പുറത്തേയ്ക്ക് അക്കാദമിക നിലവാരവും രാഷ്ട്രിയ പ്രബുദ്ധതയും സാംസ്‌കാരികബോധവും സാമൂഹ്യ ചിന്തയുമുള്ള ഒരു വലിയൊരു വിദ്യാര്‍ത്ഥി സമൂഹം ജനാധിപത്യത്തിനു കാവലാളായി ഇവിടെയുണ്ടെന്നത് ഏറെ അഭിമാനകരമായി തോന്നി. നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും അവയുടെ നേതൃത്വത്തിനും അനുകരിക്കാവുന്ന മാതൃകാപരവും ഒപ്പം ചിന്തനീയവുമായ രാഷ്ട്രീയ പ്രവര്‍ത്തനം.

ഒന്നു ശ്രദ്ധിച്ചാല്‍, നമ്മുടെ നാട്ടിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിന് മതിലായ മതിലുകളൊക്കെ ചുവരെഴുത്തുകളാല്‍ നിറയുന്നതുപോലെയാണ് ഇവിടെ സ്‌കൂളുകളുടേയും ഹോസ്റ്റലുകളുടേയും ചുവരുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും അവയുടെ ആശയങ്ങള്‍ക്കും ഇടം ലഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിപ്ലവ ചിന്തകളും പൊതു വിഷയങ്ങളിലും സര്‍വ്വകലാശാല ഭരണ വിഷയങ്ങളിലുമുള്ള ഇടപെടലുകളും നമ്മുടെ വിദ്യാര്‍ത്ഥി തലമുറയ്ക്ക് മാതൃകയാകേണ്ടതു തന്നെ. നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കളില്‍ നിന്നും വ്യത്യസ്തമായി, തികഞ്ഞ അക്കാദമിക നിലവാരത്തോടെ ബിരുദാനന്തര ബിരുദവും ഗവേഷണവും പ്രൊജക്ടുകളും ചെയ്യുന്നതോടൊപ്പം വിദ്യാര്‍ത്ഥി വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടാനുള്ള ആര്‍ജ്ജവം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്നു. ഒരു വിദ്യാര്‍ത്ഥി നേതാവിന്റേയും ഫ്‌ള്കസുകള്‍ ഇവിടെയില്ല; മറിച്ച് അവരവര്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വരച്ചതോ എഴുതിയതോ ആയ പോസ്റ്ററുകളോ മറ്റുള്ളവയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമാണ് ഇവിടെ സര്‍വ്വസാധാരണം. ദലിത് പീഢനത്തിന്റെ ഇരയായ രോഹിത് വെമുലയും രണ്ടു പതിറ്റാണ്ടുകളായി തടവറക്കുള്ളില്‍ കിടക്കുന്ന നമ്മുടെ നാട്ടില്‍ നിന്നുള്ള അബ്ദുള്‍ നാസര്‍ മഅ്്ദനിയും ഇവിടെ പോസ്റ്ററുകളിലെ താരങ്ങളാണ്. ആശയപരമായ സംവാദങ്ങള്‍ക്കും പോസ്റ്റര്‍ പ്രചരണങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് ശാരീരിക സംഘട്ടനങ്ങളോ അതിന്റെ പേരിലുള്ള അതിക്രമങ്ങളോ ഇവിടെ നിന്നും വാര്‍ത്തകളാകുന്നില്ല. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പൊതു ആവശ്യങ്ങള്‍ക്കുള്ള സമരങ്ങളൊക്കെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ്. മറ്റാവശ്യങ്ങളിലൊക്കെ ഭിന്നതകള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കിടയിലുണ്ടെങ്കിലും പൊതുവായ ആവശ്യങ്ങള്‍ക്കു ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി നേതാക്കള്‍ സമരമുഖത്തുള്ളത് പുതുമയുള്ള യാഥാര്‍ഥ്യമാണ്.പ്രകടനങ്ങളും പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ ജെ.എന്‍.യു. ഇല്ല. മിക്കവാറും പ്രതിഷേധ കൂട്ടായ്മകളും സമര പ്രഖ്യാപനങ്ങളും അരങ്ങേറുന്നത്, സായ്ഹാനങ്ങളിലാണെന്നത്, വിദ്യാര്‍ത്ഥികളുടെ അക്കാദമിക സാധ്യതകളോട് പക്ഷം ചേര്‍ന്നുള്ള പോരാട്ട വീര്യത്തിനുദാഹരണം. അതു തന്നെയാണ് ഇവിടെ നിന്നും വളര്‍ന്നുവന്ന പ്രകാശ് കാരാട്ട് ,ദിഗ്‌വിജയ്് സിംഗ്, നിര്‍മ്മല സീതാരാമന്‍, സീതാറാം യെച്ചൂരി, ഡോ.തോമസ് ഐസക്, യോഗേന്ദ്ര യാദവ്, ത്രിപാഠി ഉള്‍പ്പടെയുള്ള നേതാക്കളുടെ പാരമ്പര്യം.

നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടും അവയുടെ നേതൃത്വത്തോടും ഒരു വാക്ക്

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥികളേയും സംഘടനാ നേതാക്കളേയും മാതൃകയാക്കുക. അവര്‍ വളരുന്നതും പ്രവര്‍ത്തിക്കുന്നതും ലോകോത്തര നിലവാരമുള്ള അക്കാദമിക യോഗ്യതകളോടെയാണ്. സമര- പോരാട്ട വീര്യത്തോടൊപ്പം അക്കാദമിക നിലവാരം ഉറപ്പാക്കാനും ആക്രമണ – പ്രത്യാക്രമണ രാഷ്ട്രീയത്തിനപ്പുറത്തേയ്ക്ക് ആശയസംവാദങ്ങള്‍ക്കു സാധുത നല്‍കുന്ന ഒരു പുതിയ വിദ്യാര്‍ത്ഥിരാഷ്ട്രിയ നേതൃത്വം രൂപപ്പെടട്ടെയെന്നാശംസിക്കുന്നു. ഒപ്പം നന്‍മകള്‍ നേരുന്നു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍