UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴു വയസുകാരന് ക്രൂരമര്‍ദ്ദനം; ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

കുട്ടിയുടെ ആരോഗ്യനില വഷളായി തുടരുന്നു

ഏഴു വയസുകാരനെയും അനിയനെയും അമ്മയുടെ സുഹൃത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരകളാക്കിയ സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. തൊടുപുഴയില്‍ നടന്ന സംഭവത്തില്‍ തലയോട്ടി തകര്‍ന്നതുള്‍പ്പെടെ ഗുരുതരമായ പരിക്കുകളേറ്റ ഏഴു വയസുള്ള ബാലന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റീസിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.

ഒരു നിയമ നടപടി എന്നതിനപ്പുറം കുട്ടികള്‍ക്കെതിരേയുള്ള ക്രൂരതയും അതിക്രമവും തടയാന്‍ നടപടി വേണമെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റീസിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തൊടുപുഴയില്‍ നടന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ജസ്റ്റീസ് വ്യക്തമാക്കുന്നു. പ്രതിയായ അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്. റിമാന്‍ഡ് കാലവധി കഴിയുന്ന അരുണിനെ ഇന്ന് കോടതിയില്‍ ഹാജാരാക്കാന്‍ ഇരിക്കവെയാണ് ഹൈക്കോടതി ഈ കേസില്‍ ഇടപെട്ടിരിക്കുന്നത്.

അതേസമയം ആശുപത്രിയില്‍ കഴിയുന്ന ഏഴു വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഇപ്പോഴും ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണം പോലും കുട്ടിക്ക് കൊടുക്കാന്‍ കഴിയുന്നില്ല. ചികിത്സ തുടങ്ങിയിട്ട് ഒരാഴ്ച്ചയോളം കഴിയുമ്പോഴും തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ എത്തി കുട്ടിയെ പരിശോധിച്ചിരുന്നു. കുട്ടിക്ക് ഇപ്പോഴും സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല. ഏഴുവയസുകാരന്റെ മാതാവിന്റെ അമ്മയും പിതാവിന്റെ അച്ഛനുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ഇവരുമായി കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടര്‍മാര്‍ സംസാരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍