UPDATES

അതെ അര്‍ണാബ്, ഞങ്ങളിങ്ങനെയാണ്; നിങ്ങള്‍ക്കത് മനസിലാകില്ല

പ്രകൃതി ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കാൻ തയ്യാറായത് ലോകത്തിനാകെ മാതൃകയാണ്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ കെടുതിയുടെ കാലത്തെ മലയാളികള്‍ അതിജീവിക്കുകയാണ്. അതിജീവനത്തിന്റെ മികച്ച മാതൃകയാണ് കേരളം ഈ പ്രളയകാലത്ത് മുന്നോട്ട് വെക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു പുറത്തേക്ക് വന്ന ഈദ്, ഓണ ആഘോഷ ചിത്രങ്ങള്‍ തെളിയിക്കുന്നത് സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്റെയും പുതിയ അദ്ധ്യായങ്ങള്‍ തുറക്കുന്നു എന്നത് തന്നെയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ അണിനിരക്കുന്ന കാഴ്ചകളാണ് എങ്ങും.

എന്നാല്‍ പ്രകൃതി ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി കേരള സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും വെറുപ്പിന്റെ പ്രചാരകരായി ഒരു കൂട്ടര്‍ രംഗത്തുണ്ട്. ആര്‍ എസ് എസ് ബുദ്ധിജീവി സെല്ലിനെ നയിക്കുന്ന ടി ജി മോഹന്‍ദാസ് തുടക്കം മുതല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ചത് വിഭാഗീയ പ്രചരണം നടത്താനാണ്. കേരളം ബീഫ് കഴിക്കുന്നവരുടെ നടാണെന്നും ഇവിടത്തെ ആളുകളെല്ലാം സമ്പന്നരാണെന്നുമുള്ള പ്രചരണങ്ങളുമായി വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഈ സമയത്ത് സജീവമായി. മുംബയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ ഇറങ്ങിയ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാനും ആര്‍ എസ് എസുകാര്‍ തയ്യാറായി.

ഏറ്റവുമൊടുവില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസാമി നാണം കെട്ട ഒരു ജനതയാണ് കേരളീയര്‍ എന്നു പറഞ്ഞാണ് ആക്ഷേപിച്ചിരിക്കുന്നത്. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. അര്‍ണാബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ അതിജീവിച്ച ജനതയ്ക്കു ടി ജി മോഹൻദാസ് മുതൽ അർണാബ് ഗോസ്വാമി വരെയുള്ള മനുഷ്യ ദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയും എന്നു തെളിയിക്കുകയാണ് താഴെ കൊടുത്തിരിക്കുന്ന ചില ചിത്രങ്ങള്‍.

1. ഈദാഘോഷങ്ങൾ ഉപേക്ഷിച്ചു എറണാകളം ജില്ലയിലെ കടുങ്ങല്ലൂർ ക്ഷേത്രം വൃത്തിയാക്കുന്ന കൊണ്ടോട്ടിയിൽ നിന്നും എത്തിയ മുസ്ലിം സഹോദരങ്ങളുടെ ചിത്രം. വിഷൻ ഫെഡ് 2018 എന്ന കൂട്ടായ്മയാണ് പ്രളയം ദുരന്തം വിതച്ച കടുങ്ങല്ലൂരിൽ നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.

2 . ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ പലരും വീടുകളിലെത്തി ജീവിതം തിരിച്ചുപിടിക്കുകയാണ്. തിരികെപ്പോകാൻ കഴിയാതെ തുടരുന്നവരുടെ ബക്രീദും ഓണവും ഇതിനിടയിൽ കടന്നു പോകുന്നു. തിരികെപ്പോയവർ പരിമിതമായ സൗകര്യങ്ങളിൽ ആഘോഷിക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലുമുണ്ട് ഓണം. സന്നദ്ധസംഘടനകളും കൂട്ടായ്മകളും വ്യക്തികളുമൊക്കെ ക്യാമ്പുകളിൽ സദ്യയും ആഘോഷവുമൊരുക്കുന്നു. ഓണാഘോഷത്തിന്റെ ഒഴിച്ച് കൂടാനാവാത്ത തിരുവാതിര നൃത്തത്തിന് ചുവടുകൾ വെയ്ക്കുന്ന ക്യാമ്പിലെ അംഗങ്ങളുടെ ചിത്രം.

3 . പ്രളയ ദുരന്തത്തിൽ പള്ളികൾ തകർന്നപ്പോൾ മാളയിലെ ഹൈന്ദവ സഹോദങ്ങള്‍ അവരുടെ പെരുന്നാള്‍ നിസ്കാരത്തിനായി പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രം ട്രസ്റ്റിന്റെ ക്ഷേത്ര പരിസരത്തു ഹാൾ തുറന്നു കൊടുത്തപ്പോൾ.

4 ക്രിസ്ത്യൻ ദേവാലയം മുസ്ലിം സഹോദരങ്ങളുടെ പ്രാർത്ഥനക്കായി വിട്ടു കൊടുത്തപ്പോൾ.

5 . ഓണാഘോഷത്തിന് ഒരു മുസ്ലിം പള്ളി വേദിയായപ്പോൾ

6 . കനത്ത മഴയെയും, പ്രകൃതിദുരന്ത ഭീഷണികളെയും അതി ജീവിച്ചു കൊണ്ട് അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിട്ടിരിക്കുന്ന കെ എസ് ഇ ബി തൊഴിലാളികൾ. പ്രളയകാലത്തെ കെ എസ് ഇ ബി ഇടപെടലുകൾ ശ്രദ്ധേയമാണ്.

7. രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച സ്ത്രീകളള്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ താനൂരിലെ മത്സ്യതൊഴിലാളി ജൈസൽ. യൂറോപ്യൻ മാധ്യമങ്ങൾ വരെ രക്ഷാപ്രവർത്തനത്തിനിടെയുള്ള ജൈസലിന്റെ ഇടപെടലുകളെ അഭിനന്ദിച്ചു രംഗത്ത് വന്നിട്ടുണ്ട്.

8 രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾക്ക് നാട്ടുകാർ നന്ദി പറയുന്നു. മത്സ്യത്തൊഴിലാളികളെ ‘കേരളത്തിന്റെ സൈന്യം’ എന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

9. കേരളത്തെ മുക്കിയ മഹാപ്രളയത്തിൽ രക്ഷാദൗത്യം ഏറ്റെടുത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മൽസ്യത്തൊഴിലാളികളുടെ സേവനം ബ്രിട്ടനിലെ റോയിട്ടേഴ്സിന്റെ ഡിസ്പ്ലേ ബോർഡിലും.

10 . രക്ഷാപ്രവർത്തനിയത്തിനിടെ രക്ഷിച്ചെടുത്ത ഒരു കുഞ്ഞിനെ വാത്സല്യത്തോടെ നോക്കുന്ന ധനമന്ത്രി ടി എം തോമസ് ഐസക്. മന്ത്രിമാരായ ടി എം തോമസ് ഐസക്, എം എം മണി, മാത്യു ടി തോമസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവർത്തനത്തെ മുന്നിൽ നിന്ന് നയിച്ചു.

11. ഈദ് ആഘോഷ വേളയിൽ കന്യാസ്ത്രീകളുടെ കയ്യിൽ മൈലാഞ്ചി ഒരുക്കുന്ന മുസ്ലിം സഹോദരികൾ ഈ പ്രളയ കാലത്തെ ഏറ്റവും മനോഹര കാഴ്ചകളിൽ ഒന്നായിരുന്നു.

12. ചങ്ങനാശേരി ഹയർ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒരു ഓണാഘോഷ ചിത്രം. ക്യാപ്ഷ്യനോ, വിശേഷണങ്ങളോ ആവശ്യമില്ലാത്ത ചിത്രം.(മലയാള മനോരമ ചിത്രം)

(ചിത്രങ്ങള്‍ വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ ഷെയര്‍ ചെയ്തത്)

മലയാളികൾ അർണാബ് കുഴിക്കുന്ന എല്ലാ കുഴികളിലും ചാടണമെന്നില്ല: പൊങ്കാല എന്ന ജാഗ്രതാനഷ്ടത്തെക്കുറിച്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍