UPDATES

കേരളം പ്രളയത്തിൽ മുങ്ങുമ്പോൾ മുല്ലപ്പെരിയാറിൽ രാഷ്ട്രീയം കളിച്ച് തമിഴ്നാട്

അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ രാഷ്ട്രീയ തീരുമാനത്തിന് അനുസരിച്ച് തമിഴ്നാട് ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും

കേരളം പ്രളയക്കെടുതിയിൽ വലയുമ്പോഴും മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു വിടുന്നതാണ് കേരളത്തിലെ വെള്ളപ്പൊക്കം തടയുന്നതിന് അധികൃതർ കണ്ടെത്തിയിരിക്കുന്ന ഏക മാർഗ്ഗം. ആലുവ പോലുള്ള പെരിയാറിന്റെ തീരത്തെ പ്രദേശങ്ങൾ വെള്ളത്തിനടിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പലയാവർത്തി ആവശ്യപ്പെട്ടിട്ടും അനുകൂലമായ ഒരു തീരുമാനമെടുക്കാനോ പ്രതികരിക്കാനോ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി തയ്യാറായിട്ടില്ല. പിണറായിയുടെ അധ്യക്ഷതയിൽ അടിയന്തര മന്ത്രിസഭാ യോഗം ചേരുകയാണ് ഇപ്പോൾ.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറക്കുന്നതിന് കാലതാമസമുണ്ടായത് തമിഴ്നാടിന്റെ രാഷ്ട്രീയ നിലപാട് മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ കാലവർഷം ശക്തമാണെന്നും അതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയ്ക്കാൻ അണക്കെട്ട് തുറക്കണമെന്നും കേരളം ദിവസങ്ങൾക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലനിരപ്പ് 142 അടിയെത്തട്ടെയെന്ന് പറഞ്ഞ് രാഷ്ട്രീ കളിക്കുകയായിരുന്നു തമിഴ്നാട്.

ജലനിരപ്പ് 142 അടിയിലെത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്ന് കാണിക്കലായിരുന്നു ഇതിന് പിന്നിലെ തമിഴ്നാടിന്റെ രാഷ്ട്രീയം. നീരൊഴുക്കിന് അനുസരിച്ച് അവർ വെള്ളം പുറത്തേക്ക് വിടാൻ തയ്യാറായില്ല. ഈ രാഷ്ടീയ തന്ത്രം ഫലം കണ്ടു. ബുധനാഴ്ച ഉച്ചയോടെ ജല നിരപ്പ് 142 അടിയായി.

പത്ത് പുതിയ ഷട്ടറുകളും മൂന്ന് പഴയ ഷട്ടറുകളുമാണ് മുല്ലപ്പെരിയാറിലുള്ളത്. ജലനിരപ്പ് 142 അടിയായതോടെ ഈ ഷട്ടറുകൾ 1.5 മീറ്റർ ആണ് ഉയർത്തിയത്. 16 അടി വരെ ഉയർത്താൻ കഴിയുന്നവയാണ് ഈ ഷട്ടറുകൾ. ഇന്നലെ ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം അണക്കെട്ടിലേക്ക് 20,508 ക്യൂസെക്സ് വെളളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

നീരൊഴുക്ക് കൂടിയതോടെ 10,000 ക്യൂസെക്സ് വീതം വെള്ളം തുറന്നു വിടാൻ ഇന്ന് പുലർച്ചെ 2.35ന് തമിഴ്നാട് തീരുമാനിച്ചു. എന്നാൽ മഴയും നീരൊഴുക്കും കൂടുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. അതിനാൽ ഓരോ ഷട്ടറുകളിൽ നിന്നും 30,000 ക്യൂസെക്സ് വീതം വെളളം തുറന്നു വിടേണ്ടതുണ്ടെന്നാണ് അധികൃതർ പറയുന്നത്.

അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ രാഷ്ട്രീയ തീരുമാനത്തിന് അനുസരിച്ച് തമിഴ്നാട് ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും. അണക്കെട്ടിന്റെ കേരളത്തിന്റെ ഭാഗത്തേക്കുള്ള 13ഷട്ടറുകളും കൂടുതൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. അതോടെ കൂടുതൽ വെള്ളം വണ്ടിപ്പെരിയാർ വഴി 44 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കിയിലെത്തും.

ഇന്നലെ ഉച്ചയ്ക്ക് വരെയുള്ള കണക്കനുസരിച്ച് 2398.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ജലനിരപ്പ്. അണക്കെട്ടിന്റെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകൾ രണ്ട് മീറ്ററും രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 2.3 മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലമെത്തുന്നതോടെ ഇടുക്കി അണക്കെട്ട് കൂടുതൽ തുറക്കേണ്ടതായി വരും. ഇതോടെ പെരിയാറിൽ നിന്നുള്ള വെള്ളപ്പൊക്കവും വർദ്ധിക്കും.

മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട് ഭാഗത്തേക്ക് തുറന്നു വിട്ടാൽ ഇത് ഒഴിവാക്കാനാകും. തമിഴ്നാട്ടിൽ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍