UPDATES

ട്രെന്‍ഡിങ്ങ്

പഴയൊരു കോണ്‍ഗ്രസ് നേതാവുണ്ട് കരിവെള്ളൂരില്‍; ചോദിച്ചാല്‍ പറഞ്ഞുതരും എകെജി ആരെന്ന്

ലോട്ടറിയടിച്ചപോലെ തൃത്താല എംഎല്‍എ പട്ടം കിട്ടിയ ആളൊന്നുമല്ല ഞങ്ങളുടെ നാട്ടിലെ കുഞ്ഞു മാണിക്കം ടീച്ചര്‍. പക്ഷേ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരിയായിരുന്ന അവര്‍ക്കും അറിയാമായിരുന്നു ഒരു ജനനേതാവ് എന്നാല്‍ ചൂണ്ടിക്കാണിക്കേണ്ട ഏറ്റവും വലിയ മാതൃകയുടെ പേര് എകെജി എന്നാണെന്ന്.

കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലപീഡകന്‍ എന്ന് വിളിച്ചുള്ള വിടി ബല്‍റാമിന്റെ വിവാദ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ അതിശക്തമായ പ്രതിഷേധം ഉയരവെ വിടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നാടകകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി. മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പാപമല്ല ഇതെന്ന് കരിവെള്ളൂര്‍ മുരളി, ബല്‍റാമിനെ ഓര്‍മ്മിപ്പിച്ചു. ചരിത്രബോധം പി എസ് സി പരീക്ഷ എഴുതാന്‍ പഠിക്കും പോലെ പഠിച്ചുണ്ടാക്കാന്‍ കഴിയുന്നതല്ല. അത് മനസ് കൊണ്ടും ഹൃദയം കൊണ്ടും അനുഭവിച്ചറിയണം. തന്‍റെ നാട്ടുകാരിയും മുന്‍ കണ്ണൂര്‍ ഡിസിസി അംഗവും ആയിരുന്ന വി കുഞ്ഞിമാണിക്കം ടീച്ചര്‍ക്ക് എകെജിയോട് ഉണ്ടായിരുന്ന ആദരവും ബഹുമാനവും ചൂണ്ടിക്കാട്ടിയാണ് കരിവെള്ളൂര്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.

കരിവെള്ളൂര്‍ മുരളി പറയുന്നു:

ലോട്ടറിയടിച്ചപോലെ തൃത്താല എം എല്‍ എ പട്ടം കിട്ടിയ ആളൊന്നുമല്ല ഞങ്ങളുടെ നാട്ടിലെ കുഞ്ഞു മാണിക്കം ടീച്ചര്‍.പക്ഷേ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരിയായിരുന്ന അവര്‍ക്കും അറിയാമായിരുന്നു ഒരു ജനനേതാവ് എന്നാല്‍ ചൂണ്ടിക്കാണിക്കേണ്ട ഏറ്റവും വലിയ മാതൃകയുടെ പേര് എ കെ ജി എന്നാണെന്ന്.

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

ഈ പിതൃഹത്യക്ക് ഒരു ശിക്ഷയും നിങ്ങള്‍ക്ക് ആരും വിധിക്കില്ല. കാരണം നിങ്ങള്‍ ഇതോടെ അവസാനിച്ച് കഴിഞ്ഞു. ദയവായി താങ്കള്‍ രാഷ്ട്രീയം ഉപേക്ഷിച്ച് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും കരിവെള്ളൂര്‍ മുരളി ബല്‍റാമിനോട് അഭ്യര്‍ത്ഥിക്കുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാവായിരുന്ന കരിവെള്ളൂര്‍ സമര നായകന്‍ എവി കുഞ്ഞമ്പുവിന്റേയും കമ്മ്യൂണിസ്റ്റ് നേതാവ് കെ ദേവയാനിയുടേയും മകനാണ് കരിവെള്ളൂര്‍ മുരളി.

കരിവെള്ളൂര്‍ മുരളിയുടെ പോസ്റ്റ്‌ – പൂര്‍ണരൂപം:

ഞങ്ങളുടെ കരിവെള്ളൂരില്‍ ഏറ്റവും പഴയ കോണ്‍ഗ്രസ് കുടുംബം അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ഡി സി സി മെമ്പറായിരുന്ന ശ്രീമതി.വി.കുഞ്ഞിമാണിക്കം ടീച്ചറുടെതാണ്.ഞങ്ങള്‍ പല തലമുറകളുടെ പ്രിയപ്പെട്ട അദ്ധ്യാപിക.വ്യക്തിപരമായും കുടുംബ പരമായും ഏറ്റവും വലിയ അടുപ്പം എക്കാലത്തും അവര്‍ക്കുണ്ടായിരുന്നത് അടിമുടി കമ്മ്യുണിസ്റ്റ് കുടുംബമായിരുന്ന ഞങ്ങളുമായാണ്. ഈ അടുപ്പവും സ്നേഹവുമൊന്നും നിശിതമായ രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ കാരണമാക്കിയിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെയും രോഗങ്ങളുടെയും അവശതയില്‍ ഇപ്പോഴും കരിവെള്ളൂരില്‍ അവര്‍ ജീവിച്ചിരിപ്പുണ്ട്.അവരുടെ മകള്‍ ശ്യാമളയുടെ മകനാണ് ദീര്‍ഘകാലം സ:എ.കെ ജി പ്രസിഡന്റ് ആയിരുന്ന ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ഇന്നത്തെ അഖിലേന്ത്യാ ജോയിന്‍റ്സെക്രട്ടറിയും സിപിഐ (എം) കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സ:വിജു കൃഷ്ണന്‍ .

ജെ എന്‍ യു വിലെ പഴയ എസ് എഫ് ഐ നേതാവും യുണിയന്‍ ചെയര്‍മാനുമായിരുന്ന വിജു പഠന ശേഷം കോളേജ് അധ്യാപകനായിരിക്കെ ജോലി രാജി വെച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചു.അമ്മമ്മയുടെ അഭിപ്രായമറിയാന്‍ വിജു കരിവെള്ളൂരിലെ വീട്ടിലെത്തി.പഴയ കോണ്ഗ്രസ്സിന്റെ വനിതാ നേതാവായിരുന്ന ടീച്ചര്‍ വിജുവിന്റെ തീരുമാനം സന്തോഷപൂര്‍വ്വം അംഗീകരിച്ചു. “നിന്റെ തീരുമാനം അതാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ. നീ നമ്മുടെ നാടിന്റെ ഒരു നേതാവായി വളരണം. ഒരു സാധാരണ നേതാവായിട്ടല്ല. എ കെ ജിയെപ്പോലെ ഒരു വലിയ നേതാവാകണം.” സ:വിജു കൃഷ്ണന്‍ രാജസ്ഥാനിലും വടക്കെ ഇന്ത്യന്‍ ഗ്രാമങ്ങളിലും ശക്തിപ്പെട്ടു കഴിഞ്ഞ വലിയ കര്‍ഷക സമരങ്ങളുടെ മുന്‍ നിര നേതാവാണിപ്പോള്‍.ഇന്ത്യന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രതീക്ഷാപൂര്‍വം ഉറ്റു നോക്കേണ്ട നേതാവ്.

ബലറാം…ലോട്ടറിയടിച്ചപോലെ തൃത്താല എം എല്‍ എ പട്ടം കിട്ടിയ ആളൊന്നുമല്ല ഞങ്ങളുടെ നാട്ടിലെ കുഞ്ഞു മാണിക്കം ടീച്ചര്‍.പക്ഷേ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരിയായിരുന്ന അവര്‍ക്കും അറിയാമായിരുന്നു ഒരു ജനനേതാവ് എന്നാല്‍ ചൂണ്ടിക്കാണിക്കേണ്ട ഏറ്റവും വലിയ മാതൃകയുടെ പേര് എ കെ ജി എന്നാണെന്ന്. ബയോ ഡാറ്റയില്‍ എഴുതി നിറച്ച എത്രയോ ബിരുദങ്ങളുടെ നിരകള്‍,രണ്ടുതവണയും തെരഞ്ഞെടുപ്പു വിജയം നേടുന്ന രാഷ്ട്രീയ കൌശലങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധക കൂട്ടങ്ങളിലെ ആറാടിനില്‍ക്കല്‍ എല്ലാം എത്ര നിരര്‍ത്ഥകമാണ് ബാലറാം?ഒരു തരിമ്പു പോലും സംസ്ക്കാരമില്ലാത്ത ഒരാള്‍ക്ക്‌ ഇതുകൊണ്ടെല്ലാം എന്തു പ്രയോജനം?വായയ്ക്ക് തോന്നിയത് കോതയ്ക്കുപാട്ട് ശൈലിക്കാരായ പലരും രാഷ്ട്രീയത്തില്‍ ഉണ്ട്.മുന്‍പും ഇപ്പോഴും.അവരെയെല്ലാം റദ്ദ് ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയുടെ മത്സര പരീക്ഷയിലെ വിജയിയായ താങ്കള്‍. തീര്‍പ്പുകളില്‍ സംശയത്തിന്റെ വിത്തെറിയുക,ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ നേതൃ രൂപങ്ങളെ അടിച്ചുടക്കുക .ഇതെല്ലാം ഫാഷിസ്റ്റ് കളുടെ രീതീ ശാസ്ത്രമാണ്.നിങ്ങള്‍ പയറ്റുന്നത് സംഘികളുടെ ചിന്തയും പ്രയോഗവുമാണ്.കേരളത്തില്‍ നിന്നു ആദ്യം സംഘി പാളയത്തില്‍ എത്തുന്ന കോണ്ഗ്രസ് നേതാവ് ബാലറാം ആയിരിക്കും എന്നതില്‍ ആര്‍ക്കും സംശയം വേണ്ട.നിങ്ങളുടെ രക്ഷകരായി വാളും പരിചയുമെടുത്ത് ഇറങ്ങിയവരെ നോക്കൂ.എല്ലാം കറയറ്റ സംഘികള്‍ .

ഒരു മാപ്പും നിങ്ങളെ രക്ഷിക്കില്ല.ചരിത്ര ബോധം എന്നത് പി എസ് സി പരീക്ഷ എഴുതാന്‍ പഠിക്കുന്നത് പോലെ പഠിക്കേണ്ട ഒന്നല്ല മനസ്സു കൊണ്ടും ഹൃദയം കൊണ്ടും അനുഭവിച്ചറിയണം.പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് അതിന്റെ ആദ്യ പടിയാണ്.ഈ വലിയ പിതൃഹത്യയ്ക്ക് ഒരു ശിക്ഷയും നിങ്ങള്‍ക്ക് ആരും വിധിക്കില്ല.കാരണം നിങ്ങള്‍ എന്നെന്നേക്കുമായി അവസാനിച്ചു കഴിഞ്ഞു.ഒരു മൃതദേഹത്തോടും ആരും ഉരിയാടാറില്ല.ദയവായി ഒരുവാക്കുപോലും മിണ്ടാതെ രാഷ്ട്രീയം ഉപേക്ഷിച്ചു കേരളത്തിന്‍റെ പൊതു സമൂഹ മണ്ഡലത്തിൽ നിന്നു തന്നെ ഇറങ്ങിപ്പോകൂ ഒരു നിമിഷം പോലും കളയാതെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍