UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ മാധ്യമങ്ങളും ഞങ്ങള്‍ ആരോഗ്യവകുപ്പും മറ്റെവിടുത്തെക്കാളും ജാഗ്രതയോടെ നില്‍ക്കുമ്പോള്‍ ഏതെങ്കിലും അസുഖം നമ്മടെ കണ്ണില്‍പ്പെടാതെ പോകുമോ: ശൈലജ ടീച്ചര്‍

പനികളെല്ലാം കൂടി കേരളത്തിലേക്ക് വരുന്നൂ എന്നു പറയുന്നതില്‍ കാര്യമില്ല, ചിലര്‍ അങ്ങനെ പറഞ്ഞുനടക്കുന്നുണ്ടെന്നും മന്ത്രി

രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ലെന്നും എന്നാല്‍ മറ്റിടങ്ങളിലേക്കാള്‍ വേഗത്തില്‍ അസുഖങ്ങള്‍ കണ്ടെത്താനും അവ പ്രതിരോധിക്കാനും ഇവിടെ സാധിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഒരസുഖവും നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നില്ലെന്നും അതിനു കാരണം, ഇവിടുത്തെ മാധ്യമങ്ങള്‍ ലോകത്തൊരിടത്തും ഇല്ലാത്ത മാധ്യമങ്ങളെക്കാള്‍ ജാഗ്രതയുള്ളവരായതും ലോകത്ത് ഒരിടത്തുമില്ലാത്ത ആരോഗ്യവകുപ്പിനെക്കാള്‍ ജാഗ്രത പുലര്‍ത്തുന്നവരാണ് കേരളത്തിലെ ആരോഗ്യവകുപ്പ് എന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ എന്തുകൊണ്ട് നിപ ആവര്‍ത്തിക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ശൈലജ ടീച്ചറുടെ ഈ വാക്കുകള്‍.

കേരളത്തില്‍ ഒരു അസുഖം പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. നമുക്കത് കണ്ടുപിടിക്കാനും അതിനെതിരേ നടപടിയെടുക്കാനും സാധിക്കുന്നു. നിപ പുതിയതായയി വന്നൊരു അസുഖമാണ്(newly emerging zoonosis). മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യയില്‍ തന്നെ സിലിഗുരിയില്‍ എന്നിവിടങ്ങളിലെല്ലാം ഈ അസുഖം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല നിപ ആവര്‍ത്തിച്ചത്. ബംഗ്ലാദേശിലും നിപ ഉണ്ടായതിന്റെ അടുത്ത വര്‍ഷം വീണ്ടും വന്നിരുന്നു. നിപ ഉണ്ടായിടത്തെല്ലാം വീണ്ടും ആവര്‍ത്തിച്ചിട്ടുമുണ്ട്; ആരോഗ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ വന്നു, നാളെ ചിലപ്പോള്‍ കര്‍ണാടകയിലോ തമിഴ്‌നാട്ടിലോ മറ്റെവിടെയെങ്കിലും ആകാം. അതുകൊണ്ട് പനികളെല്ലാം കൂടി കേരളത്തിലേക്ക് വരുന്നൂ എന്നു പറയുന്നതില്‍ കാര്യമില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ചിലര്‍ അങ്ങനെ പറഞ്ഞുനടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എച്ച് വണ്‍ എന്‍ വണ്‍ കേരളത്തില്‍ മാത്രമല്ല, ലോകത്താകെ വന്നിട്ടുണ്ട്. പക്ഷേ, ഇത്തരം അസുഖങ്ങള്‍ കേരളത്തില്‍ നമ്മള്‍ പെട്ടെന്നു കണ്ടു പിടിക്കും, കാരണം ഇവിടുത്തെ മാധ്യമങ്ങള്‍ ലോകത്തൊരിടത്തും ഇല്ലാത്ത മാധ്യമങ്ങളെക്കാള്‍ വിജിലന്റ് ആണ്, ഞങ്ങള്‍ ലോകത്ത് ഒരിടത്തുമില്ലാത്ത ആരോഗ്യവകുപ്പിനെക്കാള്‍ വിജിലന്റ് ആണ്. അതുകൊണ്ട് നമ്മുടെ ആരുടെയും കണ്ണില്‍പ്പെടാതെ ഇവന്മാരു പോകില്ല. അപ്പോള്‍ നമ്മള്‍ ഇടപെടാന്‍ തുടങ്ങും; ആരോഗ്യമന്ത്രി പറയുന്നു. മറ്റിടങ്ങളില്‍ ആളുകള്‍ പനി വന്നും തല കറങ്ങി വീണുമൊക്കെ മരിക്കുന്നുണ്ട്. പക്ഷേ അതിന്റെയൊന്നും കാരണങ്ങള്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല എന്നാണ് ശൈലജ ടീച്ചര്‍ ചൂണ്ടിക്കാണിക്കുന്നത്. എച്ച് വണ്‍ എന്‍ വണ്‍ മരണങ്ങള്‍ കേരളത്തെക്കാള്‍ കൂടുതല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ കേരളം അവരില്‍ നിന്നു വ്യത്യസ്തമാണെന്നും, ഇവിടെ ഓരോ മരണത്തിന്റെയും കണക്ക് സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും, സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കില്‍ മാത്രം തൃപ്തിയില്ലാത്തതുകൊണ്ട് എല്ലാ സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് അവിടെ സംശയം തോന്നിപ്പിക്കുന്ന മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന വിവരം ശേഖരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിക്കുന്നു. കണക്കുകള്‍ മറച്ചു വച്ച് കസര്‍ത്ത് കാണിക്കയല്ല ചെയ്യുന്നത്. യഥാര്‍ത്ഥ കണക്ക് മുന്നില്‍ വന്നിട്ട്, അതുവച്ചുകൊണ്ട് ഇതിനെ പ്രതിരോധിക്കലാണ് നമ്മള്‍ ചെയ്യുന്നത്. അതുകൊണ്ട് ഈ അസുഖങ്ങളെല്ലാം കേരളത്തില്‍ മാത്രം പൊട്ടിപ്പുറപ്പെട്ടതാണെന്ന് ആരും കരുതേണ്ടതില്ല. കേരളത്തില്‍ ഒരു രക്ഷയുമില്ലെന്നും കരുതേണ്ട. ലോകത്താകെ ഇത്തരം അസുഖങ്ങള്‍ വരുന്നുണ്ട്. അമേരിക്കയെ പോലത്തെ സമ്പന്ന രാഷ്ട്രങ്ങള്‍ പോലും ഇത്തരം അസുഖങ്ങളുടെ ഭീതിയിലാണ്. അവര്‍ പോലും ഇപ്പോള്‍ നമ്മളില്‍ നിന്നും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിപയെ പ്രതിരോധിച്ചപ്പോള്‍ നമ്മളെ വിളിച്ചുകൊണ്ടുപോയി ചര്‍ച്ച നടത്തിയിരുന്നു. ചെറിയ സമയം കൊണ്ട് എങ്ങനെ പ്രതിരോധിച്ചു എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. ഇതൊക്കെ കൊണ്ട് നമ്മള്‍ വലിയ രാജാക്കന്മാരായി പോയി എന്നു വിചാരിക്കേണ്ട. നമുക്കിനിയും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിന് അവരുടെയെല്ലാം സഹായം വേണം. നമ്മുടെ കണ്ണ് നമ്മളെക്കാള്‍ മോശമായി പെര്‍ഫോം ചെയ്യുന്നവരില്‍ അല്ല, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളൊക്കെയാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്. അവര്‍ ചെറിയ ജനസംഖ്യയും വലിയ പൈസയുമൊക്കെയുള്ള രാജ്യങ്ങളാണെന്നത് വേറെ കാര്യം. പക്ഷേ അവരില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെയുണ്ട്, ആരോഗ്യവകുപ്പ് ഉണ്ട്, ജാഗ്രതയോടെ നില്‍ക്കുന്ന മാധ്യമസമൂഹമുണ്ട്; ആരോഗ്യമന്ത്രി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍