UPDATES

മുരുഗന്റെ മരണം ഏത് കണക്കില്‍ കൂട്ടും? കേരള മോഡല്‍ വേണ്ടത് പരസ്യത്തിലല്ല, പ്രവര്‍ത്തിയിലാണ്

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ പോലും ആവശ്യത്തിന് വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറയുന്നത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ്

ഡല്‍ഹിയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച കേരളം ഒന്നാം സ്ഥാനത്തെന്നുള്ള പരസ്യമായിരുന്നു ഇന്നലെ രാവിലെ മുതല്‍ ചര്‍ച്ച. അതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആ ചര്‍ച്ചകളെ ഏറ്റെടുക്കുകയും കേന്ദ്രസര്‍ക്കാരിനുള്ള കൊട്ടായി അതിനെ കാണക്കാക്കുകയും ചെയ്തു. കേരളത്തില്‍ ക്രമസമാധാന നില തകരാറിലാണെന്ന് വരുത്തി തീര്‍ത്ത് രാഷ്ട്രപതി ഭരണത്തിനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കുറച്ചുകാലമായുള്ള ശ്രമങ്ങളെന്ന് ആരോപണം ഉയരുന്നുണ്ട്. അതോടൊപ്പം കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ പരസ്യമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണെന്ന് പറയാനുള്ള കാര്യകാരണങ്ങള്‍ സഹിതം വന്ന പത്രപരസ്യം കേന്ദ്രസര്‍ക്കാരിന് തിരിച്ചടി തന്നെയാണ്.

ഇടതുസര്‍ക്കാരിനോട് അനുഭാവമുള്ളവരും സംഘപരിവാര്‍ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ളവരുമായ നിരവധി പേര്‍ ഫേസ്ബുക്കിലെ ആപ്പുപയോഗിച്ച് തങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിനൊപ്പം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാന കേരളം എന്ന പരസ്യവാചകവും ഉപയോഗിക്കാന്‍ തുടങ്ങി. പതിനായിരത്തിലേറെ പേരാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ പരസ്യവാചകം തങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പരസ്യത്തിന് കിട്ടിയ സ്വീകാര്യത അതില്‍ നിന്നുതന്നെ വ്യക്തമാണ്. ഈ പരസ്യത്തില്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെത്തിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പറയുന്നുണ്ട്. ഭരണത്തിലെ മികവ് തന്നെയാണ് അതില്‍ ഒന്ന്. ആരോഗ്യരംഗത്തെ മികവും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുന്നു.

അതിന് തൊട്ടുപിന്നാലെ കേരള മോഡലിന് അങ്ങേയറ്റം അപമാനകരമായ ഒരു സംഭവവും ഈ നാട്ടിലുണ്ടായിരിക്കുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു യുവാവിനെയും കൊണ്ട് അഞ്ച് സ്വകാര്യ ആശുപത്രികളിലും ഒരു സര്‍ക്കാര്‍ ആശുപത്രിയിലും മണിക്കൂറുകളോളം കയറിയിറങ്ങിയിട്ടും ചികിത്സ ലഭിക്കാതെ വന്നു. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്റര്‍ സൗകര്യമില്ല, ന്യൂറോ സര്‍ജന്‍ ഇല്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്‌നാട് സ്വദേശിയായ യുവാവിനെ ഒഴിവാക്കിയത്. ഒടുവില്‍ ഇന്നലെ രാവിലെയോടെ ഇയാള്‍ മരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച സ്വകാര്യ ആശുപത്രികളുടെ നടപടിയും വെന്റിലേറ്റര്‍ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വാദവും അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയ അഞ്ച് സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ പല മെഡിക്കല്‍ കോളേജുകളിലും ആവശ്യത്തിന് വെന്റിലേറ്റര്‍ സൗകര്യങ്ങളില്ലെന്ന് പല ഡോക്ടര്‍മാരും സമ്മതിക്കുന്നു. അതേസമയം സ്വകാര്യ ആശുപത്രികള്‍, അത്യധികം ഗുരുതരാവസ്ഥയിലുള്ള മുരുഗന്‍ എന്ന രോഗിയില്‍ നിന്നും പണം ലഭിക്കില്ലെന്ന തിരിച്ചറിവില്‍ ഒഴിവാക്കാന്‍ തന്നെയാകും ശ്രമിച്ചതെന്നാണ് അറിയുന്നത്. കോടതിയില്‍ അവര്‍ അത് അംഗീകരിച്ചില്ലെങ്കിലും ഇവിടുത്തെ പല സ്വകാര്യ ആശുപത്രികളുടെയും പൊതുവായ രീതി ഇതായതിനാലാണ് ഒരു സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ആംബുലന്‍സിലെ വെന്റിലേറ്ററില്‍ നിന്നും പുറത്തേക്കെടുത്താല്‍ മുരുഗന്റെ മരണം സംഭവിക്കുമായിരുന്നുവെന്ന വാദവും ഇവിടെ ആശുപത്രികള്‍ക്ക് ചൂണ്ടിക്കാട്ടാം. എന്നിരുന്നാലും ഒരു രോഗിയെ മരണത്തിലേക്ക് തള്ളിവിട്ട ഈ ആശുപത്രികളുടെ നടപടി കേരള മോഡലിന് നാണക്കേടാണ്. സുപ്രിം കോടതി വിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണ് ഇത്. കേരളം ഒന്നാമത് എന്ന പത്രപരസ്യം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത് അത്ര ചെറിയ കാര്യമല്ല. ഇനി ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാ ജില്ലകളിലും ട്രോമ കെയര്‍ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു പറയുന്നുണ്ട്. എന്നിരുന്നാലും ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത് കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിനെ സംബന്ധിച്ച് നാണക്കേടാണെന്ന് മറക്കരുത്. അതിനാല്‍ തന്നെ ആരോഗ്യവകുപ്പ് ഇടപെട്ട് ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അതിന് ഇത്തരം പരസ്യങ്ങളല്ല, ആര്‍ജ്ജവമുള്ള ഭരണമാണ് പ്രധാനമായും വേണ്ടത്.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ പോലും ആവശ്യത്തിന് വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറയുന്നത് ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടാണ്. അതും റോഡ് അപകടങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാട്ടില്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇതേ ശൈലജ ടീച്ചര്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് ആശുപത്രി ജീവനക്കാരെ ശാസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇവിടുത്തെ ആരോഗ്യ മേഖല ശരിയായ ദിശയിലാണെന്ന പ്രതീക്ഷ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ആ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത് പരസ്യങ്ങളല്ല പ്രവര്‍ത്തികളാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍