UPDATES

ട്രെന്‍ഡിങ്ങ്

വൈത്തിരിയിലേത് ‘ഓപ്പറേഷൻ അനാക്കൊണ്ട’; പൂര്‍വമാതൃക അഫ്ഗാനിലെ അമേരിക്കന്‍ സേന

കഴിഞ്ഞ ഡിസംബറിലാണ് മാവോയിസ്റ്റുകൾക്കെതിരെ ഓപ്പറേഷൻ അനാക്കൊണ്ട എന്നപേരിൽ പദ്ധതി തയ്യാറാക്കിയത്

വയനാട് വൈത്തിരിയിൽ ഇന്നലെ പോലീസുമായുണ്ടായ മാവോവാദികളുടെ എറ്റുമുട്ടൽ കേരള പോലീസിന്റെ ഓപ്പറേഷൻ അനാക്കൊണ്ടയുടെ ഭാഗമെന്ന് വിശദീകരണം. കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്റെ ഭാഗമായി വയനാട്ടിലെ വനമേഖലയിൽ കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയരുന്നതായും അദ്ദേഹം പറയുന്നു. സംഭവത്തിന് ശേഷവും കേരള, കർണാടക വനാതിർത്തിയിൽ സായുധ സേനയുടെ തെരച്ചിൽ തുടരുകയാണ്. മാവോയിസ്റ്റുകളുടെ പ്രത്യാക്രമണവും കണക്കിലെടുത്ത് വയനാടിന്റെ വിവിധയിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിൽ പെട്ട മറ്റുള്ളവരെ ജീവനോടെ പിടികൂടാനാണ് പൊലീസിന് ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.

കണ്ണൂര്‍ അമ്പായത്തോട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘം തോക്കുമായി പ്രകടനം നടത്തിയെന്നും ലഘുലേഖ വിതരണം നടത്തിയെന്നുമുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് ഇന്നലെത്തെ ഏറ്റുമുട്ടലിലേക്ക് നയിച്ച തിരച്ചിൽ ആരംഭിച്ചത്. ജനുവരി ആദ്യവാരത്തിലായിരുന്നു തിരച്ചിൽ നടപടികൾ തുടങ്ങിയത്. നാലു മാസമായി വയനാട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വനാതിര്‍ത്തികളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ഓപ്പറേഷൻ അനാക്കൊണ്ട

കഴിഞ്ഞ ഡിസംബറിലാണ് മാവോയിസ്റ്റുകൾക്കെതിരെ ഓപ്പറേഷൻ അനാക്കൊണ്ട എന്നപേരിൽ പദ്ധതി തയ്യാറാക്കിയത്. സംസ്ഥാന പോലീസിലെ തണ്ടര്‍ ബോള്‍ട്ട്, നക്‌സല്‍ വിരുദ്ധ സേന, സായുധസേനാ ബറ്റാലിയന്‍, ലോക്കല്‍ പോലീസ് വിഭാഗവും സംയുക്തമായാണ് അനാക്കൊണ്ടയുമായി സഹകരിക്കുന്നത്.

Also Read: വൈത്തിരി റിസോര്‍ട്ടില്‍ പോലീസ് വെടിവച്ചു കൊന്ന സി.പി ജലീല്‍ ആരാണ്?

കേരളത്തിൽ മാവോയിസ്റ്റ് ബാധിതമായി കണക്കാക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലെ തിരച്ചിലുകൾക്കായാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) പ്രവർത്തരുടെ സാന്നിധ്യം ഈ പ്രദേശത്ത് ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു മാവോയിസ്റ്റ് വിരുദ്ധ നീക്കം ആരംഭിച്ചത്. തണ്ടർ ബോള്‍ട്ടിന്റെ നേതൃത്തിലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ പുരോഗമിച്ചിരുന്നത്.

തണ്ടർബോൾട്ട്

സംസ്ഥാനം നേരിടുന്ന മാവോയിസ്റ്റ് ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു കേരള പോലീസ് തണ്ടർബോൾട്ട് എന്ന തദ്ദേശീയ കമാന്‍ഡോ സംഘം രൂപീകരിക്കുന്നത്. ദേശീയ തലത്തില്‍ തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍ക്കായുള്ള ദേശീയ സുരക്ഷാ ഗാർഡ്സ് (എൻഎസ്ജി) കമാന്‍ഡോ സംഘത്തിന്റെ മാതൃകയിലുള്ള സംഘമാണ് കേരള തണ്ടർ ബോൾട്ട്. ഓപ്പറേഷൻ , പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് വിഭാഗങ്ങളാണ് തണ്ടർ ബോൾട്ടിനുള്ളത്. തീവ്രവാദ ആക്രമണം മുതൽ വിമാനം റാഞ്ചൽ വരെ നേരിടാന്‍ സജ്ജരായ ഇരുന്നൂറോളം കമാൻഡോകളാണ് സംഘത്തിലുള്ളതെന്നാണ് പോലീസ് അവകാശപ്പെടുന്നത്. തണ്ടർബോൾട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നാൽപ്പത് വയസ്സുവരെ കമാൻഡോകളായി തുടരാനാവും. എൻഎസ്ജി, ആന്ധ്രാപ്രദേശിലെ ‘ഗ്രേ ഹൗണ്ട്സ്’, തമിഴ്‌നാട്ടിലെ ‘തമിഴ്‌നാട് കമാൻഡോസ്’ എന്നിവയുടെ മാതൃകയിലുള്ള കഠിന പരിശീലനങ്ങളാണ് തണ്ടർബോൾട്ടിന് ലഭിക്കുക.

ഓപ്പറേഷൻ അനാക്കൊണ്ട (അഫ്ഗാനിസ്ഥാൻ)

അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക നീക്കത്തിന്റെ ഭാഗമായി അൽ ക്വയിദ, താലിബാൻ എന്നിവയ്ക്കെതിരെ ചാരസംഘനയായ സിഐഎ യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കവും ഓപ്പറേഷൻ അനാക്കോണ്ട എന്ന പേരിലായിരുന്നു. അഫ്ഗാന്റെ തെക്കുകിഴക്കൻ മേഖലയിലെ ഷായ്-കോട്ട് വാലി, അർമ മലനിരകൾ എന്നിവിടങ്ങളിലായിരുന്നു ഈ സൈനിക നീക്കം. 2001 ലെ അഫ്ഗാൻ യുദ്ധത്തിന് ശേഷം അവിടെ നടന്ന വലിയ സൈനിക നീക്കങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ അനാക്കൊണ്ട.

യുഎസ് സൈന്യം നേരിട്ട് ഏകോപിപ്പിച്ച അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സൈനിക നീക്കം കൂടിയായിരുന്നു ഇത്. 2002 മാർച്ച് 2 മുതൽ 16 വരെ നീണ്ടുനിന്ന സൈനിക നീക്കത്തിൽ 500-ഓളം തീവ്രവാദികളെ കൊലപ്പെടുത്തിയെന്നായിരുന്നു യുഎസ് അവകാശവാദം. എന്നാൽ 23 മൃതശരീരങ്ങള്‍‌ മാത്രമാണ് കണ്ടെത്തിയതെന്ന് പിന്നീട് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. യുഎസിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഇതിന് ശേഷം ഉയർന്ന്. കണക്കുകൾ പ്രകാരം 1700 യുഎസ് സൈനികരും, 1000ത്തോളം അഫ്ഗാൻ പ്രാദേശിക സേനകളും നീക്കത്തിൽ പങ്കാളികളായെന്നാണ് റിപ്പോർട്ടുകൾ. 1000തോളം തീവ്രവാദികൾ മേഖലയിലുണ്ടെന്ന് കണക്കാക്കിയായിരുന്നു നീക്കം.

Also Read: മാവോയിസ്റ്റുകള്‍ ആദിവാസികളുടെ ഭക്ഷണസാധനങ്ങള്‍ വരെ തട്ടിയെടുക്കും; ഏറ്റുമുട്ടലിനെ ന്യായീകരിച്ച് സിപിഎം എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍