UPDATES

വൈറല്‍

അങ്ങനെ ഞങ്ങളായിട്ട് മാറിനില്‍ക്കുന്നില്ലെന്ന്; കുത്തിപ്പൊക്കലുമായി കേരള പൊലീസും

25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ ഇത് കുത്തിപ്പൊക്കല്‍ കാലമാണ്.ഫേസ്ബുക്ക് അകൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ കമന്റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. ഇതാണ് ട്രോളന്മാര്‍ പറയുന്ന ‘കുത്തിപ്പൊക്കല്‍’ എന്ന പ്രതിഭാസം. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തൊട്ട് കുത്തിപ്പൊക്കലിന്റെ ഇരകളായി തീര്‍ന്നവര്‍ നിരവധിയുണ്ട്. ഫെയ്‌സ്ബുക്കിലെ കുത്തിപ്പൊക്കല്‍ മലയാളികള്‍ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ മുതല്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം കുത്തിപ്പൊക്കലിന് ഇരകളാക്കിയിട്ടുണ്ട്. ഫോട്ടോകള്‍ കൊണ്ടുള്ള കളിയാക്കലിന് അപ്പുറം രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും മുന്‍നിലപാടുകള്‍ എന്തായിരുന്നുവെന്ന് കാണിക്കാനും ഈ കുത്തിപ്പൊക്കല്‍ ഉപയോഗിച്ചിട്ടുണ്ട് പലരും.

ഇപ്പോഴിതാ കേരള പൊലീസും ഈ കുത്തിപ്പൊക്കലിന് തയ്യാറായിരിക്കുകയാണ്. പൊലീസ് വ്യാപകമായ വിമര്‍ശനത്തിന് കീഴടങ്ങി നില്‍ക്കേണ്ടി വരുന്നൊരു സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനുതകുന്നൊരു ഫോട്ടയാണ് പൊലീസുകാര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ മൈല്‍കുറ്റിയുടെ മറവില്‍ രക്ഷതേടുന്ന പൊലീസുകാരുടെ ഫോട്ടോയാണ് കേരള പൊലീസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാതൃഭൂമിയിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന രാജന്‍ പൊതുവാള്‍ പകര്‍ത്തിയ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഒരുകുറിപ്പും കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ്;

കുത്തിപ്പൊക്കലിന്റെ കാലമല്ലേ….
ഞങ്ങളും നോക്കിനില്‍ക്കരുതല്ലോ!
(പ്‌ളീസ് പൊങ്കാലയിടരുത് …. )

ഇരുപത്തഞ്ച് കൊല്ലം മുമ്പ് നടന്ന സംഭവമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനിടെ തലയ്ക്കു പരുക്കേറ്റ പോലിസുദ്യോഗസ്ഥന്‍ കല്ലേറില്‍ നിന്നും രക്ഷപ്പെടാനായി മൈല്‍കുറ്റിയുടെ മറവില്‍ ഒളിക്കുന്നു…

ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ. ആയിരുന്ന ശ്രീ.എസ്.സുരേഷ്‌കുമാര്‍ അന്ന് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ താല്‍ക്കാലികമായി ഡ്യൂട്ടിക്ക് എത്തിയതായിരുന്നു. അദ്ദേഹം 2017ല്‍ െ്രെകംബ്രാഞ്ച് എസ്.പി.ആയി സര്‍വീസില്‍ നിന്നും വിരമിച്ചു.

അക്കാലത്തു ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ ഈ ചിത്രം പകര്‍ത്തിയത് മാതൃഭൂമിയിലെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന ശ്രീ.രാജന്‍ പൊതുവാള്‍ ആണ്.

കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളുമൊക്കെയായി ഓരോ ദിവസവും ഉണ്ടാക്കുന്ന വിവാദങ്ങളും അതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ പൊലീസിനു നേരിടേണ്ടി വരുമ്പോള്‍ തങ്ങളുടെ യാതനകളും ഉത്തരവാദിത്വങ്ങളും എന്താണെന്ന് പൊതുജനത്തിനെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമം എന്ന നിലയിലായിരിക്കണം പഴയൊരു ഫോട്ടോ ഷെയര് ചെയ്ത് കേരള പൊലീസും കുത്തിപ്പൊക്കലെന്നും പറഞ്ഞു വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍