UPDATES

ട്രെന്‍ഡിങ്ങ്

62,000 കുടുംബങ്ങളെ സംരക്ഷിക്കും; മടിക്കുന്നതെന്തിന്, ഒരു കയ്യടി കൊടുക്കൂ കേരള പോലീസിനും

ദുരിതമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി 40,000 ത്തോളം പോലീസുകാരെയും വിന്യസിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താന്‍ പങ്കാളികളാവുകയും, 53,000ത്തിലധികം പേരെ പോലീസുകാര്‍ നേരിട്ട് രക്ഷപ്പെടുത്തുകയും ചെയ്തു.

മരണം മുന്നില്‍ കണ്ടുനിന്നിരുന്ന 53,000 പേരെ ഓപ്പറേഷന്‍ ജലരക്ഷയിലൂടെ രക്ഷിച്ച കേരളാ പോലീസ് പക്ഷേ പിന്‍വാങ്ങുന്നില്ല. ഓപ്പറേഷന്‍ ജലരക്ഷ -2 എന്നപേരില്‍ ലോക്കല്‍ പോലീസുള്‍പ്പെടെ 30,000 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുനരധിവാസത്തിലും പങ്കാളികളാവുകയാണ് കേരളത്തിന്റെ സ്വന്തം സേന. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കുള്ള മടക്കത്തിനും പോലീസ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പോലീസ് മേധാവി കഴിഞ്ഞ ദിവസം അറിയിച്ചു.

ദുരിത മേഖലകളില്‍ വിവധ സൈനിക വിഭാഗങ്ങള്‍ പൂര്‍ണ്ണസജ്ജരായി രംഗത്തിറങ്ങിയപ്പോള്‍ കേരളം മുഴുവന്‍ അവരെ ശ്രദ്ധിച്ചിച്ചു. കാരണം ഹെലികോപ്റ്ററടക്കം പരിചയമില്ലാത്ത പല തരത്തിലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം. അപ്പോഴും ജനങ്ങളക്കൊപ്പം നിന്നിരുന്ന കേരളത്തിന്‍െ സ്വന്തം പോലീസ് സേന അപ്പോള്‍ വിശ്രമിക്കുകയായിരുന്നില്ല. തങ്ങളുടെ പരിമിതികള്‍ വകവയ്ക്കാതെ സ്വന്തം ജനങ്ങളെ സംരക്ഷിക്കാന്‍ കര്‍മ്മനിരതനായിരുന്നു അവര്‍. വലിയ ബെല്‍റ്റും, തൊപ്പിയും ഷൂസും ഒഴിവാക്കി കൈലിയും, മറ്റ് വസ്ത്രങ്ങളിലുമായി സജീവമായ അവരെ പക്ഷേ പലരും തിരിച്ചറിഞ്ഞില്ലെന്നുമാത്രം.

ദുരിതമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി 40,000 ത്തോളം പോലീസുകാരെയും വിന്യസിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താന്‍ പങ്കാളികളാവുകയും, 53,000ത്തിലധികം പേരെ നേരിട്ട് രക്ഷപ്പെടുത്തുകയും ചെയ്തു. പൂര്‍ണമായും സജ്ജമായിരുന്നു പോലീസിന്റെ സാങ്കേതിക വിഭാഗം. ദുരിതം നേരിടാന്‍ ജില്ലാതലങ്ങളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമുകളില്‍ സഹായഭ്യര്‍ഥന പ്രവാഹം വര്‍ധിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ 10 ലൈനുകളുടെ ഒരു ഹെല്‍പ് ലൈനും ആരംഭിച്ചു. ഇതിനു പുറമേയാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ പ്രവര്‍ത്തനം ഏകോപിക്കുന്നതില്‍ സേനയുടെ ഇടപെടലുകള്‍. പോലീസിന്റെ 2,276 വാഹനങ്ങളും ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

ദുരിത ബാധിത മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നതിലും വിവിധ ഇടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് മാതൃകാപരായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ തുമ്പ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ തങ്ങള്‍ക്ക് ലഭിച്ച പോലീസിന്റെ പിന്തുണ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളി രക്ഷാ സേനയിലെ അംഗമായ സാജു ലീനാണ് ഇക്കാര്യം പറയുന്നതിങ്ങനെ. ’16 ന് രാത്രി പുറപ്പെട്ട സംഘത്തിന് ഇന്ധനവും, വാഹനവും സംഘടിപ്പിച്ച് നല്‍കിയതും പോലൂസുകാരാണ്. ചിലവിനുള്ള പണവും നല്‍കിയാണ് തുമ്പ പോലീസ് സ്‌റ്റേഷനിലെ എസ് ഐ തങ്ങളെ യാത്രയാക്കിയത്. കൂടെ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നെന്ന് ഉറപ്പുവരുത്താന്‍ അഞ്ച് ഉദ്യോഗസ്ഥരെയും അയയച്ചു. ഇവരുള്‍പ്പെടെയായിരുന്നു രക്ഷാ പ്രവര്‍ത്തനം.’ ഇത്തരത്തില്‍ നിരവധി പോലീസുകാരാണ് തങ്ങളുടെ ജീവന്‍ പോലും അവഗണിച്ച് പ്രളയക്കെടുതിയില്‍ പ്രവര്‍ത്തിച്ചത്. ഇതിന്റെ ഭാഗമായി സമാനതകളില്ലാത്ത നാശവും പോലീസ് സേനയ്ക്ക് സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ യൂണിഫോം, ഷൂ, ക്യാപ്, ബെല്‍റ്റ് ഉള്‍പ്പെടെ കേടുപറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നു പോലീസ് സ്റ്റേഷനുകളും, നിരവധി വാഹനങ്ങളും പ്രളയത്തില്‍ പൂര്‍ണ്ണമായി നശിക്കുകയും ചെയ്തു.

ഇതെല്ലാം ദിവസങ്ങള്‍ക്ക് മുന്‍പത്തെ കഥകള്‍, ഇനി പുനരധിവാസത്തിനും പോലീസ് സംവിധാനം ഇടപെടുകയാണ്. ഓപ്പറേഷന്‍ ജലരക്ഷ -2മായി. ഒരു ഉദ്യോഗസ്ഥന്‍ ഒരു കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുക. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മൂന്ന് കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പോലീസ് വകുപ്പിന്റേതായി കുറഞ്ഞത് പത്തുകോടി രൂപ സമാഹരിച്ച് നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പദ്ധതിയിലൂടെ 62,000 കൂടുംബങ്ങള്‍ക്ക് സ്വാന്ത്വനമാവുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

കൂടാതെ, വളരെ പാവപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വീടു നിര്‍മിച്ചു നല്‍കും. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ജനമൈത്രി സമിതികള്‍ പങ്കാളികളാവും. ഓണക്കാലത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരിത ബാധിതരെ സഹായിക്കുകയും ചെയ്യണമെന്ന് സംസ്ഥാന പോലീസ് മേധാവിതന്നെ ഉദ്യോഗസ്ഥരോട് നേരിട്ട് അഭ്യര്‍ഥിച്ചിരുന്നു. ദുരിത ബാധിത കുടുംബങ്ങളില്‍ നേരിട്ടെത്തി ജനജീവിതം സാധാരണ നിലയിലാകുന്നതുവരെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കും. ലോക്കല്‍ പോലീസിന് പുറമെ എപി ബറ്റാലിയന്‍. വനിതാ ബറ്റാലിയന്‍, ആര്‍ആര്‍എഫ്, ഉദ്യോഗസ്ഥരെ ഇതിനായി
നിയോഗിക്കും.

മോഷണ ശ്രമങ്ങളും മറ്റും തടയുന്നതിന് പെട്രോളിങ്, ക്യാമ്പുകളിലുള്ള കുട്ടികളുടെ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് വിഭാഗം, സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ പരിശോധ എന്നിവയ്ക്ക പുറമെ ക്യാമ്പുകളില്‍ ആവശ്യമായ സ്വകാര്യത ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. ഇനി നടക്കാനിരിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്യത്തില്‍ ലോക്കല്‍ പോലീസ് പങ്കാളികളാവും. ഗതാഗത തടസ്സം മാറ്റുക, വീടുകളില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക, തകര്‍ന്ന റോഡുകളും മറ്റും ഗതാഗതയോഗ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തും.

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍