UPDATES

ട്രെന്‍ഡിങ്ങ്

കേരളം കൈമാറിയത് 90 ലൗ ജിഹാദ് കേസുകളെന്ന് ടൈംസ് ഓഫ് ഇന്ത്യ

ഇത്രയും കേസുകള്‍ കൈമാറിയിരിക്കെയാണ് ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് കേരളം സുപ്രിംകോടതിയില്‍ വാദിച്ചതെന്നും ജന്മഭൂമി

ലൗ ജിഹാദ് ഇല്ലെന്ന് സുപ്രിംകോടതിയില്‍ വാദിക്കുമ്പോള്‍ കേരളം എന്‍ഐഎയ്ക്ക് കൈമാറിയത് 90 ലൗജിഹാദ് കേസുകളെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമി ഇന്ന് ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത കൊടുക്കുകയും ചെയ്തു.

2015 മുതലുള്ള 90 ലൗ ജിഹാദ് കേസുകള്‍ കേരള പോലീസ് എന്‍ഐഎയ്ക്ക് കൈമാറിയെന്ന വിവരമാണ് പുറത്തുവന്നത്. ഇത്രയും കേസുകള്‍ കൈമാറിയിരിക്കെയാണ് ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് കേരളം സുപ്രിംകോടതിയില്‍ വാദിച്ചതെന്നും ജന്മഭൂമി കുറ്റപ്പെടുത്തുന്നു. 90 കേസുകളും നിര്‍ബന്ധിത മതംമാറ്റങ്ങളാണെന്നും പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മതംമാറിയ രണ്ട് പെണ്‍കുട്ടികളെ എന്‍ഐഎ ചോദ്യം ചെയ്യുകയും ചെയ്തു. പാലക്കാട് സ്വദേശി ആതിര നമ്പ്യാര്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി ആതിര എന്നിവരില്‍ നിന്നുമാണ് മൊഴിയെടുത്തത്. ആതിരമാരെയും ഹാദിയയെയും മതംമാറ്റിയതിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് ഹാദിയ പറഞ്ഞെങ്കിലും ഹാദിയയെയും പാലക്കാടുള്ള ആതിര നമ്പ്യാരെയും എസ്ഡിപിഐയുടെ വനിത വിഭാഗം മേധാവി സൈനബ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഹാദിയയെ എന്‍ഐഎ ചോദ്യം ചെയ്തിട്ടില്ല. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം എന്‍ഐഎ അന്വേഷണം തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുന്ന 23 സമാനമായ മതംമാറ്റ കേസുകള്‍ ഉണ്ടെന്ന് എന്‍ഐഎ വക്താക്കള്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നീക്കം ആഭ്യന്തരമന്ത്രാലയം നടത്തുന്നതിനിടെയാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിര്‍ബന്ധിത മതം മാറ്റങ്ങളെല്ലാം പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണോയെന്ന് വ്യക്തമല്ലെന്ന് ഒരു എന്‍ഐഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍