UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അവയവദാനം: കേരളം പിറകില്‍? ഈ വര്‍ഷം ഇതുവരെ ദാനം ചെയ്തത് 52 എണ്ണം മാത്രം

ജീവന്‍ നിലനിര്‍ത്താനും അവയവം സ്വീകരിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനും ആഗ്രഹിച്ച് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് രണ്ടായിരത്തോളം പേരാണ്

അവയവദാനത്തില്‍ മലയാളികള്‍ പിറകോട്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേരള സര്‍ക്കാരിന്റെ സംരംഭമായ മൃതസഞ്ജീവനിയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ നടന്ന അവയവദാനം 52 എണ്ണം മാത്രം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 201 അവയവദാനങ്ങള്‍ നടന്നിരുന്നു. 2012 ഓഗസ്റ്റില്‍ മൃതസഞ്ജീവനി രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും മോശം കണക്കാണിത്. അവയവദാനം പ്രോത്സാഹിപ്പിക്കാനായി മൃതസഞ്ജീവനി രൂപീകരിച്ച വര്‍ഷം നടന്നത് 22 അവയവം മാറ്റിവയ്ക്കലാണ്. 2013ല്‍ അത് 88 ആയി ഉയര്‍ന്നപ്പോള്‍ 2014ല്‍ 156ഉം 2015ല്‍ 218ഉം ആയി വര്‍ധിച്ചു. പക്ഷേ 2016ല്‍ അത് 199 എണ്ണമായി കുറഞ്ഞു. ഈ വര്‍ഷങ്ങളിലെല്ലാം കേരളത്തില്‍നിന്നുള്ള അവയവ ദാതാക്കളുടെ എണ്ണത്തിലും ക്രമാനുഗതമായ വര്‍ധനയാണ് ഉണ്ടായത്. 2012ല്‍ കേരളത്തില്‍നിന്ന് ഒന്‍പതുപേര്‍ മാത്രമാണ് അവയവ ദാതാക്കളായി ഉണ്ടായിരുന്നത് 2013ല്‍ 36ഉം 2014ല്‍ 58ഉം 2015ല്‍ 76ഉം ആയി ഉയര്‍ന്നു. 2016ല്‍ ഇത് 72 ആയി കുറയുകയും ചെയ്തു.

പക്ഷേ ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ കേരളത്തിലെ അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ഇതുവരെ 16 പേര്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള അവയവ ദാതാക്കളായി വന്നത്. അതേസമയം 52 അവയവം മാറ്റിവയ്ക്കലുകള്‍ നടക്കുകയും ചെയ്തു. നാല് ഹൃദയം മാറ്റിവയ്ക്കലും ഒരു ശ്വാസകോശം, 13 കരള്‍, 30 വൃക്ക, ഒരു പാന്‍ക്രിയാസ് എന്നിവയും മാറ്റിവച്ചു. വര്‍ഷം അവസാനിക്കാന്‍ ഒരു മാസം കൂടിയുണ്ടെങ്കിലും മുന്‍വര്‍ഷത്തിന്റെ പകുതിപോലും അവയവങ്ങള്‍ ഈ വര്‍ഷം മാറ്റിവയ്ക്കാനാകില്ല.സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് സ്വകാര്യ ആശുപത്രികള്‍ നിര്‍ത്തിയതും നിയമങ്ങളിലെ സങ്കീര്‍ണതയും ഡോക്ടര്‍മാരുടെ പരാതികളും ജനങ്ങളുടെ വിമുഖതയുമെല്ലാം അവയവം മാറ്റിവയ്ക്കല്‍ രംഗത്തിന് തിരിച്ചടിയായി. മുന്‍ വര്‍ഷങ്ങളില്‍ ശരാശരി എഴുപതോളം മസ്തിഷ്‌ക മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ അത് ഇരുപതോളം മാത്രമാണ്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ ചില ആശുപത്രികള്‍ തട്ടിപ്പുകാണിക്കുന്നുവെന്ന ആരോപണം അവയവം മാറ്റിവയ്ക്കലിനെയും സാരമായി ബാധിച്ചു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടറും പുറത്തുനിന്നുള്ള ഒരു ഡോക്ടറും ഒരു ന്യൂറോ സര്‍ജനും ഒരു സര്‍ക്കാര്‍ ഡോക്ടറും ഉണ്ടായിരിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം.

ആറു മണിക്കൂര്‍ ഇടവിട്ടു മൂന്നുതവണ പരിശോധിക്കണം, ഇതിന്റെ വിഡിയോ ചിത്രീകരിക്കണം, വെന്റിലേറ്റര്‍ നീക്കം ചെയ്യുന്നതിനു മുന്‍പും പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. നിയമപ്രകാരമുള്ള ഡോക്ടര്‍മാരെ കിട്ടാത്തതുള്‍പ്പെടെ പ്രശ്നമാകുന്നുണ്ട്. വിഡിയോഗ്രാഫി വേണമെന്ന് നിര്‍ദേശിക്കുന്നത് തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണെന്ന് ഡോക്ടര്‍മാര്‍ക്ക് അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ തങ്ങള്‍ ചെയ്യുന്ന ചികിത്സയും ശസ്ത്രക്രിയയും പോസ്റ്റ്മോര്‍ട്ടവും ഉള്‍പ്പെടെ എല്ലാം വിഡിയോയില്‍ ചിത്രീകരിക്കണമെന്നും ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നു. പക്ഷേ ഇതൊന്നുമറിയാതെ ജീവന്‍ നിലനിര്‍ത്താനും അവയവം സ്വീകരിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനും ആഗ്രഹിച്ച് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് രണ്ടായിരത്തോളം പേരാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍