UPDATES

ട്രെന്‍ഡിങ്ങ്

വയറു വിശന്ന ആദിവാസിയെ തല്ലിക്കൊന്ന കേരളം ഒരു പുതിയ പൊന്‍തൂവല്‍ കൂടി നേടിയിരിക്കുന്നു

ജാതി വ്യവസ്ഥയുടെ ഏറ്റവും ഭയാനകമായ അനന്തര ഫലമാണ്, രക്തബന്ധം പോലും നിഷ്പ്രഭമാവുന്ന ദുരഭിമാന കൊല

ഫരീദാബാദില്‍ ജുനൈദ് എന്ന ചെറുപ്പക്കാരനെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോള്‍ അതി ശക്തമായി പ്രതികരിച്ച ആളാണ് പിണറായി വിജയന്‍. ജുനൈദിന്റെ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും നിയന്ത്രിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കഴിയുന്നില്ല?

പിണറായി വിജയനോട് പോലീസിന്റെ വയലന്‍സിനെയും അനാസ്ഥയെയും കുറിച്ച് ക്ലാസ്സ് എടുക്കേണ്ട കാര്യമില്ല എന്ന് തന്നെ കരുതുന്നു, പിണറായി വിജയന്റെ കാലിന്റെ ചിരട്ട അടിച്ചു തകര്‍ത്ത് തരിപ്പണമാക്കിയത് സാക്ഷാല്‍ കേരള പോലീസ് തന്നെയാണ്. പോലീസ് മര്‍ദ്ദനത്തിന്റെ ദുരിതമായ കഥ ഇപ്പോഴും പിണറായി വിജയന്‍ മാധ്യമങ്ങളുമായുളള അഭിമുഖങ്ങളില്‍ തുടര്‍ച്ചയായി പറയുന്നുണ്ട്. പോലീസിന്റെ ഇരയായി തീര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ ഭരിക്കുന്ന സമയത്ത് തന്നെയാണ് കൊച്ചി വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന നിരപരാധിയായ യുവാവിനെ ഒരു സംഘം നൊട്ടോറിയസ് പോലീസുകാര്‍ അതിനിഷ്ഠൂരമായി മര്‍ദ്ദിച്ച് കൊന്നത്. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, പോലീസിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഇവയെല്ലാം ചെന്നെത്തി നില്‍ക്കുന്ന ബോഡിങ് പോയന്റ് പിണറായി വിജയന്റെ ആഭ്യന്തര മന്ത്രി കസേരയ്ക്കു മുന്നിലാണ്.

പ്രണയിച്ച പെണ്‍കുട്ടിയെ ജീവിതത്തില്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തയെന്ന ‘മഹാ അപരാധത്തിന്’ മനുഷ്യ കുലത്തിനു തന്നെ അപമാനമായി ഒരു കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തിലും പോലീസ് അനാസ്ഥ കാണിച്ചു എന്നുതന്നെയാണ് പ്രാഥമിക നിഗമനങ്ങള്‍. കെവിനെ തട്ടിക്കൊണ്ടുപോയതായുള്ള പരാതി കിട്ടിയ ഉടനെ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ കെവിന്‍ കൊല്ലപ്പെടില്ലെന്നു തന്നെയാണ് ബന്ധുക്കള്‍ അടക്കം വിശ്വസിക്കുന്നത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ ഒരു ചെറുപ്പക്കാരന് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായി. മുഖ്യമന്ത്രിയുടെ പരിപാടി ജില്ലയില്‍ ഉണ്ടെന്ന കാരണമാണ് പോലീസ് പറയുന്നതത്രെ. അതിന്റെ അര്‍ഥം മുഖ്യമന്ത്രി ഉള്ള പ്രദേശത്തു ക്രിമിനലുകള്‍ക്ക് സൈ്വര്യം ആയി വിഹരിക്കാമെന്നും എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നുമാണോ സഖാവേ?

പ്രതികളുടെ കൂട്ടത്തില്‍ ഒരു ഡി വൈ എഫ് ഐ കാരനും ഉണ്ട് എന്ന് കേള്‍ക്കുന്നു. ഒട്ടും അത്ഭുതം ഇല്ല, പണ്ട് തൊട്ടേ സദാചാര വിഷയങ്ങളില്‍ ഡി വൈ എഫ് ഐ അതീവ തല്‍പരരാണ്. മഞ്ചേരിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിഷയത്തില്‍ കേരള ജനത ഇത് കണ്ടറിഞ്ഞതുമാണ്. ചോരച്ചാലുകള്‍ നീന്തിക്കടക്കുന്നതില്‍ തെറ്റില്ല പക്ഷെ കാലിനു താഴെ പുരളുന്നത് നിരപരാധികളുടെ ചോര അല്ലെന്ന് ഉറപ്പു വരുത്തണം.

ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റായ ഗോദ എന്ന സിനിമയില്‍ ദുരഭിമാന കൊലയെ കുറിച്ച് ഒരു പരാമര്‍ശമുണ്ട്. നായകനെ തേടിയെത്തിയ പഞ്ചാബി പെണ്‍കുട്ടിയെ തിരിച്ചു നാട്ടിലേക്കു പറഞ്ഞയക്കണം എന്ന ഭാര്യയുടെ നിര്‍ബന്ധത്തെ നായകന്റെ അച്ഛന്‍ തടയുന്നത് ദുരഭിമാന കൊലയുടെ കാര്യം പറഞ്ഞാണ്. ജാതിക്കും ഗോത്രത്തിനും പുറത്ത്, പ്രണയവും വിവാഹവും ഉണ്ടായാല്‍ ഉത്തരേന്ത്യയില്‍ ബന്ധുക്കള്‍ പെണ്‍മക്കളെ കൊന്നുകളയുന്ന ഏര്‍പ്പാടാണ് ഇതെന്നാണ് സിനിമയിലെ വിശദീകരണം. എന്നാല്‍ ഇന്നത് മലയാളിയുടെ സാമൂഹ്യ ചരിത്ര നിഘണ്ടുവിലും ഇടം പിടിച്ചിരിക്കുന്നു.

മാസങ്ങള്‍ക്കു മുന്‍പാണ് മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തി കൊലപ്പെടുത്തിയത്. ദളിത് വിഭാഗത്തില്‍ പെട്ടയാള്‍ തന്റെ മകളെ വിവാഹം ചെയ്താല്‍ അത് കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയിരുന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. മാന്നാനത്തെ കൊലപാതകത്തില്‍ ജാതിയുടെ പ്രസന്‍സ് കാണാതിരുന്നു കൂടാ, ജാതി വ്യവസ്ഥയുടെ ഏറ്റവും ഭയാനകമായ അനന്തര ഫലമാണ്, രക്തബന്ധം പോലും നിഷ്പ്രഭമാവുന്ന ദുരഭിമാന കൊല. വയറു വിശന്ന ആദിവാസിയെ തല്ലിക്കൊന്ന, മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്ന, ചികിത്സ നിഷേധിച്ച് ഒരു തമിഴ്‌നാട്ടുകാരനെ ഇഞ്ചിഞ്ചായി കൊലചെയ്ത കേരളത്തിന് പുതിയ പൊന്‍തൂവല്‍. പ്രണയിച്ചതിന്റെ പേരില്‍ ഒരു യുവാവിനെ ക്രൂരമായി ബലി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രക്കാരെ കാണുമായിരിക്കും അന്വേഷണം പ്രഖ്യാപിക്കും, വിഷയം നീണ്ടുപോയാല്‍, എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നാല്‍ സര്‍ക്കാര്‍ ജോലി, പത്തു ലക്ഷം രൂപയോ അഞ്ചു ലക്ഷം രൂപയോ നല്‍കാനും തയ്യാറായേക്കും. ഒരു മനുഷ്യ ജീവന് അതില്‍ കൂടുതല്‍ വിലയുണ്ട് സര്‍, അതൊരു പാപപരിഹാരം അല്ല മറിച്ച് അത്രയെങ്കിലും എന്ന പശ്ചാത്താപം ആണ്.

ഇനിയെങ്കിലും ജാഗ്രത കാണിക്കുക. നോട്ടം കൊണ്ട്, ഒരു വാക്ക് കൊണ്ട്, അടക്കി പിടിച്ച മൂളലുകള്‍ കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന പിണറായി വിജയന് പോലീസിലെ പുഴുക്കുത്തുകളോട് ‘കടക്ക് പുറത്തു’ എന്ന് പറയാനുള്ള ആര്‍ജവം ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കുന്ന കുറെ മനുഷ്യര്‍ ബാക്കിയുണ്ട്, അവരോടു നീതി ചെയ്യുക. പോലീസിന് ആത്മവീര്യം കുറവല്ല കൂടുതലാണെന്നു സി പി ഐ എമ്മിനും പിണറായി വിജയനും ഇനിയെങ്കിലും മനസ്സിലായെങ്കില്‍ കീഴാളനായി ജനിച്ചു പോയി എന്ന കുറ്റം കൊണ്ട് ഇഷ്ട്ടപെട്ട പെണ്‍കുട്ടിയുടെ കൂടെ ജീവിക്കാനുള്ള അവകാശം നഷ്ട്‌പ്പെട്ട മനുഷ്യരുടെ അവശേഷിക്കുന്ന ആത്മവീര്യം ചോരാതിരിക്കാനുള്ള നടപടികള്‍ എടുക്കുക.

ബിജോയ്‌ ബാബു

ബിജോയ്‌ ബാബു

ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍