UPDATES

ട്രെന്‍ഡിങ്ങ്

ഇത് രാഷ്ട്രീയം പറയേണ്ട സമയം തന്നെയാണ്-വൈശാഖന്‍ തമ്പി എഴുതുന്നു

കഴിഞ്ഞ ദുരന്തങ്ങൾ തന്നെയാണ് എല്ലാ മികച്ച ദുരന്തപ്രതിരോധങ്ങൾക്കും പാഠമായിട്ടുള്ളത്.

ഇത് രാഷ്ട്രീയം പറയാനുള്ള സമയമല്ല എന്ന വാദം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രളയത്തിൽ പെട്ട മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുക (Rescue) എന്ന ആദ്യഘട്ടം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയുള്ള ദുരിതാശ്വാസം (Relief), പുനരധിവാസം (Rehabilitation) എന്നീ രണ്ട് സുപ്രധാന ഘട്ടങ്ങൾ അവശേഷിക്കുന്നു. ഇവിടന്നങ്ങോട്ട് മൊത്തം രാഷ്ട്രീയതീരുമാനങ്ങളാണ് എന്നാണ് അഭിപ്രായം.

Rescue-ന് നമ്മൾ എല്ലാ വ്യത്യാസങ്ങളും മറന്ന് ഒത്തൊരുമയോടെ പ്രവർത്തിച്ചു. അത് പക്ഷേ അനന്തമായി തുടരും എന്ന് തോന്നുന്നില്ല. കാരണം altruism എന്നത് മനുഷ്യന്റെ ജനിതകത്തിൽ തന്നെയുള്ള ഒരു പ്രത്യേകതയാണ്. അപകടത്തിൽ പെടുന്ന ഒരാളെ, അത് മനുഷ്യനോ മൃഗമോ ആവട്ടെ, സഹായിക്കുന്നത് നമ്മുടെ മസ്തിഷ്കത്തിൽ ആനന്ദസമാനമായ പ്രഭാവമുണ്ടാക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. അവരവരുടെ സുരക്ഷ പോലും അവഗണിച്ച് മറ്റൊരാളുടെ ജീവൻ രക്ഷിയ്ക്കാൻ ശ്രമിക്കാനുള്ള പ്രവണതയ്ക്ക് ജീവശാസ്ത്രപരമായ വിശദീകരണങ്ങളുണ്ട്. അത് നമ്മൾ മതോപദേശങ്ങളിൽ നിന്നോ പ്രത്യയശാസ്ത്രങ്ങളിൽ നിന്നോ പഠിച്ചതല്ല, അതൊരു ജൈവചോദനയാണ്. ആഹാരം കഴിക്കലിനും സെക്സിനും ഒക്കെയെന്നപോലെ ആ പ്രവൃത്തിക്കും മസ്തിഷ്കം ഒരു പ്രതിഫലം (reward) നൽകും, ഒരുതരം ആനന്ദം. അതുകൊണ്ട് തന്നെയാകണം, അത് തൊട്ടുമുന്നിൽ അപ്പോൾ തന്നെ ഫലമുണ്ടാകുന്ന പ്രവൃത്തികളിലാണ് പ്രകടമാകുന്നത്.

നിങ്ങൾ പതിനായിരം രൂപ കൊടുത്താൽ തൊട്ടുമുന്നിൽ അപകടത്തിൽ പെട്ട ഒരു രോഗിയുടെ ജീവൻ രക്ഷിക്കാം എന്ന സാഹചര്യം വന്നാൽ നിങ്ങൾ എങ്ങനേയും അത് കൊടുക്കാൻ ശ്രമിച്ചേക്കും. എന്നാൽ നാളെ അപകടത്തിൽ പെടുന്ന നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധ്യതയുള്ള ഒരു കാര്യത്തിന് (ഉദാഹരണത്തിന് ആശുപത്രിയിൽ മികച്ച കാഷ്വൽറ്റി സംവിധാനം ഒരുക്കാൻ) പതിനായിരം രൂപ മുടക്കേണ്ടി വന്നാൽ നിങ്ങൾക്ക് ആദ്യത്തെ സാഹചര്യത്തിൽ തോന്നിയ ‘ചോദന’ ഉണ്ടാകില്ല. രണ്ടാമത്തേതിനാണ് കൂടുതൽ വലിയതോതിലുള്ള നന്മ ചെയ്യാൻ സാധ്യതയുള്ളതെങ്കിലും അതിന് ഒരു ‘വൈകാരിക അപ്പീൽ’ ഇല്ല. ബൗദ്ധികമായ ആലോചനയിലൂടെ മാത്രമേ അതിന്റെ ഫലം വെളിവാകൂ.

രക്ഷാപ്രവർത്തനം എന്ന ഘട്ടം ഒരുപാട് വൈകാരിക അപ്പീലുള്ള ഒന്നാണ്. കേരളം പരക്കെ പ്രളയബാധിതമായതിനാൽ എല്ലാവരും ഏതെങ്കിലുമൊക്കെ രീതിയിൽ അതിന്റെ ഇരകളായിരുന്നു. കൺമുന്നിലാണ് ദുരിതവും നിലവിളികളും. ഒരുവിധപ്പെട്ട ആർക്കും അത് അവഗണിക്കാനാവില്ല. നമ്മൾ ചാടിയിറങ്ങും. പക്ഷേ അതെപ്പോഴും തുടരില്ല. ദുരിതാശ്വാസവും പുനരധിവാസവും വികാരങ്ങളാൽ നടത്തപ്പെടാവുന്ന കാര്യങ്ങളല്ല. അതിന് കണക്കെടുപ്പുകളും അവലോകനങ്ങളും നയരൂപീകരണങ്ങളും ആസൂത്രണങ്ങളും ഒക്കെ ആവശ്യമാണ്. അത് രാഷ്ട്രീയമല്ലെങ്കിൽ പിന്നെ വേറെന്താണ് രാഷ്ട്രീയം?!

ഇതൊക്കെക്കൊണ്ട് തന്നെ ഇത് രാഷ്ട്രീയം പറയേണ്ട സമയം തന്നെയാണ്. അതിൽ സർക്കാരിനെ വിമർശിക്കുന്നതും ഒരു പ്രധാനകാര്യം തന്നെയാണ്. ദൗർഭാഗ്യവശാൽ ഈ നിർണായക ഘട്ടത്തിൽ ക്രിയാത്മക വിമർശനത്തിനും നയരൂപീകരണത്തിനും ആസൂത്രണത്തിനും ഒക്കെ ചെലവാക്കേണ്ട അധ്വാനം ഒരുകൂട്ടം ക്ഷുദ്രജീവികളുടെ നുണപ്രചാരണങ്ങളെ ചെറുക്കാൻ വേണ്ടി ചെലവാക്കേണ്ട അവസ്ഥ നമുക്ക് വെല്ലുവിളി ഉയർത്തുന്നു. സംഘപരിവാരത്തിന് ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് നുണഫാക്റിയിൽ അടിച്ചിറക്കുന്ന ഉൽപ്പന്നങ്ങൾ ഫലപ്രദമായി അതിവേഗം വിറ്റഴിക്കാൻ കഴിയുന്നുണ്ട്. ഇവിടത്തെ മന്ത്രിയും ജൈസൽ എന്ന മത്സ്യത്തൊഴിലാളിയും ഉൾപ്പടെ സംഘപരിവാറുകാരാണ് എന്ന തലക്കെട്ടോടെ വടക്കേ ഇൻഡ്യയിൽ പ്രചരിപ്പിക്കപ്പെടുന്നു. ഇവിടേക്ക് വരേണ്ട ഏതൊരു സഹായത്തേയും ബ്ലോക്ക് ചെയ്യാനാണ് സംഘിസർക്കാർ ശ്രമിക്കുന്നത്. മതിയായ സാമ്പത്തികസ്രോതസ്സ് ഇല്ലാതെ കേരള സർക്കാർ ദുരിതാശ്വാസം മാനേജ് ചെയ്യാൻ കഷ്ടപ്പെടുമെന്നും, ഒടുവിൽ ജനങ്ങൾ സർക്കാരിനെതിരെ തിരിയുമ്പോൾ അവതാരപുരുഷനെപ്പോലെ വന്ന് വല്ലതും കൊടുത്ത് ജനങ്ങളെ തങ്ങൾക്കനുകൂലമാക്കാം എന്നും അവർ കണക്കുകൂട്ടുന്നുണ്ടാകും. അത് ഫലിക്കാനുള്ള സാധ്യതയുമുണ്ട്. കാരണം എല്ലാം നഷ്ടപ്പെട്ട ഒരു ജനത, കുറച്ചുകാലത്തേക്ക് സർക്കാർ ചെയ്യുന്ന എന്ത് കാര്യത്തേയും പോസിറ്റീവായി മാത്രമേ കാണുകയുള്ളൂ. പക്ഷേ കുറച്ചുകൂടി കഴിയുമ്പോൾ അവർ നിരാശരാവാൻ തുടങ്ങും. സർക്കാരിന്റെ പരിമിതികളെയൊന്നും മനസിലാക്കാനുള്ള ക്ഷമ അന്നവർ കാണിച്ചെന്ന് വരില്ല. അതുകൊണ്ടാണ് ഈ സമയത്ത് തന്നെ സംഘികളുടെ തനിസ്വരൂപം വെളിപ്പെടുത്തുന്ന സകല സ്ക്രീൻഷോട്ടുകളും വാർത്തകളും ഡോക്യുമെന്റ് ചെയ്യപ്പെടണം എന്ന് ഞാൻ അഭിപ്രായപ്പെട്ടതും അതിന് ശ്രമിക്കുന്നതും. ഇത് ഈ സമയത്ത് മനുഷ്യരെ പരസ്പരം തല്ലിക്കാനുള്ള ശ്രമമല്ല. നാളേയ്ക്കുള്ള ഒരു കരുതലാണ്. കേരളത്തിലെ സംഘികളായ പമ്പരവിഡ്ഢികളുടെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമാണ്. തങ്ങൾ കൂടി ജീവിക്കുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷവും ദുരിതത്തിലായാൽ, അതിന്റെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ തങ്ങളെക്കൂടി ബാധിക്കാന്‍ൻ പോകുന്ന കാര്യമാണെന്ന് അവറ്റകൾക്കറിയില്ല. അവർ ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കാൻ മത്സരിക്കുകയാണ്.

സർക്കാർ വിമർശിക്കപ്പെടേണ്ടത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ അനിവാര്യമായ കാര്യമാണ്. വിമർശിക്കുന്നവരുടെ ഉദ്ദേശ്യം എന്ത് തന്നെയായാലും അതിന് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള മറുപടികൾ ഉണ്ടാകണം. ഇനി ഈ വിഷയത്തിൽ ഇതുവരെ പറയാതിരുന്ന തീർത്തും രാഷ്ട്രീയം മാത്രമായ അഭിപ്രായം കൂടി പറയാമെന്ന് കരുതുന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ നിരവധി സാമ്യങ്ങളുണ്ടെന്ന് കരുതിയിരുന്ന ഒരാളാണ് ഞാൻ. ഫാൻസിന്റെ ബിംബാരാധന മുതൽ പല ഘടകങ്ങൾ അതിന് പിന്നിലുണ്ട്. അത് ഞാൻ മുൻപ് ഫെയ്സ്ബുക്കിൽ തന്നെ പല തവണ കുറിച്ചിട്ടുമുണ്ട്. പക്ഷേ ഈ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തലവൻ എന്ന നിലയിൽ പിണറായി വിജയൻ പ്രതീക്ഷയ്ക്കും ഏറെ മുകളിലേയ്ക്കുയർന്നു എന്ന് തന്നെ പറയണം. ഇത്രയും വലിയ തോതിലുള്ള ഒരു ദുരന്തം നടക്കുമ്പോൾ, സമചിത്തതയോടെ, വൈകാരിക ഷോ-ഓഫുകളില്ലാതെ, നിരന്തരം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ഡേറ്റയുടെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുകയും ചെയ്യുക എന്നത് ഒരു മികച്ച നേതൃത്വത്തിന്റെ ലക്ഷണമാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ എത്രമാത്രം വിരുദ്ധമാണെന്ന് മാധ്യമങ്ങളിലൂടെ സകലരും അറിയുമ്പോഴും അതിനെതിരേ യാതൊരു പരാമർശവും നടത്താതിരുന്നതും, പ്രതിപക്ഷ നേതാവിനെ ഒപ്പം നിർത്താൻ ശ്രമിച്ചതും ഒക്കെ ശ്രദ്ധേയമായിരുന്നു.

ഡാം തുറന്നു വിടുന്നതിലെ അപാകതകളിലൂടെ സർക്കാർ വലുതാക്കിയ ദുരന്തമാണിത് എന്ന വാദത്തിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഓരോ ദിവസവും ഓരോ പ്രദേശത്തും പെയ്ത മഴയും, ഡാമുകൾ തുറന്ന സമയക്രമങ്ങളും, നദികളും അവയുടെ തീരപ്രദേശങ്ങളിലെ പ്രളയക്കണക്കും ഒക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ടായിരുന്നു അതിന്. പക്ഷേ ആ ഡേറ്റ തപ്പിയെടുക്കാൻ ഒരുപാട് സമയമെടുക്കുമായിരുന്നു. ഇന്നലെ ചില മാധ്യമ സുഹൃത്തുക്കളോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ ഇന്നലെ മുഖ്യമന്ത്രി തന്നെ വിശദമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ആ വാദത്തെ പത്രസമ്മേളനത്തിൽ അഡ്രസ് ചെയ്തതിനാൽ കാര്യം എളുപ്പമായി. നേതൃത്വം ശക്തമായിരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പക്ഷേ വ്യക്തിയാരാധനയിലേക്ക് പോകാനോ, ഫാൻസിന് താൻപോരിമ കാണിക്കാനോ ഉള്ള ന്യായങ്ങളല്ല ഇതൊന്നും എന്നും പ്രത്യേകം പറയേണ്ടതുണ്ട്. ഇത്തരം നിയന്ത്രണാതീത സാഹചര്യങ്ങളിൽ എല്ലായിടത്തും ഒരുപോലെ ശ്രദ്ധയെത്തിയെന്ന് വരില്ല. മാനുഷികമായ പിഴവുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അത് ചാനൽ ചർച്ചയിലോ സൈബറെഴുത്തിലോ സ്വയംപ്രഖ്യാപിത ജഡ്ജിമാർ ചെയ്യേണ്ട പണിയല്ല. പണിയറിയാവുന്ന ആളുകൾ ശാസ്ത്രീയമായി നടത്തുന്ന പഠനങ്ങളാകണമത്. അത് ആരെയെങ്കിലും ശിക്ഷിയ്ക്കാനെന്നതിനപ്പുറം, പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള പാഠങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയാകണം. കഴിഞ്ഞ ദുരന്തങ്ങൾ തന്നെയാണ് എല്ലാ മികച്ച ദുരന്തപ്രതിരോധങ്ങൾക്കും പാഠമായിട്ടുള്ളത്.

*ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വൈശാഖന്‍ തമ്പി

വൈശാഖന്‍ തമ്പി

സയന്‍സ് റൈറ്റര്‍, അധ്യാപകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍