UPDATES

പ്രവാസം

ഈ 700 കോടിയില്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ ഉപ്പ് പുരണ്ടിട്ടുണ്ട്

കേരളത്തിനുള്ള യു എ ഇ യുടെ പിന്തുണ ഒരു മഴ പെയ്തു തോർന്നപ്പോ സംഭവിച്ച ആകസ്മികതയോ, അത്ഭുതമോ അല്ല

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്ത യു.എ.ഇ ഭരണാധികാരിക്ക് സോഷ്യൽ മീഡിയ വമ്പിച്ച സ്വീകരണം ആണ് നൽകിയത്. വാര്‍ത്ത സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലില്ലാത്തവിധം കേരളം ഒരു പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്ര ഇടപെടലുകൾ ശുഷ്‌കം ആണെന്ന ആരോപണം നിലനിൽക്കുമ്പോൾ ആണ് യു എ ഇ ഭരണാധികാരിയുടെ വിശേഷണങ്ങൾ ഇല്ലാത്ത ഈ ഉദാരത. യു എ ഇ ഗവൺമെന്റ് 700 കോടിയുടെ സഹായം നൽകുന്ന കാര്യം ഇന്നലെ പ്രധാനമന്ത്രി മോദിയെ അറിയിച്ചിരുന്നു. പക്ഷെ കേരളാ സർക്കാർ അത് അറിയുന്നത് യൂസഫലി രാവിലെ യു എ ഇ ഭരണാധികാരിയെ സന്ദർശിച്ചപ്പോഴാണ്! കൃത്യമായ ഒരു അവഗണനയുടെ രാഷ്ട്രീയം ഈ വിഷയത്തിൽ ഉണ്ടെന്നു വ്യക്തം.

കേരളം ഇന്ത്യയുടെ ഭാഗമാണോ അതോ യു.എ.ഇ യുടെ ഭാഗമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. യു.എ.ഇ നല്‍കുന്നത് 700 കോടി. ‘ദേശ് വാസിയോം’ കൈവിട്ടാലും നാം അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. യു.എ.ഇ കേരളത്തിന് നല്‍കുന്നത് 700 കോടി രൂപ, എന്നാപ്പിന്നെ യു.എ.ഇയെ നമ്മുടെ കേന്ദ്രസര്‍ക്കാരായി അങ്ങ് പ്രഖ്യാപിച്ചൂടെ, നമ്മള്‍ അതിജീവിക്കും, നമ്മള്‍ പുനര്‍നിര്‍മ്മിക്കും എന്ന് ചോദിക്കുന്നവരും ഉണ്ട്.

നിതാന്തമായ അര്‍ത്ഥവികാസത്തിന്റെ ചരിത്രമാണ് പ്രവാസം എന്ന ആശയ കല്‍പ്പനയ്ക്കുള്ളത്. ഒരു ദേശത്തില്‍ ഉള്‍പ്പെടുന്നവരോ ഒരു പൊതുസംസ്‌കാരം പങ്കുവയ്ക്കുന്നവരോ ആയ ഒരു ജനത പലവിധ കാരണങ്ങളാല്‍ പല ദേശങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന അവസ്ഥയാണ് പ്രവാസം..ചരിത്രത്തില്‍നിന്ന് പ്രവാസം നീക്കിയാല്‍ പിന്നെ ചരിത്രം ബാക്കി കാണില്ല, മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രവാസികൾ ചരിത്രകാരന്മാർ കൂടി ആണ്.

കേരളത്തിന്‍റെ അറുപത് കൊല്ലത്തെ ചരിത്രത്തിന്‍റെ പ്രധാന ധാരകളിൽ ഒന്ന് മലയാളിയുടെ പ്രവാസ ചരിത്രമാണ്. എന്നാൽ 1970 കളിലും 1980 കളിലും മലയാളികൾ കൂട്ടമായി ഗൾഫു നാടുകളിലേക്കും യൂറോപ്പ് അമേരിക്ക എന്നിവടങ്ങളിലേയ്ക്കും മാറിയതാണ് ചരിത്രത്തിൽ പ്രധാനമായി അടയാളപ്പെടുത്തേണ്ട സംഭവ വികാസം. കേരളത്തിന്‍റെ കഴിഞ്ഞ അറുപതു കൊല്ലത്തെ ചരിത്രം മലയാളികളുടെ പ്രവാസ ചരിത്രത്തിൽ നിന്നും മാറിക്കാണുവാൻ ആകില്ല. കാരണം കേരളത്തിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിൽ പ്രവാസികളുടെ പ്രഭാവം ഇല്ലാത്ത ഒരു മേഖലയുമില്ല. അറുപതുകൾക്ക് ശേഷം കേരളം കണ്ട പ്രധാന എഴുത്തുകാരും സാമ്പത്തിക വിദഗ്ധരും മറ്റ് വിദഗ്ധരും പ്രവാസ ചരിത്രത്തിന്‍റേയും കൂടി ഭാഗമാണ്.

അനേക ലക്ഷം പ്രവാസി മലയാളികളുടെ കണ്ണീരും വിയര്‍പ്പുമാണ് ആധുനിക കേരളത്തിന്റെ സമൃദ്ധിക്ക് പിന്നില്‍. ഓരോ വര്‍ഷവും കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ അളവ് ഒരു ലക്ഷം കോടിയിലേറെയാണ്. സംസ്ഥാന ബേങ്കിംഗ് സമിതിയുടെ കണക്ക് പ്രകാരം 2016-17 വര്‍ഷത്തില്‍ 1.09 ലക്ഷം കോടി രൂപ പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ബേങ്ക് മുഖനയല്ലാതെയും എത്തുന്നുണ്ട് അനേക കോടികള്‍. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ മൂന്നില്‍ ഒന്നും പ്രവാസികളുടെ സംഭാവനയാണ്.

ചുരുക്കത്തിൽ ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ പ്രവാസികൾക്ക് വലിയ പങ്കുണ്ട് എന്ന് കാണുവാൻ കഴിയും. കേരളം പ്രവാസത്തിന്റെ ഏറിയ പങ്കും ഗൾഫ് രാജ്യങ്ങളിൽ ആണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി നൂറ്റാണ്ടുകളായി തുടർന്നുവരുന്ന കേരളവും അറബ് നാടുകളുമായുള്ള ബന്ധം ആണ് ഇന്നത്തെ യു എ ഇ യുടെ നീക്കത്തിന്റെ കാതൽ. യു എ ഇ യിലെ പ്രവാസികളിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ താരതമ്യം ചെയ്‌താൽ കേരളീയർ ആയിരിക്കും മുന്നിൽ.

ഏതാണ്ട് പത്തു ലക്ഷം മലയാളികള്‍ ഇപ്പോള്‍ തന്നെ യു എ ഇയില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മുംബൈ, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എത്തിയ മലയാളികളെ കൂടി ഉള്‍പെടുത്തിയുള്ള കണക്കാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ സാധ്യതകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ആളുകളുടെ താല്‍പര്യത്തിന് ഇപ്പോഴും ഭംഗം വന്നിട്ടില്ല.

ഏതെങ്കിലും വിധത്തില്‍ ഗള്‍ഫില്‍, വിശേഷിച്ചു യു എ ഇ യില്‍ എത്തിപ്പെടണമെന്നു ആഗ്രഹിക്കുന്നവര്‍ ഏറെ. കേരളവും യു എ ഇ യും വലിയ പാരസ്പര്യം ഉണ്ടെന്നതാണ് കാരണം. മണിക്കൂറുകള്‍ ഇടവിട്ട് കേരളത്തിലേക്കും തിരിച്ചും വിമാനങ്ങളുണ്ടെന്നതും സൗകര്യമാണ്. ‘മലയാളികള്‍ ഏതെങ്കിലും തീവ്രവാദത്തിനു അടിപ്പെട്ടിട്ടില്ല. വഞ്ചനയില്ല. നിയമങ്ങള്‍ അനുസരിക്കും. മാനവിക ബോധമുണ്ട്. അടിസ്ഥാനപരമായി ഇതൊക്കെയാണല്ലോ ആവശ്യം. യു എ ഇ കവി ഡോ. ശിഹാബ് ഗാനം ഈയിടെ പറഞ്ഞു. പല തവണ അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്. മലയാളികളെ അടുത്തറിഞ്ഞിട്ടുണ്ട്. നിരവധി മലയാളം കവിതകള്‍ അറബിയിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.

യു എ ഇയിലെ മിക്ക സര്‍ക്കാര്‍ വകുപ്പുകളും വാര്‍ത്താസമ്മേളനങ്ങള്‍ക്ക് മലയാളം മാധ്യമങ്ങളെ പ്രത്യേകം ക്ഷണിക്കും. അവരുടെ അറിയിപ്പുകള്‍ മലയാളത്തില്‍ വന്നാല്‍ കൗതുകത്തോടെ നോക്കും. യു എ ഇ യിലെ വലിയ വിദേശ സമൂഹം എന്ന നിലയില്‍ മലയാളികളെയും ബോധവത്കരിക്കണമല്ലോ? ഇത് കണ്ടറിഞ്ഞു കേരളത്തിലെ മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. മിക്ക പത്രങ്ങള്‍ക്കും എഡിഷനായി. ചാനലുകള്‍ക്കു ബ്യൂറോകളായി. റേഡിയോ സ്റ്റേഷനുകള്‍ നിരവധി.

കേരളത്തിനുള്ള യു എ ഇ യുടെ പിന്തുണ ഒരു മഴ പെയ്തു തോർന്നപ്പോ സംഭവിച്ച ആകസ്മികതയോ, അത്ഭുതമോ അല്ല. അത് പരസ്പരം ഉള്ള കൊടുക്കൽ വാങ്ങലുകളുടെ, ഊഷ്മളമായ കുടിയേറ്റ ബന്ധത്തിന്റെ ബാക്കി പത്രമാണ്. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുകയ്ക്ക് മുകളിൽ ഒരു തുക അതും 700 കോടി എന്ന ഫിഗർ ആണ് പലരെയും അത്ഭുതപ്പെടുത്തുന്നതെങ്കിൽ നിങ്ങള്ക്ക് യു എ ഇ യെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയേണ്ടി വരും. എല്ലാ റംസാൻ കാലത്തും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ യു എ ഇ ഭരണാധികാരികൾ ഒഴുക്കുന്ന തുക ആയിരം കോടിക്ക് മുകളിൽ ആണ്.

ഒരു കൊച്ചു സംസ്ഥാനം അവരുടെ നൂറു വർഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രളയം, മുന്നൂറിലധികം മനുഷ്യ ജീവനുകൾ, ലക്ഷണക്കണക്കിനു വീടുകൾ, ഇരുപതിനായിരം കോടിക്ക് മുകളിൽ സാമ്പത്തിക നഷ്ടം എന്ന് മുഖ്യമന്ത്രി. സ്വന്തം രാജ്യത്തെ കുറിച്ച് സ്വപ്‌നങ്ങൾ ഉള്ളവർക്ക്, അതിർത്തികൾ ഭേദിച്ച് മനുഷ്യൻ എന്ന വികാരത്തെ ഉൾകൊള്ളാൻ ശേഷി ഉള്ളവർക്ക്, ഇനിയും തോരാത്ത കണ്ണ് നീരിന് മുന്നിൽ മനസ്സാക്ഷി പിടയുന്നവർക്കു, എല്ലാത്തിലുമുപരി ജനങ്ങളുടെ ഒപ്പം നടക്കുന്നവൻ ആണ് ഭരണാധികാരി എന്ന രാഷ്ട്രീയ ബോധം ഉള്ള ഒരു നേതാവിന് ഈ അവസരത്തിൽ മൗനം പാലിക്കാനോ, രാഷ്ട്രീയ വൈരം ഓർത്തെടുക്കാനോ കഴിഞ്ഞെന്നു വരില്ല.

അന്താരാഷ്ട്ര മാധ്യമങ്ങളും, കാനഡ മുതൽ ജപ്പാൻ വരെയുള്ള രാജ്യങ്ങളുടെ ഐക്യദാർഢ്യവും കേരളത്തിന്റെ അവസ്ഥ എത്രമാത്രം ശോചനീയം ആണെന്ന് വരച്ചു കാട്ടുന്നുണ്ട്. യു എ ഇ പോലെ മാനുഷിക മൂല്യങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന, സഹജീവിയോട് കാരുണ്യവും, ദയയും സൂക്ഷിക്കുന്ന മനുഷ്യർ തിങ്ങി പാർക്കുന്ന ഒരു രാജ്യത്തിന് പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ ചേർത്ത് പിടിക്കാതിരിക്കാൻ ആവില്ല. അതിനു പിന്നിൽ മാനുഷികപരമായ പരിഗണനയാണ് ആദ്യം എങ്കിൽ കേരളവുമായുള്ള പാരസ്പര്യം മറ്റൊരു ഘടകവും ആണ്.

യു എ യിൽ ജീവിക്കുന്ന ഒരു പ്രവാസി മലയാളിയുടെ അനുഭവം കൂടി പങ്കു വെക്കുന്നു.

പ്രളയക്കെടുതി ഉണ്ടായ ഉടനെ യു എ ഇ ഗവണ്‍മെന്‍റ് ആദ്യം ചെയ്തത് കേരളത്തെ സഹായിക്കാന്‍ വേണ്ടി മാത്രം ഷെയ്ക്ക് മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. മലവെള്ള പാച്ചിലില്‍ ഒലിച്ചു വന്ന വെള്ളത്തിലും ചളിയിലും ചവിട്ടി മലയാളി സമൂഹത്തിന്‍റെ കാല് വഴുതുമ്പോള്‍ അത്ര പെട്ടന്നങ്ങ് വീണുപോവാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു അപ്പോള്‍ യു.എ.ഇ. അതിന് ശേഷം ഇവിടെ ഇറങ്ങുന്ന എല്ലാ പത്രങ്ങളിലെയും ഒരു മുഴുപ്പേജ് പരസ്യം ഉണ്ടായിരുന്നു ഗവണ്‍മെന്‍റ് വക. അധികവും കേരളവും അറബ് നാടും തമ്മിലുള്ള സാഹോദര്യം പറഞ്ഞ് സഹായിക്കേണ്ട ആവശ്യകതയെ പറ്റിയുള്ളത്.

ദുരിതാശ്വാസത്തിനായി സാധനങ്ങൾ കളക്ട് ചെയ്യുന്ന അബുദാബിയിലെ കേരള സോഷ്യല്‍ സെന്‍ററിന്‍റെയും ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന്‍റെയും മുന്നില്‍ ഇടതടവില്ലാതെ കെെയ്യില്‍ വലിയ കെട്ടുകളുമായി കാറില്‍ വന്നിറങ്ങുന്ന കന്തൂറ ധരിച്ചവരെ കണ്ടാലറിയാം അറേബ്യന്‍ സഹായം ഒഴുകുമെന്നതിന്‍റെ സൂചനകള്‍. എന്നാലും എഴുനൂറ് കോടിയൊന്നു ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അറബ്യന്‍ ഗള്‍ഫ് നമ്മളെ ശരിക്കും ഞെട്ടിക്കുകയായിരുന്നു. വാര്‍ത്ത കേട്ടപ്പോള്‍ കോരിത്തരിച്ചുപോയി.

*വര കടപ്പാട്: നിപിന്‍

ബിജോയ്‌ ബാബു

ബിജോയ്‌ ബാബു

ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍