UPDATES

ട്രെന്‍ഡിങ്ങ്

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം ഐതിഹാസികമെന്ന് കടകംപള്ളി; ബിജെപിയും കോണ്‍ഗ്രസും ഭരണഘടനഭേദഗതിക്ക് തയ്യാറല്ല

ഓപ്പണ്‍ വിഭാഗത്തിലേക്ക് പോയ 18 ശതമാനം തിരിച്ചെടുത്ത് അതില്‍ 8 ശതമാനം പിന്നോക്കക്കാര്‍ക്ക് നല്‍കിയതാണോ സംവരണവിരുദ്ധ നടപടി എന്നാണ് കടകംപള്ളി ചോദിക്കുന്നത്.

ദേവസ്വംബോര്‍ഡ് നിയമനത്തില്‍ മുന്നോക്കജാതിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഐതിഹാസികമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ തീരുമാനം രാജ്യത്തൊട്ടാകെ അഭിന്ദനം നേടിയിട്ടുണ്ടന്നും കടകംപള്ളി അവകാശപ്പെടുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കുന്നത്. ഇത് സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ്. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്തുന്ന നിയമനങ്ങളില്‍ പുതുക്കിയ സംവരണരീതി പ്രാബല്യത്തില്‍ വരും.

ദലിതരെ പൂജാരിമാരായി നിയമിച്ച പോലുള്ള വിപ്ലവകരമായ തീരുമാനമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സംവരണമെന്നും കടകംപള്ളി അഭിപ്രായപ്പെടുന്നു. നിലവിലെ ജാതി സംവരണം അട്ടിമറിക്കാതെയാണ് ഇതുവരെ ഒരു സംവരണവും ലഭിക്കാതിരുന്ന മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതെന്ന് കടംപള്ളി അവകാശപ്പെടുന്നു. മുന്നോക്കസമുദായങ്ങളില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനായി സിപിഎം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഇത് അംഗീകരിച്ചിട്ടില്ലെന്നും കടകംപള്ളി പറയുന്നു. വിശപ്പിനും കഷ്ടപ്പാടിനും ജാതിയില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ജാതി സംവരണത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയം; 1997-ലെ യെച്ചൂരിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് എങ്ങനെ?

നിലവില്‍ സംവരണമുള്ള സമുദായങ്ങള്‍ക്ക് സംവരണതോത് വര്‍ദ്ധിപ്പിച്ചാണ് ഇതുവരെ സംവരണമില്ലാത്തവര്‍ക്ക് കൊടുക്കുന്നത്. ഈഴവ സമുദായത്തിന് സംവരണം 14 ശതമാനത്തില്‍ നിന്ന് 17 ശതമാനവും 10 ശതമാനം സംവരണമുണ്ടായിരുന്ന പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തിന് 12 ശതമാനവും ആക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറയുന്നു. അഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ നിയമനം നല്‍കാത്തതിനാല്‍ അവര്‍ക്കുള്ള 18 ശതമാനം സംവരണം ഓപ്പണ്‍ മെറിറ്റിലേക്ക് മാറിയിരുന്നു. ആ 18 ശതമാനം സംവരണം ആനുപാതികമായി പിന്നോക്കവിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വര്‍ധിപ്പിച്ചുനല്‍കുന്നതിനൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുകൂടി നിശ്ചിത ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്. ഓപ്പണ്‍ വിഭാഗത്തിലേക്ക് പോയ 18 ശതമാനം തിരിച്ചെടുത്ത് അതില്‍ 8 ശതമാനം പിന്നോക്കക്കാര്‍ക്ക് നല്‍കിയതാണോ സംവരണവിരുദ്ധ നടപടി എന്നാണ് കടകംപള്ളി ചോദിക്കുന്നത്.

അതേസമയം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ 96 ശതമാനവും മുന്നോക്ക സമുദായക്കാരാണ് എന്ന് കേരള കൗമുദിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം 6120 ജീവനക്കാരുള്ളതില്‍ 5870 പേരും മുന്നോക്ക സമുദായക്കാരാണ്. കൃത്യമായി പറഞ്ഞാല്‍ 95.91 ശതമാനം. ഈ മുന്നോക്കക്കാര്‍ നായര്‍, ബ്രാഹ്മണ സമുദായങ്ങളില്‍ പെട്ടവരാണ്. 5020 പേര്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണ്. മൊത്തം ജീവനക്കാരുടെ 82.02 ശതമാനം. 850 ജീവനക്കാര്‍ ബ്രാഹ്മണരാണ്. 13.88. ഈഴവര്‍ 207 (3.38 ശതമാനം) പട്ടികജാതിക്കാര്‍ 20 (0.32 ശതമാനം).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍