UPDATES

ട്രെന്‍ഡിങ്ങ്

കുഞ്ഞാലിക്കുട്ടി എന്ന ‘ബ്ലാക്മെയിലര്‍’ പൊളിറ്റിഷ്യന്‍

പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ കറുത്തകരങ്ങള്‍ പ്രവര്‍ത്തിച്ചു എന്നത് ഏറ്റവും ചുരുങ്ങിയ പക്ഷം മലപ്പുറത്തും കോഴിക്കോടുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയെങ്കിലും പ്രകോപിപ്പിക്കും.

ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട് ഇങ്ങനെയാണ്. “IUML ‘blackmail’ gets Mani RS seat”. അതായത് മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനെ ബ്ലാക്മെയില്‍ ചെയ്തിട്ടാണ് കേരള കോണ്‍ഗ്രസ്സിന് രാജ്യസഭ സീറ്റ് ഒപ്പിച്ചു കൊടുത്തത് എന്ന്. മുസ്ലീം ലീഗ് എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടി.

എന്താണ് ഈ ബ്ളാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം?

ചില കണക്കുകള്‍ നോക്കുക. നിലവിലുള്ള നിയമസഭയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ എണ്ണം 22, മുസ്ലീം ലീഗ് 18, കേരള കോണ്‍ഗ്രസ്സ് 6. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും ചേര്‍ന്നാല്‍ 24 അതായത്. കോണ്‍ഗ്രസ്സിന് യു ഡി എഫിന് നില്‍ക്കണമെങ്കില്‍ ലീഗിന്റെ കരുണാ കടാക്ഷം വേണം എന്നര്‍ത്ഥം. ലീഗും കേരള കോണ്‍ഗ്രസ്സും ഒരു മുന്നണിയായാല്‍ കോണ്‍ഗ്രസ്സ് പിന്നെ യു ഡി എഫിന് പുറത്താവും എന്ന് സാരം. മറ്റ് യു ഡി എഫ് അംഗങ്ങള്‍ക്കൊന്നും നിയമസഭയില്‍ അംഗബലമില്ലല്ലോ.

ഇനി രാജ്യസഭ തിരഞ്ഞെടുപ്പിന്റെ സാഹചര്യം നോക്കാം. 140 പേരുള്ള നിയമസഭയില്‍ മൂന്നു ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടത് 36 വോട്ടാണ്. 91 പേരുള്ള എല്‍ ഡി എഫിന് രണ്ടു പേരെ എളുപ്പത്തില്‍ വിജയിപ്പിക്കാന്‍ സാധിക്കും. മൂന്നാമത്തെ സീറ്റ് കോണ്‍ഗ്രസ്സിന് ജയിക്കണമെങ്കില്‍ ലീഗിന്റെ വോട്ട് കൂടി കിട്ടിയാലെ പറ്റുകയുള്ളൂ. ഈ തുരുപ്പ് ശീട്ടാണ് കുഞ്ഞാലിക്കുട്ടി വീശിയത്. അതില്‍ വീഴാതെ കോണ്‍ഗ്രസ്സിന് മറ്റ് വഴികളില്ല. കെ എം മാണിയെ യു ഡി എഫിലേക്ക് ആനയിക്കാന്‍ ഈ അവസരം ഉപയോഗിക്കണം എന്ന് രാഷ്ട്രീയ സൂത്രശാലിയായ കുഞ്ഞാലിക്കുട്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ഈ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയും മാണിയും ജോസ് കെ മാണിയും തമ്മില്‍ നടന്ന ചര്‍ച്ചകളും നിര്‍ണ്ണായകമായി. മലപ്പുറത്തും വേങ്ങരയിലും ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള മാണി സാറിന്റെ നിലപാട് വ്യക്തമാക്കിയത് അവര്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തെളിവാണ്.

യു ഡി എഫ് സംവിധാനം തന്നെ തകരും എന്ന ഘട്ടത്തില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷം എന്ന താത്വിക വിശകലനവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കര്‍ണ്ണാടകത്തില്‍ ജനതാദള്‍ എസിന് മുഖ്യമന്ത്രി പദം വിട്ടു കൊടുത്തു. പി ജെ കുര്യന്‍ ഒഴിയുന്ന രാജ്യസഭ ഉപാധ്യക്ഷ പദം ബിജു ജനതാദളിന് വിട്ടുകൊടുക്കുമെന്ന് വാര്‍ത്ത പുറത്തുവരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ആശയവിനിമയം നടത്തുന്നു. അങ്ങനെയുള്ള അവസരത്തില്‍ എളുപ്പത്തില്‍ ന്യായീകരിക്കാവുന്ന ഒരു തീരുമാനം. അണികളെ തല്‍ക്കാലം പിടിച്ചിരുത്തുകയും ചെയ്യാം. കൂടാതെ ഇത് വണ്‍ ടൈം സെറ്റില്‍മെന്‍റ് മാത്രമാണ് എന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചു പറയുന്നതും അണികളുടെ രോഷം തണുപ്പിക്കാനാണ്. ഇത് സ്പെഷ്യല്‍ കേസ് മാത്രമാണ് എന്നും ഈ സീറ്റ് കോണ്‍ഗ്രസ്സിന്റെ തന്നെയാണെന്നുമാണ് നേതാക്കള്‍ പറയുന്നത്.

എങ്കിലും പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ കറുത്തകരങ്ങള്‍ പ്രവര്‍ത്തിച്ചു എന്നത് ഏറ്റവും ചുരുങ്ങിയ പക്ഷം മലപ്പുറത്തും കോഴിക്കോടുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയെങ്കിലും പ്രകോപിപ്പിക്കും. ആ മുറിവിന്റെ നീറ്റല്‍ കുറച്ചുകാലത്തെങ്കിലും കോണ്‍ഗ്രസ്സിനെ പിന്‍തുടരുകയും ചെയ്യും.

ഇന്നലെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍ എന്നിവരുടെ കോലം കോഴിക്കോട് കത്തിച്ചതും മലപ്പുറം ഡിസിസി ഓഫീസിന്റെ കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ന്നതും അതിന്റെ സൂചനകളാണ്.

കഴിഞ്ഞ ജൂണില്‍ ‘മാണി എന്ന മാരണം’; ഈ ജൂണില്‍ മാണി ഈ വീടിന്റെ ഐശ്വര്യം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍