UPDATES

ട്രെന്‍ഡിങ്ങ്

അങ്ങനെ ഒരു അസാക്ഷരന്‍ പോയി, കേരളത്തിലെ സാക്ഷര ശതമാനം കൂടി

സാക്ഷരതാമിഷന്‍കാര്‍കഴിഞ്ഞ മുപ്പതു വര്‍ഷമായി പുറകെ നടന്നിട്ടും എഴുതാനും വായിക്കാനും പഠിക്കില്ല എന്നവാശിയായിരുന്നു സുരേന്ദ്രന്‌

കേരളത്തില്‍ നടന്ന സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹത്തില്‍ വരുത്തിയ ചലനം വളരെ വലുതാണ്. നൂറ് ശതമാനമെന്ന് പറയാനാകില്ലെങ്കിലും സമ്പൂര്‍ണ സാക്ഷരതയെന്ന് അഹങ്കാരത്തോടെ പറയാന്‍ മലയാളികള്‍ക്ക് പറയാന്‍ സാധിച്ചത് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതോടെയാണ്. അക്ഷരമറിയാത്ത ലക്ഷക്കണക്കിന് ഗ്രാമീണര്‍ ഈ മിഷന്റെ ഗുണം ഇന്നും അനുഭവിക്കുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായിട്ടും സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ പുറകെ നടന്നും പിടികൊടുക്കാതെ അസാക്ഷരനായി ജീവിച്ച ഒരു വ്യക്തിയുണ്ട്. സുരേന്ദ്രന്‍. ഇന്നലെ സുരേന്ദ്രന്‍ മരിച്ചതോടെ കേരളത്തിലെ സാക്ഷരത ഒരു ശതമാനം കൂടി വര്‍ധിച്ചിരിക്കുകയാണെന്ന് പറയുകയാണ് ശശികുമാര്‍ വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഇത് സുരേന്ദ്രന്‍
അസാക്ഷരനായ സുരേന്ദ്രന്‍
വയസ് 74
ഇന്ന്പുലര്‍ച്ചയ്ക്ക് അന്തരിച്ചു.
സാക്ഷരതാമിഷന്‍കാര്‍കഴിഞ്ഞ മുപ്പതു വര്‍ഷമായി പുറകെ നടന്നിട്ടും സുരേന്ദ്രന്‍ എഴുതാനും വായിക്കാനും പഠിക്കില്ല എന്നവാശിയായിരുന്നു. എഴുതാനും വായിക്കാനും അറിയാതെ തന്നെ ലോകകാര്യങ്ങള്‍ അറിയാനും ലോകത്തില്‍ എവിടെ പോകാനും പറ്റുമെന്ന് അയാള്‍ സ്വന്തം ജീവിതംകൊണ്ട് മനസിലാക്കിയത് കൊണ്ട് തന്നെ ആയിരുന്നു ഈ വാശി.

അക്ഷരങ്ങളും അക്കങ്ങളും വായിക്കാന്‍ പറ്റിയിരുന്നില്ലങ്കിലും സുരേന്ദ്രന്‍ വാച്ചു കെട്ടുമായിരുന്നു. പോക്കറ്റില്‍ ഡയറിയുംപേനയും കാണും. കണ്ടാല്‍വിദ്യാസമ്പന്നന്‍. എഴുതാനും വായിക്കാനുംഅറിഞ്ഞില്ലെങ്കിലും അനുഭവ സമ്പത്തും ലോക പരിജ്ഞാനവും ഏകാഗ്ര ചിന്തയുമാവും ഈ സമ്പന്നതയ്ക്കു കാരണം എന്ന് മനസിലാക്കി അഞ്ചു വര്‍ഷം മുന്‍പ് ഒരു മലയാളം പ്രസിദ്ധീകരണത്തില്‍ സാക്ഷരനാകാന്‍ തയ്യാറാകാത്ത അയാളെ പരിചയപ്പെടുത്തി.

കോപ്പികള്‍ വലുതാക്കി നല്‍കി. സുരേന്ദ്രന്‍ ആരെയോ കൊണ്ടു വായിപ്പിച്ചിട്ടു പറഞ്ഞു ‘ദയവായി ഇതാരേയും കാണിക്കരുത്. എന്റെ ഇമേജ് പോകും’ പിന്നീടാരോടും പറഞ്ഞിട്ടില്ല. എന്റെ സുഹൃത്തുക്കളുടെ അടുത്ത് സുരേന്ദ്രന്‍ നടന്‍ എന്ന് പരിചയപ്പെടുത്തും. പിന്നീട് അയാള്‍ തന്നെ തന്റെ വീരകഥകള്‍ പറയുന്നതിനിടയില്‍ അക്ഷരം പഠിക്കാത്ത വീരകഥകള്‍ പറയും. ഞങ്ങളുടെ വീടുകളിലെ ചടങ്ങുകളുടെ കത്തുകള്‍ കൃത്യമായ വിലാസത്തില്‍ എത്തിക്കും. ഓരോസ്ഥലത്തെയും കത്തുകള്‍ അടുക്കി വേര്‍തിരിച്ചു വെയ്ക്കും. സംശയമുണ്ടാകുമ്പോള്‍ ആരെക്കൊണ്ടെങ്കിലും വായിപ്പിയ്ക്കും കണ്ണട മറന്നു പോയന്ന് പറഞ്ഞു രക്ഷപെടും.

ബസിലും ട്രെയിനിലും യാത്ര ചെയ്ത് എത്തേണ്ടെടുത്ത് ഏത്തുമായിരുന്നു. പ്രശസ്തരായ സാഹിത്യകാരന്‍മാര്‍, കലാകാരന്‍മാര്‍, മാധ്യ മപ്രവര്‍ത്തകര്‍ പീയൂണ്‍ മുതല്‍ ചില കളക്ടര്‍മാര്‍ വരെ സുഹൃതുക്കളായിരുന്നു. സുരേന്ദ്രന് സംസ്ഥാന സര്‍ക്കാരിന്റെ കലാകാര പെന്‍ഷനും കിട്ടി. അക്ഷരാഭ്യാസം ഇല്ലാത്തവന് എങ്ങനെ കലാകാര പെന്‍ഷന്‍ ലഭിക്കുമെന്നു സംശയമുള്ളവര്‍ സാംസ്‌കാരിക വകുപ്പിന്റെ സൈറ്റില്‍ പോയാല്‍ സുരേന്ദ്രന്റെ പേരുകാണും. ഒരിക്കല്‍ കെ ആര്‍ മോഹനനെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പോലും അതിശയിച്ചു പോയി. അദ്ദേഹത്തിന് കിട്ടുന്നതില്‍ കൂടുതല്‍ പെന്‍ഷന്‍ സുരേന്ദ്രന് കിട്ടുന്നു.

ഇതെങ്ങനെ സംഭവിച്ചു എന്നായിരിക്കും. സുരേന്ദ്രന്‍ പള്ളികൂടത്തില്‍ പോയില്ലെങ്കിലും ചെറുപ്പം മുതലേ സൈക്കിള്‍ ചവിട്ടി നാട് നീളെ നടക്കുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ സ്ഥലത്തെ മൈക്ക് കാര്‍ത്തികേയന്‍ സുരേന്ദ്രനെ ആംപ്ലിഫയര്‍ ഓണ്‍ ചെയ്യാനും മൈക്കും സ്പീക്കറും കണക്ട് ചെയ്യാനും ട്യൂബ് ലൈറ്റ് കത്തിക്കാനും പഠിപ്പിച്ചു. കറണ്ട് എത്താത്ത സ്ഥലങ്ങളില്‍ ബാറ്ററി വെച്ചും ജനറേറ്റര്‍ വെച്ചും ഉച്ചഭാഷിണിയിലൂടെ പഴയ നാടക ഗാനങ്ങളും കഥാപ്രസംഗളും നാട്ടുകാരെ കേള്‍പ്പിച്ചു. ഇലക്ട്രിക്ക് വയറൊക്കെ കടിച്ചു മുറിച്ചു കണക്ട് ചെയ്യുമ്പോള്‍ ശാസ്ത്രത്തിനും പോളിടെക്‌നിക്കിനും എഞ്ചനീയറിങ്ങിനും ഒക്കെ പഠിക്കുന്നവര്‍ അന്തംവിട്ടു നില്‍ക്കും.

ഒരിക്കല്‍ സമ്പന്ന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ സൈക്കിളിടിച്ചു വീഴ്ത്തുകയും അനന്തരം നാട്ടുകാരും പോലീസും വന്നപ്പോള്‍ സുരേന്ദ്രന്‍ തിരുവനന്തപുരത്തേയ്ക്കു കടന്നു. കള്ളുകുടിച്ചു കൊണ്ടാണ് സൈക്കിളിടിച്ചതെന്നറിഞ്ഞ മറ്റൊരു സുരേന്ദ്രന്‍ (എന്റെ അമ്മാവന്‍ അത്യാവശ്യം മദ്യപാനവും ഇതര പരിപാടികളുമായി തിരുവനന്തപുറത്ത് അറിയപ്പെടുന്ന കോണ്‍ട്രാക്ടര്‍) അഭയം നല്‍കുകയും ചെയ്തു.
തലസ്ഥാന നഗരിയില്‍ മദ്യനിരോധനം നിലനിന്നിരുന്ന കാലമായിരുന്നതിനാല്‍ സുരേന്ദ്രന്‍ കോണ്‍ട്രാക്ട് സുരേന്ദ്രനു വാറ്റു ചാരായം കടത്തിക്കൊണ്ട് കൊടുക്കയും അങ്ങനെ അവിടുത്തെ സംഘത്തിലൂടെ ഒരു മദ്യപാനി ആയി തീരുകയും ഒപ്പം ആരെയും നേരിടാനുള്ള തന്റേടം സമ്പാദിക്കയും ചെയ്തു.

ഈ കാലയളവില്‍ എംഎല്‍മാര്‍ മന്ത്രിമാര്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുമായി ചങ്ങാത്തം കൂടുകയും ആര്‍ സുഗതന്‍, ശങ്കരനാരായണന്‍ തമ്പി, കണിയാപുരം രാമചന്ദ്രന്‍ വഴി കെപിഎസിയില്‍ എത്തുകയും അവിടെ ട്രൂപ്പില്‍ കയറുകയും ലൈറ്റ് ആന്‍ഡ് സൗണ്ട് ചുമതല എടുക്കയും, കൊച്ചു കൊച്ചു സീനുകളില്‍ അഭിനയിക്കുകയുംചെയ്തു. അധികം സംഭാഷങ്ങളില്ലാത്ത റോളുകളില്‍ ആളില്ലാതെ വരുമ്പോള്‍ സുരേന്ദ്രന്‍ സ്റ്റാന്‍ഡ് ബൈ റോളില്‍ അഭിനയിക്കുകയും ചെയ്തു. കെപിഎസി നാടകവുമായി ഇന്ത്യ ഒട്ടാകെ നടന്നു. ഇതിനിടയില്‍ കെപിഎസി നാടകം വടകര തലശേരി ഭാഗത്തു കളിയ്ക്കുമ്പോള്‍ ആര്‍എസ്എസുകാര്‍ കൈകാര്യം ചെയ്തു. പിന്നീട് കാളിദാസ കലാകേന്ദ്രത്തിലായി. ആ ബന്ധം വഴി ഒ മാധവനും മുകേഷുമായി കുടുംബ ബന്ധമുണ്ടാക്കിയത് വഴി കലാകാര പെന്‍ഷനും കിട്ടി.

അങ്ങനെ ഇരിക്കെ സുരേന്ദ്രന്‍ ഉച്ചഭാഷിണിയും കൊണ്ടുനടന്ന വഴിയില്‍ ഒരു പെണ്ണിനെ കാണുകയും അവരെ കെട്ടിക്കൊണ്ടു വരുകയും ചെയ്തു. അതുവഴി രണ്ടു പെണ്‍മക്കളും പെണ്‍മക്കള്‍ വഴി രണ്ടാണ്‍മക്കളും ഉണ്ടായി. സുരേന്ദ്രന്റെ മൃതദേഹം കുളിപ്പിച്ച് കിടത്തി അന്ത്യകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ പെണ്‍മക്കളും ഭാര്യയും കെട്ടിപിടിച്ചു പൊട്ടിക്കരയുകയും അനുജന്‍ ജീവന്‍ പോയ സുരേന്ദ്രന്റെ മുഖത്തു ചുംബിച്ചു കരയുകയും ചുംബനം നീണ്ടപ്പോള്‍ കര്‍മ്മി ഇടപെടുകയും തുടര്‍ന്ന് ബാക്കി ഉള്ളവര്‍ പൂവിട്ടു സുരേന്ദ്രനെ ചിതയിലേക്ക് വെയ്ക്കുമ്പോള്‍ ആരോ ഒരു പിടി എള്ളും വിതറി.

സുരേന്ദ്രന്‍ നാട്ടുകാര്‍ക്കിടയില്‍ ‘വിത്തെള്ളന്നാണറിയപ്പെട്ടിരുന്നത്. വിതയ്ക്കാന്‍ കൊടുത്ത എള്ള്. കരിപ്പെട്ടിയും കൂട്ടി തിന്നുകയും എള്ളു വിതച്ചെന്നു പറഞ്ഞുകഴിഞ്ഞ്, മുളക്കേണ്ട ദിനം കഴിഞ്ഞിട്ടും മുളക്കിന്നില്ലന്നു കണ്ടപ്പോള്‍ കാര്യമന്വേഷിച്ചവര്‍ അറിയുന്നത് അയാള്‍ കരിപ്പെട്ടിയും കൂട്ടി കഴിച്ച കാര്യം പള്ളിക്കൂടത്തില്‍ പോണ പിള്ളേരോ പറഞ്ഞെന്നും അവര്‍ വഴി രഹസ്യം പൊളി ഞ്ഞപ്പോള്‍ സുരേന്ദ്രന്റെ പേര് ‘വിത്ത്എള്ളു സുരേന്ദ്രന്‍’ എന്നായി എന്നും ചരിത്രം. ആകയാല്‍ സുരേന്ദ്രന്റെ മരണ വാര്‍ത്ത ഉച്ച ഭാഷിണിയിലൂടെ നാട് നീളെ പറഞ്ഞു നടന്നപ്പോള്‍ സുരേന്ദ്രന്‍ എന്ന് മാത്രമാണ് വിളിച്ചു പറഞ്ഞത്. ഇതറിഞ്ഞവര്‍ ഉടന്‍ തന്നെ ഇടപെടുകയും അനൗണ്‍സ്‌മെന്റുകാരനെ രണ്ടാമത് വിടുകയും
അയാള്‍ വിളിച്ചു പറഞ്ഞു നടന്നു. ‘വിത്തെള്ള് സുരേന്ദ്രന്‍ എന്നറിയപ്പെടുന്ന കുന്നത്ത് സുരേന്ദ്രന്‍ ഇന്ന് പുലര്‍ച്ചയ്ക്ക് എഴുപത്തിനാലാമത്തെ വയസ്സില്‍ അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. മരണാനന്തര ചടങ്ങുകള്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കു വീട്ടുവളപ്പില്‍ നടക്കുന്നു. ഇതൊരറിയിപ്പായി കണക്കിലെടുത്ത് എല്ലാ ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കെടുക്കണമെന്നറിയിക്കുന്നു.’

അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഒത്തുകൂടുകയും എല്ലാവരും കൂടി സുരേന്ദ്രന്റെ വീരഗാഥകള്‍ പറയുന്നതിനിടയില്‍ മൃതദേഹം ചിതയില്‍ കത്തി തുടങ്ങിയിരുന്നു.

അനുബന്ധം:
എന്റെ വീടുയി അടുത്ത ബന്ധമുള്ള കക്ഷിക്കൊപ്പമാണ് ഞങ്ങള്‍ സഹോദരങ്ങള്‍ വളര്‍ന്നതും കക്ഷി കൊണ്ടുനടന്ന സൈക്കിളിലാണ് ഞങ്ങളും ഞങ്ങളുടെ മക്കളും അവരുടെ മക്കളും സൈക്കിള്‍ പഠിച്ചതും. ഒരിയ്ക്കല്‍ ഈ സൈക്കിളില്‍ ഒരു മഴക്കാലത്ത് സൈക്കിള്‍ യജ്ഞവും നടത്തി.
തുടര്‍ന്നുള്ള ജീവിതം ഹരിപ്പാട് ഒരു കടയില്‍ കെയര്‍ടേക്കാറായി നില്‍ക്കുകയും യൂണിഫോം ധരിക്കേണ്ട അവസ്ഥ വന്നപ്പോള്‍ പണി മതിയാക്കി നാട്ടില്‍ ഉരസുന്ന കാലത്ത് ഒരു ചതയനാളില്‍ പി എന്‍ ഗോപീകൃഷ്ണന്‍ ശ്രീനാരായണ ഗുരുവിനെപ്പറ്റി പ്രഭാഷണം നടത്താന്‍ അസല്‍ സി എസ് വെങ്കിടേശ്വരന്‍ തുടങ്ങിയ തൃശൂര്‍ സംഘം എന്റെ ഫാമില്‍ വരികയും അവര്‍ക്കായി സ്വരൂപിച്ചിരുന്ന മദ്യം മുഴുവന്‍ സുരേന്ദ്രന്‍ കഴിച്ചു കൊണ്ടുപോകുകയും തുടര്‍ന്നുള്ള ഞങ്ങളുടെ മദ്യാ ന്വേഷണ പരീക്ഷണങ്ങളില്‍ പങ്കാളിയാവുകയും അതിഥികള്‍ ചതയ ദിനത്തോട് നീതി പുലര്‍ത്തി യാത്രയായതും ഓര്‍ത്തുനില്‍ക്കുമ്പോള്‍ സുരേന്ദ്രന്റെ ചിതയില്‍ സ്പിരിറ്റ് വീണത് പോലെ ആളി കത്തി. സൈക്കിള്‍ ചിതയില്‍ വയ്ക്കാതെ വീടിനോടു ചാരി വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഒരു അസാക്ഷരന്‍ പോയി സാക്ഷര ശതമാനം കൂടി’.

അശോക് എന്ന മുതുവാന്‍ കവിയുടെ ജീവിതം

അയ്യാസാമി എന്ന കൊടുങ്കാട്

ബാലു: മാനൊളുകിറ വരയില്‍ ഒരാണ്‍ ജീവിതം

അമല: കാറ്റിന് പിന്നിലെ വീട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍