UPDATES

ട്രെന്‍ഡിങ്ങ്

ഒരു പണിയും ഇല്ലാത്തതിനാലാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുന്നതെന്ന് കണ്ണന്താനം

3.3 ശതമാനം മാത്രമാണ് ഇന്ത്യയിലെ പെട്രോള്‍ വിലവര്‍ദ്ധനവെന്നും ലോകത്ത് ഏറ്റവും വിലക്കയറ്റം കുറഞ്ഞ രാജ്യം ഇന്ത്യയാണെന്നും കണ്ണന്താനം

പ്രത്യേകിച്ച് യാതൊരു ജോലിയുമില്ലാത്തതിനാലാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നതെന്നും കണ്ണന്താനം ചോദിക്കുന്നു. എല്ലാവരും പങ്കുവച്ചു ജീവിക്കുകയെന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഞാനും എന്റെ പിള്ളേരും എന്നതാണ് മലയാളിയുടെ ചിന്തയെന്നും കണ്ണന്താനം ആരോപിക്കുന്നു. പത്തനംതിട്ടയില്‍ ജനരക്ഷാ യാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു കണ്ണന്താനം.

കാശുള്ളവര്‍ പാവപ്പെട്ടവരെക്കൂടി പരിഗണിക്കണം. 67 ശതമാനം പേര്‍ക്ക് കക്കൂസ് ഇല്ലെന്ന് പറയുന്നത് എന്തു നാണക്കേടാണ്. മോദി അധികാരത്തില്‍ വരുമ്പോള്‍ 67 ശതമാനം ആളുകള്‍ക്ക് കക്കൂസ് ഇല്ലായിരുന്നു. നാലേമുക്കാല്‍ കോടി കക്കൂസുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69 ശതമാനം പേര്‍ക്കും കക്കൂസ് ഉണ്ടെന്നും കണ്ണന്താനം പറയുന്നു. ഒരു ശതമാനം പേര്‍ മാത്രമാണ് നേരത്തെ നികുതി കൊടുത്തിരുന്നത്. നമ്മള്‍ അത്ര മാന്യന്മാര്‍ ഒന്നുമല്ല, തട്ടിപ്പും വെട്ടിപ്പുമാണ് നടത്തിക്കൊണ്ടിരുന്നത്. അതിന് തടയിടുമ്പോള്‍ എതിര്‍പ്പുണ്ടാകും. ഏതൊരു വിപ്ലവകരമായ മാറ്റമുണ്ടാകുമ്പോഴും ചെറിയ കടമ്പകള്‍ തരണം ചെയ്യേണ്ടി വരും. സാമ്പത്തിക മാന്ദ്യം അത്തരത്തിലൊരു കടമ്പ മാത്രമാണ്.

കണ്ണന്താനത്തിന് വട്ടാണെന്ന് പലരും പറഞ്ഞേക്കും. എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കും. കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. ചിലര്‍ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി തുടങ്ങും. എല്ലാവരും അത്തരക്കാരാണെന്ന് പറയുന്നില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

പെട്രോള്‍ വില വര്‍ദ്ധനവ് പാവങ്ങളെ ബാധിക്കില്ലേയെന്ന ചോദ്യത്തില്‍ ന്യായമില്ല. 3.3 ശതമാനം മാത്രമാണ് ഇന്ത്യയിലെ പെട്രോള്‍ വിലവര്‍ദ്ധനവെന്നും ലോകത്ത് ഏറ്റവും വിലക്കയറ്റം കുറഞ്ഞ രാജ്യം ഇന്ത്യയാണെന്നും കണ്ണന്താനം പറയുന്നു. അതേസമയം രാജ്യത്തെ ഏറ്റവും നശിച്ച ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും കണ്ണന്താനം ആരോപിക്കുന്നു. കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിന് പേരുദോഷമുണ്ടാക്കി. കൊലപാതക രാഷ്ട്രീയം പറ്റില്ലെന്ന് ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. ബിജെപിയുടെ യുദ്ധമുറ വാളും കത്തിയുമെടുത്തല്ലെന്നും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും കണ്ണന്താനം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍