UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയെക്കുറിച്ചുള്ള ‘തെറ്റിദ്ധാരണകള്‍’; കെവിന്‍ ഡ്യൂറന്റ് ക്ഷമ ചോദിച്ചു

അമേരിക്കന്‍ ബാസകറ്റ്‌ബോള്‍ താരം ഇന്ത്യയെ അപമാനിച്ചു എന്നായിരുന്നു വിവാദം

ഇന്ത്യയെ അപമാനിച്ചു സംസാരിച്ചു എന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരം കെവിന്‍ ഡ്യൂറന്റ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, ക്ഷമ ചോദിക്കുന്നതായും ഡ്യൂറന്റ്. ഇന്ത്യയില്‍ ചെലവഴിച്ച സമയം ആഹ്ലാദകരമായിരുന്നുവെന്നും ഡ്യൂറന്റ് ട്വിറ്ററില്‍ കുറിച്ചു. എന്റെ വാക്കുകള്‍ ഏതുവിധമാണ് മനസിലാക്കിയതെന്നത് അത്ഭുതപ്പെടുത്തുന്നു. അതെന്റെ തെറ്റ് തന്നെയാണ്. ഞാന്‍ നല്ലഭാഷയില്‍ കാര്യങ്ങള്‍ പറയണമായിരുന്നു. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. ഞാന്‍ താന്‍ ഇനിയും ഇന്ത്യയിലെ കോച്ചിംഗ് കാമ്പുകളിലും സ്‌കൂളിലും വരുമെന്നും കെവിന്‍ ഡ്യൂറന്റ് പറയുന്നു.

ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനം തനിക്ക് വലിയ സാംസ്‌കാരിക ഞെട്ടലാണ് സമ്മാനിച്ചതെന്നായിരുന്നു കെവിന്‍ ഡ്യൂറന്റിന്റെ ആദ്യത്തെ പ്രതികരണം. അനന്യമായ ഒരു അനുഭവമായിരുന്നു അതെന്നും ഗോള്‍ഡന്‍ സ്റ്റാര്‍ വാരിയേഴ്‌സ് താരം പറഞ്ഞിരുന്നു. വിജ്ഞാനത്തിന്റെയും അനുഭവങ്ങളുടെയും കാര്യത്തില്‍ 20 വര്‍ഷം പിറകിലുള്ള ഒരു രാജ്യമാണ് സന്ദര്‍ശിച്ചതെന്ന് യാത്രാനുഭവങ്ങള്‍ തന്നെ പഠിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരുവുകളില്‍ പശുക്കളെയും കുരങ്ങുകളെയും നൂറുകണക്കിന് മനുഷ്യരെയും കാണാം. റോഡുകളിലൂടെ ദശലക്ഷം കാറുകള്‍ പായുന്നു.

എന്നാല്‍ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ് ഏറെയും. അവര്‍ക്ക് ബാസ്‌കറ്റ് ബോള്‍ കളിക്കുന്നത് എങ്ങനെ എന്ന് പഠിക്കണം. അത് തനിക്കൊരു ആശ്വാസമായിരുന്നുവെന്നും ഡ്യൂറന്റ് പറയുന്നു. ഒന്നും പ്രതീക്ഷാതെയാണ് താന്‍ ഇന്ത്യയിലേക്ക് പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണ ഒരു ധാരണയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിക്കാറുള്ളത്. ഇന്ത്യയില്‍ കൊട്ടാരങ്ങളും രാജാക്കന്മാരും സ്വര്‍ണ്ണശേഖരങ്ങളുമാവും സന്ദര്‍ശിക്കുക എന്നാണ് വിചാരിച്ചിരുന്നത്. ദുബായ് പോലെയുള്ള ഒരു സ്ഥലമായിരുന്നു മനസില്‍. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അവരുടെ സംസ്‌കാരവും ജീവിതവും കണ്ടത്. അത് വളരെ കഠിനമായി അനുഭവപ്പെട്ടുവെന്നും ദ അത്‌ലറ്റികിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഡ്യൂറന്റ് പറയുന്നു.

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ന്യൂഡല്‍ഹിയില്‍ വച്ച് ഡ്യൂറന്റ് ഒരേ സമയം 3,459 കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ് ബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോഡ് സൃഷ്ടിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം താജ് മഹല്‍ സന്ദര്‍ശിച്ചത്. ‘താജ് മഹലിലേക്ക് പോകുമ്പോള്‍ അതൊരു വിശുദ്ധ സ്ഥലമായിരിക്കുമെന്നും അതീവ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്നുണ്ടാവുമെന്നും വളരെ വളരെ വൃത്തിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വണ്ടിയോടിച്ച് പോകുമ്പോള്‍ കുട്ടിക്കാലത്ത് എന്റെ വീടിനടുത്തുള്ള വഴികള്‍ക്ക് സമാനമാണ് അതെന്ന് മനസിലായി. ചെളി നിറഞ്ഞ റോഡുകളും പണി പൂര്‍ത്തിയാവാത്ത വീടുകളില്‍ പാര്‍ക്കുന്ന ജനങ്ങളും. വാതിലുകളോ ജനലുകളോ ഇല്ല. തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളും പട്ടികളും. പെട്ടെന്ന് നിങ്ങളുടെ മുന്നില്‍ ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍ തെളിയുന്നു. ഇത് 500 വര്‍ഷങ്ങള്‍ മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ്. എല്ലാവരും ഇവിടം സന്ദര്‍ശിക്കുന്നു. അത് ഒരു കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നു,’ എന്ന് കെവിന്‍ ഡ്യൂറന്റ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍