UPDATES

ട്രെന്‍ഡിങ്ങ്

കെവിനെ മുക്കിക്കൊന്നതാകാമെന്ന് പോലീസ്

കെവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നു

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം മാന്നാനത്ത് തട്ടിക്കൊണ്ട് പോകുകയും പിന്നീട് മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്ത കെവിന്‍ പി ജോസഫിനെ പ്രതികള്‍ മുക്കിക്കൊന്നതാകാമെന്ന് പോലീസ്. കോട്ടയത്തു നിന്നും തെന്മലയിലേക്കുള്ള യാത്രയില്‍ കാറില്‍ വച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ കെവിനെ തെന്മലയിലെ ചാലിയക്കരയാറ്റിലെ തോട്ടില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് സംശയം.

നേരത്തെ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ കെവിന്റേത് മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. കേസില്‍ പിടിയിലായ ഒന്നാം പ്രതി ഷാനു ചാക്കോയെയും അഞ്ചാം പ്രതിയും പിതാവുമായ ചാക്കോ ജോണിനെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് സ്ഥിരീകരണം ലഭിക്കൂ. കെവിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെങ്കിലും അവയൊന്നും മരണ കാരണമായിട്ടില്ല. അക്രമികള്‍ മര്‍ദ്ദിച്ച് വെള്ളത്തില്‍ തള്ളിയതോ അല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ വെള്ളത്തില്‍ വീണതോ ആകാനുള്ള സാധ്യതകളുമുണ്ട്.

അതേസമയം ആന്തരിക പരിശോധന ഫലങ്ങള്‍ ലഭ്യമായാല്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് ലഭ്യമാാകൂ. രണ്ട്, മൂന്ന് ദിവസത്തിനകം ഈ റിപ്പോര്‍ട്ട് ലഭ്യമാകൂ. അതേസമയം സ്വാഭാവികമായി വെള്ളംകുടിച്ചതാണോ അതോ ആരെങ്കിലും ബലമായി മുക്കിപ്പിടിച്ചതാണോ എന്നറിയാന്‍ ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് അറിയണം. അതിന് ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കെവിന്റെ മൃതദേഹം തെന്മല ചാലിയക്കരയില്‍ റബ്ബര്‍ തോട്ടത്തിനടുത്തുള്ള തോട്ടില്‍ നിന്നും കണ്ടെത്തിയത്. തല വെള്ളത്തില്‍ പൊങ്ങി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന്റെ ഭാഗത്തെ മാംസം അടര്‍ന്ന നിലയിലായിരുന്നു. ഇത് മത്സ്യങ്ങള്‍ കൊത്തിയെടുത്തതാണോയെന്നും സംശയിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിക്കാനുള്ള ചടങ്ങുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കേസില്‍ ഇന്ന് പിടിയിലായ ചാക്കോ ജോണും ഷാനു ചാക്കോയും ഇരട്ടിയ്ക്ക് സമീപമുള്ള കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അവിടെ കസ്റ്റഡി രേഖപ്പെടുത്തിയ ശേഷം കോട്ടയം ജില്ലാ പോലീസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെയെത്തിയ പോലീസിന് ഇവരെ കൈമാറി. ഇവരെ കണ്ണൂരില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കെവിന്റെ മരണ കാരണം മര്‍ദ്ദനമല്ല എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിന് തന്നെ ഇവര്‍ക്കെതിരെ കേസെടുക്കാമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കെവിന്റെ മരണത്തിന് കാരണമായ തട്ടിക്കൊണ്ട് പോകല്‍ കൊലപാതകത്തിന് തുല്യമാണെന്നതിനാലാണ് ഇത്. കൂടാതെ ദുരഭിമാനക്കൊലയുടെ കേസും ഇതോടൊപ്പം ചുമത്താന്‍ സാധിക്കും. കേസിലെ ഏറ്റവും സുപ്രധാനമായ അറസ്റ്റാണ് ഇന്ന് നടന്നിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കെവിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ കെവിന്‍ തന്റെ മകളുടെ ഭര്‍ത്താവാണെന്നും ചാക്കോയുടെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍