UPDATES

ട്രെന്‍ഡിങ്ങ്

കെവിന്‍ വധക്കേസ്; എസ് ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചു

കെവിന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോള്‍ തന്നെയായിരുന്നു എസ് ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതും

കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷന്‍ മുന്‍ എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഷിബുവിനെ സര്‍വീസില്‍ തിരികെയെടുത്തതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട കെവിന്റെ കുടുംബവും ഭാര്യ നീനും ശക്തമായ ഭാഷയിലാണ് ഇതിനെതിരേ പ്രതികരിച്ചിരുന്നത്. ഷിബുവിനെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.

കെവിന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോള്‍ തന്നെയായിരുന്നു എസ് ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതും. തിരിച്ചെടുത്തുവെങ്കിലും സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ് ഐ ആയാണ് നിയമനമെന്നും സീനിയോറിറ്റി വെട്ടിക്കുറച്ചെന്നും ശമ്പള വര്‍ദ്ധനവ് തടഞ്ഞെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ കെവിന്‍ കൊല്ലപ്പെടുന്നത് തടയാമായിരുന്നിട്ടും പ്രതികള്‍ക്കൊപ്പം നിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എസ് ഐ ഷിബുവിനെതിരേ കെവിന്റെ ഭാര്യ നീനു തെളിവുകള്‍ നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷിബു കുറ്റം ചെയ്തിട്ടുണ്ടെന്നു ബോധ്യമായത്. സസ്‌പെന്‍ഷന്‍ നല്‍കിയതിനു പുറമെ പിരിച്ചു വിടുമെന്നു കാണിച്ച് നോട്ടീസും നല്‍കിയിരുന്നു. ഷിബുവിനെതിരേ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഷിബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടുന്നതിന് നിയമതടസം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തരംതാഴ്ത്തല്‍ നടപടികളോടെ സര്‍വീസില്‍ തിരിച്ചെടുത്തത്.

തന്നെ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ അനുവാദം കൊടുത്തത് എസ് ഐ ഷിബു ആണെന്നു നീനു പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായ കെവിനും തനിക്കും ഒരുമിച്ച് ജീവിക്കാനുള്ള നിയമ സഹായം ചെയ്യാന്‍ ബാധ്യത ഉള്ള ഉദ്യോഗസ്ഥനായിട്ടും എസ് ഐ ഷിബു പ്രതികളായ തന്റെ വീട്ടുകാര്‍ക്കൊപ്പമാണ് നിന്നതെന്നും നീനു പരാതിപ്പെട്ടിരുന്നു. ഷിബുവിനെതിരേ മൊഴി നല്‍കുമ്പോള്‍ ഒരു പൊലീസ് ഉദ്യോദസ്ഥന്‍ തന്നോട് പറഞ്ഞത് ഇങ്ങനെയുള്ളവരെ സര്‍വീസില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ലെന്നായിരുന്നു എന്നും നീനൂ പറയുന്നുണ്ട്. കെവിനും താനും കൂടി ഒരുമിച്ച് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയപ്പോഴും വളരെ മോശമായാണ് എസ് ഐ തങ്ങളോട് പെരുമാറിയതെന്നും നീനുവിന്റെ മൊഴിയുള്ളതാണ്. വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയെന്ന പരാതിയാണ് എസ് ഐ ഷിബുവിന് കൊടുത്തത്. എന്നാല്‍ ആ പരാതിയില്‍ കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയ്യാറായില്ലെന്നും നീനു കോടതിയില്‍ അടക്കം പറഞ്ഞിരുന്നു. ഇത്രയും ആരോപണങ്ങളും തെളിവ് സഹിതം ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഈ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് മുഖ്യമന്ത്രി ഷിബുവിനെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

അമിത് ഷാ മന്ത്രി സഭയിലേക്ക്; ധനമോ പ്രതിരോധമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍