UPDATES

ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനാക്കാന്‍ കുഞ്ഞിനെ കെട്ടിയിട്ടത് മണിക്കൂറുകള്‍: വ്യാപക പ്രതിഷേധം

കുഞ്ഞിനെ വാഹനത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം വെയിലത്ത് കൊണ്ടു നടന്നു

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയുടെ പേരില്‍ മൂന്ന് വയസ്സ് പ്രായം വരുന്ന കുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോ സെറ്റില്‍ കെട്ടിയിട്ടു. പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലാണ് മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സംഭവം നടന്നത്.

ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച മുന്ന് വയസ്സോളം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിടുകയായിരുന്നു. ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. മൂന്ന് മണിയോടെ വിവിധ വേഷങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളില്‍ എത്തിക്കുകയായിരുന്നു. അതില്‍ ഒന്നായിരുന്നു ഇത്. നല്ല വെയില്‍ ഉണ്ടായിരുന്ന സമയം ആയതിനാല്‍ തന്നെ ഈ കുട്ടി അതുമുഴുവന്‍ സഹിച്ചാണ് ഇവിടെയെത്തിയത്. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയാണെന്ന് ശ്രീകാന്ത് ഉഷ പ്രഭാകരന്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. കൂടാതെ വെയില്‍ ഏല്‍ക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ഇദ്ദേഹം പറയുന്നു. ആദ്യം പ്രതിമായാണെന്നാണ് കരുതിയെങ്കിലും കൈകാലുകള്‍ അനക്കുന്നത് കണ്ടപ്പോഴാണ് ജീവനുണ്ടെന്ന് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഇദ്ദേഹം ചൈല്‍ഡ് ലൈന്‍ നമ്പരായ 1098ല്‍ വിളിച്ചു ഇതേക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് പരാതിയുണ്ടോ? രക്ഷിതാവിന് പരാതിയുണ്ടോ? അനുമതി വാങ്ങിയാണ് അവര്‍ പരിപാടി നടത്തുന്നത് എന്നിങ്ങനെയുള്ള മറുപടികളാണ് അദ്ദേഹത്തിന് ലഭിച്ചത്. മൂന്ന് പ്രാവശ്യം ഫോണ്‍കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് പയ്യന്നൂരിലെ ചൈല്‍ഡ് ലൈന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയോട് സംസാരിക്കാന്‍ പറ്റിയെങ്കിലും അവരുടെ മറുപടിയും അങ്ങേയറ്റം അവഗണന സമീപനത്തോടെയായിരുന്നു. വിഷയം ഗൗരവത്തോടെയെടുക്കാന്‍ തയ്യാറാകാതിരുന്ന ഇവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ പറഞ്ഞപ്പോള്‍ അത് തങ്ങളുടെ കടമയല്ലെന്നായിരുന്നു മറുപടി. ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും അവര്‍ പറയുന്നു.

പയ്യന്നൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് ശോഭായാത്ര നടന്നത്. ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒട്ടനവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും മാതാപിതാക്കളുടെയും സംഘാടകരുടെയും അധികൃതരുടെയും വീണ്ടുവിചാരമില്ലായ്മയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ പോസ്റ്റ് പ്രചരിച്ചതോടെ കേരളത്തിന്റെ മറ്റ് ചില പ്രദേശങ്ങളിലും ഇതേരീതിയില്‍ കുട്ടികളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ കാറപടകടത്തില്‍ കുഞ്ഞ് മരിച്ച അമ്മയെ അപകടകരമായ ഡ്രൈവിംഗ് മരണകാരണമായെന്ന് നിരീക്ഷിച്ച് ശിക്ഷിച്ചതും ശാസ്ത്രീയ ചികിത്സ കൊടുക്കാതെ ഹോമിയോ മരുന്ന് കൊടുത്ത് കുഞ്ഞ് മരിച്ചതിന് മലയാളികളായ മാതാപിതാക്കള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയ വാര്‍ത്തയും അടുത്തകാലത്താണ് നാം വായിച്ചത്. കുട്ടികളുടെ അവകാശത്തോട് അത്രത്തോളം ശ്രദ്ധാലുക്കളാണ് വിദേശരാജ്യങ്ങള്‍.

എന്നാല്‍ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം നോക്കാതെ മാതാപിതാക്കള്‍ പെരുമാറുമ്പോള്‍ അത് സ്‌റ്റേറ്റിന്റെ ചുമതലയാണ്. ഇവിടെ പോലീസും ബന്ധപ്പെട്ട അധികാരികളും അത് പാലിക്കുന്നതിലാണ് വീഴ്ച വരുത്തിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും പൗരാവകാശമുണ്ടെന്ന് മനസിലാക്കാതെയുള്ളതാണ് ഇവരുടെ നടപടി. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ഒരുപക്ഷെ അതൊരു ദുരന്തത്തില്‍ കലാശിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കണം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍