UPDATES

ട്രെന്‍ഡിങ്ങ്

അരുണ്‍ ജെയ്റ്റിലിയെ വിമര്‍ശിച്ച മുന്‍ ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങിലാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്

മുന്‍ ബിജെപി എംപിയും ക്രിക്കറ്റ് താരവുമായിരുന്ന കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1983ല്‍ ലോകകപ്പ് നേടിയ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന കീര്‍ത്തി ആസാദ് മൂന്ന് തവണ ബിജെപി എംപിയായിരുന്നു. ബിഹാറിലെ ദര്‍ഭാംഗയെയാണ് ആസാദ് പാര്‍ലമെന്റില്‍ പ്രതിധീകരിച്ചത്.

ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങിലാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്. 2015ലാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആസാദ് ബിജെപിയില്‍ നിന്നും പുറത്തായത്. ഏത് നിമിഷവും കോണ്‍ഗ്രസിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കലും തെരഞ്ഞടുപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോഴത്തെ കോണ്‍ഗ്രസ് പ്രവേശം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

നേരത്തെ ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കീര്‍ത്തി ആസാദ് പറഞ്ഞിരുന്നത്. എന്നാല്‍ പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതോടെ അത് മാറ്റിവച്ചു. ദുഃഖാചരണം അവസാനിച്ച ഇന്ന് ഔദ്യോഗിക ചടങ്ങ് നടത്തി കീര്‍ത്തി ആസാദിന്റെ പാര്‍ട്ടി പ്രവേശനം കോണ്‍ഗ്രസ് ആഘോഷമാക്കുകയും ചെയ്തു. ദര്‍ഭംഗ മണ്ഡലത്തില്‍ തന്നെ ഇദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.

മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് 2015ല്‍ കീര്‍ത്തി ആസാദ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. ഡല്‍ഹി ക്രിക്കറ്റ് ബോഡിയായ ഡിഡിസിഎയിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയതും ആസാദ് പാര്‍ട്ടിക്ക് അനഭിമതനാകാന്‍ കാരണമായി. പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് കീര്‍ത്തി ആസാദ് ഉന്നയിച്ചിരുന്നത്. ആംആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ആസാദിന് ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ഭഗ്‌വത് ഝാ ആസാദ് കോണ്‍ഗ്രസ് നേതാവും ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍