UPDATES

ട്രെന്‍ഡിങ്ങ്

സവര്‍ക്കറെ വെളുപ്പിച്ചെടുക്കുന്ന സംഘി സുഹൃത്തുക്കളോട്, ആ ഇര മോഹൻ ദാസ് കരംചന്ദ് ഗാന്ധിയാണ്

ഒരു മഹാരാജ്യത്തിന്റെ ബൃഹത്തായ ഇന്നലെകളിൽ, അതിന്റെ നീണ്ടു നീറിക്കിടക്കുന്ന സമരപഥങ്ങളിൽ എവിടെയെങ്കിലും ഒരിരിപ്പിടം കിട്ടുമോയെന്നു നോക്കി പാഞ്ഞു നടക്കുകയാണ് അവർ

വിനായക് ദാമോദർ സവർക്കറെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ സംഘി സുഹൃത്തുക്കൾ നമ്മളോട് പുതിയ ചരിത്ര കഥകൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു മഹാരാജ്യത്തിന്റെ ബൃഹത്തായ ഇന്നലെകളിൽ, അതിന്റെ നീണ്ടു നീറിക്കിടക്കുന്ന സമരപഥങ്ങളിൽ എവിടെയെങ്കിലും ഒരിരിപ്പിടം കിട്ടുമോയെന്നു നോക്കി പാഞ്ഞു നടക്കുകയാണ് അവർ, കൂട്ടത്തിൽ ഈ കുത്തിത്തിരിപ്പിന്റെയൊക്കെ പ്രത്യയയശാസ്ത്ര പരിസരമൊരുക്കിയ സവർക്കർക്കു ഇരിക്കാൻ മാന്യമായ ഒരിടവും അവർ തേടുന്നുണ്ട്.

അതിന്റെ ഭാഗമായായിരിക്കണം ഇപ്പോൾ പുതുതായി ഇറങ്ങിയിരിക്കുന്ന സീരിയൽ “നന്ദിയില്ലാത്ത വർഗ്ഗം”. സംഘി സാഹിത്യത്തിൽ പതിവില്ലാത്ത നിലവിളി ശബ്ദമാണ് ഇത്. “നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ…” എന്ന് നെഞ്ചുവിരിച്ചുനടന്ന പാർട്ടികൾ ആ വർഗ്ഗത്തിന്റെ നന്ദിയെക്കുറിച്ച് ആകുലപ്പെടുന്നു, അതും ആ മഹദ് വാക്യത്തിന്റെ ഉപജ്ഞാതാവിന്റെ പേരിൽത്തന്നെ. കാലത്തിന്റെ കളി!

പുതുചരിത്ര രചനയിലെ ആദ്യത്തെ അധ്യായത്തിന്റെ കാമ്പ് ഇതാണ്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മഹാത്മാ ഗാന്ധിയുടെ അഭിനന്ദനം ഏറ്റുവാങ്ങാൻ പറ്റിയ, ഏതൊരാളുടെ ജയിലിലെ വാസം അനീതിയാണെന്ന് ഗാന്ധിജിയ്ക്കുപോലും തോന്നിയ ആ വീര സേനാനിയെ ആണ് നിങ്ങൾ മാപ്പു വീരനായി ട്രോളുന്നത് .

ഒരു വിശിഷ്ട വ്യക്തി സവർക്കറെ പ്രശംസിച്ചതും അദ്ദേഹത്തിൻറെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിക്കാം എന്ന് വാഗ്ദാനം ചെയ്തതും ഒക്കെ വിവരിച്ചതിനുശേഷം സാഹിത്യം ഇങ്ങിനെയാണ്‌ അവസാനിക്കുന്നത്:

“പിന്നീട് 1945 മാർച്ച് 22 ന് വീർ സവർക്കറുടെ സഹോദരൻ മരിച്ചപ്പോൾ അദ്ദേഹം നേരിട്ട് കത്തെഴുതി അനുശോചനവും അറിയിച്ചു . വീർ സവർക്കറെന്ന് തന്നെ അഭിസംബോധന ചെയ്തായിരുന്നു കത്തയച്ചത്.

വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു .

ഈ പ്രമുഖ വ്യക്തിക്ക് ഇന്ദിരാഗാന്ധിയുമായി ബന്ധമൊന്നുമില്ല.

പക്ഷേ 1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ളവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പേരിന്റെ അവസാനവും ഒരു ഗാന്ധിയുണ്ട് .

മോഹൻദാസ് കരംചന്ദ് ഗാന്ധി ..”

സവർക്കറുടെ രാഷ്ടീയഹിന്ദു മുതല്‍ മോദിയുടെ കോർപ്പറേറ്റ് ഹിന്ദു വരെ; വെറുപ്പിന്റെ ചരിത്രം, നീതിരാഹിത്യത്തിന്റെയും

***
ഒരു പോയിന്റിൽ തുടങ്ങുകയും മറ്റൊരു പോയിന്റിൽ അവസാനിക്കുന്ന കൊച്ചു കഷണങ്ങളായി ചരിത്രം നിലനിൽക്കാറില്ല. അവയ്ക്കൊക്കെ ഒരു പൂർവ്വഭാഗവും ഉത്തരഭാഗവും ഉണ്ടായിരിക്കും. അവകാശവാദങ്ങളും കുയുക്തികളും കൊണ്ട് ഭരണപരാജയങ്ങളെ വെളുപ്പിച്ചെടുക്കുന്നതുപോലെയാവില്ല ചരിത്രത്തിൽ കൈവച്ചാൽ. അസുഖകരമായതെല്ലാം ഒഴിവാക്കി കഷ്ടപ്പെട്ട് കെട്ടിയുണ്ടാക്കുന്ന പൊളപ്പിലേക്ക്‌ ആരെങ്കിലും ഒരു ലൈറ്റടിച്ചാൽ അപ്പോൾ തീരും. നെഞ്ചുവിരിച്ചുള്ള നിൽപ്പ്.

ആരെങ്കിലും അന്വേഷിച്ച് കണ്ടുപിടിക്കുന്നതുവരെ സാഹിത്യത്തിൽ പറഞ്ഞതൊക്കെ ശരിയാണ് എന്ന് തന്നെ വയ്ക്കുക. അങ്ങിനെ വന്നാൽ ആ പോസ്റ്റിനു ഒരു തുടർച്ചയുണ്ട്. അതിനുള്ള വിവരങ്ങൾ വിഖ്യാത നിയമജ്ഞനും എഴുത്തുകാരനുമായ എ ജി നൂറണി കാലങ്ങൾക്കുമുന്പ് രേഖപ്പെടുത്തിയിട്ടുണ്ട് (1*), ദി വയർ വിശദമായ ഒരു റിപ്പോർട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട് (2*). ഈ രണ്ട് റിപ്പോർട്ടുകളും അതിൽ പറഞ്ഞിരിക്കുന്ന രേഖകളുടെ ബന്ധപ്പെട്ട മിക്കവാറും ഭാഗങ്ങളും വായിച്ചതിനുശേഷം “നന്ദിയില്ലാത്ത വർഗ്ഗം” എന്ന സോദ്ദേശ സാഹിത്യത്തിന് ഒരു തുടർച്ച എഴുതിയാൽ ഏകദേശം ഇതുപോലിരിക്കും.

***
പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ നടന്നുകഴിഞ്ഞു കാലം മുൻപോട്ടു പോയി. ഡൽഹിയിൽ ഒരു കൊലപാതകം നടന്നു. സവർക്കർ ആ വധക്കേസിൽ പ്രതിയായി വിചാരണ ചെയ്യപ്പെട്ടു. ഗൂഡാലോചനായിരുന്നു സവർക്കറുടെ പേരിലുള്ള കുറ്റം. മാപ്പുസാക്ഷിയായിരുന്ന ദിഗംബർ ബാഡ്ഗേയുടെ മൊഴിയായിരുന്നു സവർക്കർക്കെതിരെ ഉണ്ടായിരുന്നത്.

കൊലപാതകത്തിന് രണ്ടാഴ്ച മുൻപ് ബോംബെയിലെ സവർക്കർ സദനിൽവെച്ച് ഒന്നാം പ്രതിയും രണ്ടാം പ്രതിയും സവർക്കറെ കണ്ടു എന്നായിരുന്നു ബാഡ്ഗേ പറഞ്ഞത്, അത് ഗൂഢാലോചനയ്ക്കായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. യാത്രയാകുമ്പോൾ “വിജയിച്ചുവരൂ” എന്ന് സവർക്കർ പറഞ്ഞു എന്നും ബാഡ്ഗേ പറഞ്ഞു.

വിചാരണയിൽ നിന്ന്: (3*)

ചോദ്യം:

On 17th January 1948 Nathuram Godse, Apte and Badge went to your house. Nathuram Godse and Apte went upstairs, and Badge waited in the room on the ground floor. Nathuram Godse and Apte then came down after 5-10 minutes. They were followed immediately by you. You said ‘yashasvi houn ya’. Would you like to suggest anything ?

ഉത്തരം: This is altogether false.

ചോദ്യം: ജനുവരി 17-നു നാഥുറാം ഗോഡ്‌സെ, ആപ്‌തെ, ബാഡ്ഗേ എന്നിവർ നിങ്ങളുടെ വീട്ടിൽ വന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവർ മുകള്നിലയിലേക്കു കയറിപ്പോയി, ബാഡ്ഗേ താഴെത്തെ നിലയിലെ മുറിയിൽ ഇരുന്നു. നാഥുറാം ഗോഡ്‌സെ, ആപ്‌തെ എന്നിവർ അഞ്ചു പത്തു നിമിഷങ്ങൾക്കകം ഇറങ്ങിവന്നു. നിങ്ങളും അപ്പോൾത്തന്നെ ഇറങ്ങിവന്നു. വിജയിച്ചു വരൂ എന്നി നിങ്ങൾ പറഞ്ഞു. എന്താണ് ഇതിനെക്കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്?

ഉത്തരം: ഒട്ടും ശരിയല്ല.

കോടതിയിൽ എഴുതി സമർപ്പിച്ച സ്റ്റേയ്റ്റ്‌മെന്റിൽ സവർക്കർ ഇങ്ങിനെ പറയുന്നു:

“Firstly, I submit.. that Apte and Godse did not see me on 17th January 1948 or any other day near about and I did not say to them, ‘Be successful and come back’…)

“….1948 ജനുവരി 17-നോ അതിനടുത്ത ദിവസങ്ങളിലോ ആപ്തെയോ ഗോഡ്‌സെയോ എന്നെ കണ്ടിട്ടില്ല, അവരോടു വിജയിച്ചു വരിക എന്ന് ഞാൻ പറഞ്ഞിട്ടില്ല.” (4*)

മാപ്പുസാക്ഷിയായ ബാഡ്ഗേ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണ് എന്ന് സാക്ഷ്യപ്പെടുത്തിയ കോടതി പക്ഷെ മൊഴി പൂർണ്ണമായി ശരിവയ്ക്കുന്ന മറ്റു സാക്ഷിമൊഴികളുടെ അഭാവത്തിൽ സവർക്കറെ ശിക്ഷിക്കാൻ തയ്യാറായില്ല. അത് സുരക്ഷിതമല്ല (അൺസെയ്‌ഫ്) എന്നാണ് കോടതി പറഞ്ഞത്. സവർക്കറെ കണ്ടു എന്ന് ബാഡ്ഗേ പറഞ്ഞ രണ്ടുപേരും പിന്നീട് കൊലപാതകം നടത്തി, കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. പിന്നീട് അവർ തൂക്കിക്കൊല്ലപ്പെട്ടു.

കാലം കുറച്ചു കഴിഞ്ഞു. 1966-ഇൽ ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായി റിട്ടയർ ചെയ്ത ജസ്റ്റിസ് ജീവൻ ലാൽ കപൂർ കമ്മീഷൻ അന്വേഷിച്ചത് ആ വിശിഷ്ട വ്യക്തിയുടെ കൊലപാതകത്തെക്കുറിച്ച് ആർക്കൊക്കെ മുന്നറിവുണ്ടായിരുന്നു എന്നായിരുന്നു. ആ കമ്മീഷന് രണ്ടു പുതിയ മൊഴികൾ കിട്ടി. ഒരാൾ സവർക്കറുടെ സെക്രട്ടറി ആയിരുന്ന ഗജാനനൻ വിഷ്ണു ആംലെ; മറ്റെയാൾ ബോഡി ഗാർഡായിരുന്ന അപ്പ രാമചന്ദ്ര കസർ.

ആംലെയുടെ മൊഴിയെപ്പറ്റി കപൂർ കമ്മീഷന്റെ റിപ്പോർട്ടിൽ ഇങ്ങിനെ പറയുന്നു: ജനുവരി പകുതിയോടെ ഗോഡ്സെയും ആപ്തെയും സവർക്കറെ സന്ദർശിച്ചിരുന്നു. (5*)

രാമചന്ദ്ര കസറുടെ മൊഴിയെപ്പറ്റി കപൂർ കമ്മീഷന്റെ റിപ്പോർട്ടിൽ ഇങ്ങിനെ പറയുന്നു:

“On or about 13th or 14th January, Karkare came to Savarkar with a Punjabi youth (Madanlal) and they had an interview with Savarkar for about 15 or 20 minutes. On or about 15th or 16th Apte and Godse had an interview with Savarkar at 9.30 P.M. After about a week so, may be 23rd or 24th January, Apte and Godse again came to Savarkar and had a talk with him.. for about haIf an hour.”

“കർക്കരെ ഒരു പഞ്ചാബി യുവാവിനോടൊപ്പം* 13-നോ 14-നോ സവർക്കർ സദനിലെത്തി സവർക്കറോട് പതിനഞ്ചോ ഇരുപതോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്. ജനുവരി 15-നോ 16-നോ അതിനടുത്ത ദിവസങ്ങളിലോ ആപ്‌തെ, ഗോഡ്‌സെ എന്നിവർ സവർക്കറെ കണ്ടിട്ടുണ്ട്. അതിനു ഒരാഴ്ചയ്ക്കു ശേഷം 23-നോ 24-നോ ആപ്തെയും ഗോഡ്സെയും സവർക്കറെ വീണ്ടും കണ്ടിരുന്നു..ഏകദേശം അര മണിക്കൂർ നേരത്തേക്ക്.” (6*)

(ആരൊക്കെയാണ് ഈ ആളുകൾ? ആ വിശിഷ്ട വ്യക്തിയ്ക്ക്‌ നേരെ ജനുവരി 20-നു ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഹിന്ദു മഹാസഭ പ്രവർത്തകനായ വിഷ്ണു ആർ കർക്കാരെയും പഞ്ചാബ് വിഭജനത്തിന്റെ ഇരയായ മദൻലാൽ പഹ്വായും. ജനുവരി 30-നു ആ വിശിഷ്ട വ്യക്തിയെ വെടിവച്ച ആളാണ് ഗോഡ്‌സെ, അയാളുടെ കൂടെയുണ്ടായിരുന്ന ആളാണ് നാരായൺ ആപ്‌തെ. സവർക്കറുടെ സന്ദർശകർ!)

അതായത്, വിശ്വസിക്കാൻ കൊള്ളാമെന്നു കണ്ടെത്തിയിട്ടും അതുറപ്പിക്കാനാവശ്യമായ മറ്റു മൊഴികൾ ഇല്ലാതിരുന്നതുകൊണ്ടു കോടതി കണക്കിലെടുക്കാതെ പോയ മാപ്പുസാക്ഷി ബാഡ്ഗേയുടെ മൊഴി ഉറപ്പിക്കാൻ പോന്ന മൊഴിയായിരുന്നു സവർക്കരുടെ അംഗരക്ഷകന്റേത്.

വിചാരണക്കോടതിയ്ക്കു ലഭ്യമാകാതിരുന്ന മൊഴികൾ കൂടി കണക്കിലെടുത്ത് അന്തിമ റിപ്പോർട്ടിൽ ജസ്റ്റിസ് കപൂർ ഇങ്ങിനെ എഴുതി:

“All these facts taken together were destructive of any theory other than the conspiracy to murder by Savarkar and his group.”

“ഈ വസ്തുതകൾ എല്ലാം കൂട്ടിച്ചേർത്തു നോക്കുമ്പോൾ സവർക്കരും അയാളുടെ ഗ്രൂപ്പും ചേർന്ന് കൊലപാതകത്തിനുള്ള ഗൂഡാലോചന നടത്തി എന്നതല്ലാതെ മറ്റൊരു സിദ്ധാന്തത്തിനും നിലനിൽപ്പില്ല.” (7*)

പക്ഷെ അപ്പോഴേക്കും സവർക്കർ മരിച്ചിരുന്നു.

ആ ഗൂഡാലോചനയുടെ ഇര ആരായിരുന്നു? സവർക്കർ ഒരു വീരനാണ് എന്നും, അയാളുടെ മോചനത്തിന് വേണ്ടി ശ്രമിക്കും എന്നും പറഞ്ഞ അതേ വിശിഷ്ട വ്യക്തിയായിരുന്നു ആ ഇര.

ആ പേര് നിങ്ങൾ കേട്ട് കാണണം.

മോഹൻ ദാസ് കരംചന്ദ് ഗാന്ധി.

നന്ദിയില്ലാത്ത വർഗ്ഗം.

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍