UPDATES

കുട്ടിയമ്മയുടെ കൈപിടിച്ച് സമാധാനത്തോടെ മാണി സാര്‍ മടങ്ങി

വൈകിട്ട് 4.57 ന് ആയിരുന്നു അന്ത്യം

62 വര്‍ഷം മുമ്പ് കെ എം മാണിയുടെ ജീവിതത്തിലേക്ക് കൈ പിടിച്ചു വന്നവളാണ് കുട്ടിയമ്മ. വലിയൊരു ജീവിതത്തിന്റെ അവസാനത്തില്‍ മാണി സാര്‍ യാത്ര പറഞ്ഞുപോയതും കുട്ടിയമ്മയുടെ കൈ പിടിച്ച്. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ തന്റെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തില്‍ വളരെ ശാന്തനായി സമാധാനത്തോടെയായിരുന്നു കെ എം മാണിയുടെ മരണം. സാക്ഷികളായ ഡോക്ടര്‍മാര്‍ തന്നെയാണ് ഈ വിവരം പറയുന്നത്.

വളരെ ശാന്തമായ മരണമായിരുന്നു അദ്ദേഹത്തിന്റെത്. ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണി, പെണ്‍മക്കളായ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും മരുമക്കളും കൊച്ചുമക്കളുമെല്ലാം മരണ സമയത്ത് അടുത്ത് ഉണ്ടായിരുന്നു. എല്ലാവരും അടുത്തിരിക്കുമ്പോള്‍ വളരെ സമാധാനപരമായിട്ട് കുട്ടിയമ്മയുടെ കൈ പിടിച്ചുകൊണ്ടാണ് മാണി സാര്‍ മരിച്ചത്. ഇത്രയും സമാധനപരമായുള്ളൊരു മരണം അടുത്തൊന്നും കണ്ടിട്ടില്ല; വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് മരണ വിവരം വിശദീകരിക്കുന്ന കൂട്ടത്തില്‍ പറഞ്ഞു.

പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോയുടെ ബന്ധവുമായ കുട്ടിയമ്മയെ 1957 നവംബര്‍ 28 നാണ് കെ എം മാണി വിവാഹം കഴിക്കുന്നത്. കെ എം മാണിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സ്ഥാനമായിരുന്നു കുട്ടിയമ്മയ്ക്ക്. രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും കുടുംബം മാണിക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. രാഷ്ട്രീയജീവതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോഴും കുടുംബജീവിതത്തില്‍ മാണി എന്നും എപ്പോഴും നല്ലൊരു ഗൃഹനാഥനും ഭര്‍ത്താവും പിതാവുമെല്ലാമായിരുന്നു. തന്റെ രാഷ്ട്രീയയാത്രയില്‍ ഏറെ കടപ്പെട്ടിരിക്കുന്ന ഒരാള്‍ കുട്ടിയമ്മയാണെന്നാണ് മാണി എപ്പോഴും പറയാറുള്ളത്. തന്റെ തിരക്ക് മനസിലാക്കി കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതല കുട്ടിയമ്മ ഏറ്റെടുത്തതുകൊണ്ടാണ് തനിക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ സാധിച്ചതെന്നും അദ്ദേഹം ആവര്‍ത്തിക്കാറുണ്ട്.

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് എയര്‍വേ ഡിസീസ് എന്നാണ് കെ എം മാണിയുടെ അസുഖത്തെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ 13 വര്‍ഷമായി അദ്ദേഹം ആസ്മ രോഗിയായിരുന്നുവെന്നും ഇടയ്ക്കിടയിക്ക് രോഗം മൂര്‍ച്ഛിക്കാറുണ്ടെന്നും ഇത്തവണ രോഗം കൂടുതലായ സമയത്ത് ഒപ്പം ഗുരുതരമായ ഇന്‍ഫക്ഷന്‍ ഉണ്ടായെന്നും ഈ ഇന്‍ഫെക്ഷന്‍ കാരണം കിഡ്‌നിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസവും ഗുരുതര ശ്വാസതടസവും അദ്ദേഹത്തിനു നേരിട്ടിരുന്നു. ഇന്നു രാവിലെ ആരോഗ്യനിലയില്‍ പുരോഗതി കാണിച്ചിരുന്നതായും എന്നാല്‍ രാവിലെ 11 മണിയോടെ സ്ഥിതി വഷളാവുകയുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. വൈകിട്ട് 4.57 ഓടെ മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം പാലായിലേക്ക് കൊണ്ടുപോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍