UPDATES

ട്രെന്‍ഡിങ്ങ്

സെന്റ്. പീറ്റേഴ്‌സ് ബസിലക്കയുടെ മുന്നില്‍ ഒരു 555 സിഗരറ്റ് പാക്കറ്റ് വച്ചു; കെ എം മാണിക്ക് പലവട്ടം ലംഘിക്കേണ്ട വന്നൊരു പ്രതിജ്ഞ

ആ തീരുമാനം പിന്നെയൊരിക്കലും കെ എം മാണി മാറ്റിയില്ല

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ, കൃത്യമായി പറഞ്ഞാല്‍ മൂത്തമോള്‍ എല്‍സമ്മേടെ പ്രസവത്തിന് മുമ്പ് വരെ കെ എം മാണിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വസ്തു ഏതെന്നു ചോദിച്ചാല്‍ ഉത്തരം സിഗരറ്റ് എന്നായിരുന്നു. ചെയ്ന്‍ സ്‌മോക്കര്‍ ആയിരുന്നു അദ്ദേഹം. വലി കൂടി പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമ്പോഴും നിര്‍ത്തുകയാണെന്നൊരു പ്രതിജ്ഞയെടുക്കും. രാഷ്ട്രീയത്തിലെ ഇച്ഛാശക്തി പക്ഷേ സിഗരറ്റിന്റെ കാര്യത്തില്‍ കൈമോശം വരും. പല തവണ നിര്‍ത്തിയിട്ടും പൂര്‍വ്വാധികം ശക്തിയോടെ തുടങ്ങി. ഇനിയൊരിക്കലും വലിക്കില്ലെന്ന വാശിയോടെ വലിച്ചെറിഞ്ഞിട്ടുള്ള സിഗരറ്റ് പാക്കറ്റ്, വീണിടത്തു ചെന്ന് എടുത്ത് വലിച്ചിട്ടുണ്ട്. മാണി സാര്‍ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്; ഒരുപാട് പ്രതിജ്ഞയെടുത്തെങ്കിലും സിഗരറ്റിനെ വലിച്ചെറിയാനായില്ല. ഇനി ഒരിക്കലും വലിക്കില്ലെന്ന പ്രതിജ്ഞയെടുത്ത് തീവണ്ടിയില്‍ വലിച്ചെറിഞ്ഞു, കാറില്‍ നിന്നും വലിച്ചെറിഞ്ഞു, വിഴിഞ്ഞത്ത് കടലിലേക്ക് വലിച്ചെറിഞ്ഞു, റോമില്‍ സെന്റ്. പീറ്റേഴ്‌സ് ബസിലക്കയുടടെ മുന്നില്‍, പ്രാര്‍ത്ഥനയ്ക്ക് ശേഷം ഒരു 555 സിഗരറ്റ് പാക്കറ്റ് അവിടെ വച്ചു, ഇനി വലിയില്ലെന്ന് പ്രതിജ്ഞയെടുത്തു. പക്ഷേ…എല്ലാം പരാജയപ്പെട്ടു.

ഒടുവില്‍ കെ എം മാണി എന്നന്നേക്കുമായി വലി നിര്‍ത്തുന്നത് മൂത്തമകള്‍ എല്‍സമ്മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ്. കുറച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ മോള്‍ക്ക് ഉണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹം ടെന്‍ഷനായി. എല്ലാവരും ചെറുതായി ഭയന്ന സമയം. എന്തും സംഭവിക്കാമെന്ന അവസ്ഥ. മകള്‍ക്കു വേണ്ടി മാണി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയ്ക്കിടയില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിഗരറ്റിനെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം പിന്നെയൊരിക്കലും കെ എം മാണി മാറ്റിയില്ല. പക്ഷേ,സിഗരറ്റ് മാണിയുടെ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി പിരിഞ്ഞുപോയെങ്കിലും ബാക്കി വച്ച ചുമ അദ്ദേഹത്തിന്റെ അവസാന കാലം വരെ കൂടെയുണ്ടായിരുന്നു.

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍