UPDATES

ബ്ലോഗ്

42 ദിവസങ്ങള്‍ക്കുള്ളില്‍ നാലു തീപിടുത്തങ്ങള്‍; ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയുമ്പോഴും സംശയത്തിന്റെ കറുത്ത പുക നീളുന്നത് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ

‘മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനായി ബ്രഹ്മപുരത്ത് നിര്‍മിക്കാനിരിക്കുന്ന പുതിയ പ്ലാന്റ് ഈ നാടിനെ തന്നെ തകര്‍ക്കും, ഇന്ത്യയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റുകള്‍ വിജയകരമായിട്ടില്ല.’

പാര്‍വതി

പാര്‍വതി

നാല്പത്തിരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നാലു തീപിടുത്തങ്ങള്‍, ഇതുവരെ മൊത്തം ആറ് തീപിടുത്തങ്ങള്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ കത്തിച്ചതാണെന്ന നാട്ടുകാരുടെ ശക്തമായ ആരോപണങ്ങള്‍, മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പുതിയ കമ്പനിക്കെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍… കൊച്ചി ബ്രഹ്മപുരത്ത് മാലിന്യപ്ലാന്റിലെ തീ അണയുമ്പോഴും സംശയത്തിന്റെ കറുത്ത പുക കനക്കുന്നത് ഇതൊക്കെ കൊണ്ടാണ്. വെള്ളിയാഴ്ച മാലിന്യപ്ലാന്റില്‍ തീ പടര്‍ന്നുപിടിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി നഗരമാകെ വവ്യാപിച്ച കറുത്ത പുകകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. കൊച്ചി നഗരവാസികള്‍ക്ക് ശ്വാസം മുട്ടലും കണ്ണെരിച്ചിലും അനുഭവപ്പെട്ടതോടെ ജില്ലാ കളക്ടറും മേയറുമുള്‍പ്പടെയുള്ള ആളുകള്‍ പ്രശ്‌നം ഗൗരവമുള്ളതാണെന്നും കാരണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. 22-ാം തീയതി വൈകിട്ടോടെയാണ് തീ പടര്‍ന്നു പിടിച്ചതെങ്കിലും വെളുപ്പിന് തന്നെ പുകയും തീക്ഷ്ണ ഗന്ധവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അഴിമുഖത്തോട് പറഞ്ഞു.

ഈ പ്ലാന്റ് നാടിനാകെ ഭീഷണിയാണെന്ന് നാട്ടുകാര്‍ മുന്‍പുതന്നെ പരാതിപ്പെട്ടിട്ടുള്ളതാണ്. തീ പടര്‍ന്നുപിടിച്ച് അപകടമുണ്ടാകുന്നത് പരമ്പരയാകുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ഇതിനുപിന്നിലുള്ള സത്യാവസ്ഥ അറിയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യ കൂമ്പാരത്തില്‍ നിന്ന് എന്തോ രാസവസ്തുവോ, സ്പാര്‍ക്കോ ആളിക്കത്തിയതാണ് അപകടകാരണമെന്ന് അധികാരികള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മനഃപൂര്‍വമായി തന്നെ ആരോ മാലിന്യം കത്തിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഹരിത ട്രിബ്യുണലിനു മുന്നില്‍ ഈ പ്ലാന്റിനെ കുറിച്ച് പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെയ് മാസം നടക്കുന്ന അന്വേഷണത്തിന് മുന്‍പായി നിലവിലെ മാലിന്യക്കൂമ്പാരം ഒഴിവാക്കാനായി കോര്‍പറേഷന്‍ ജീവനക്കാര്‍ തന്നെ കത്തിച്ചതാകാമെന്ന ആരോപണം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പ്ലാന്റിനെ ചുറ്റിപറ്റി നിലനില്‍ക്കുന്നുണ്ടെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം തീര്‍ത്തും അശാസ്ത്രീയമാണെന്നുമാണ് ബ്രഹ്മപുരത്തെ ഒരു കൂട്ടം നാട്ടുകാരുടെ ആരോപണം.

.
എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മേഖലയില്‍ ഗവേഷക സഹായിയായ അനുപ്രിയ എസ് പറയുന്നത്, “മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനായി ബ്രഹ്മപുരത്ത് നിര്‍മിക്കാനിരിക്കുന്ന പുതിയ പ്ലാന്റ്് ഈ നാടിനെ തന്നെ തകര്‍ക്കും, ഇന്ത്യയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റുകള്‍ വിജയകരമായിട്ടില്ല. ജര്‍മ്മന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാലും ഇതുപോലൊരു സ്ഥലത്ത് എത്രമാത്രം ഫലപ്രദമാകുമെന്ന് സംശയമാണ്, മാത്രമല്ല ജീര്‍ണ്ണിക്കുന്ന മാലിന്യങ്ങളും എളുപ്പത്തില്‍ ജീര്‍ണ്ണിക്കാത്ത മാലിന്യങ്ങളും കൂട്ടിയിട്ടാണ് കത്തിക്കുന്നത്. ഇങ്ങനെ കത്തിക്കുമ്പോള്‍ വിഷപ്പുകയാണ് ഉയരാന്‍ പോകുന്നത്. ഇങ്ങനെ കത്തിച്ച് മാലിന്യത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യതി സര്‍ക്കാര്‍ പണം നല്‍കി വാങ്ങേണ്ടതായും വരുന്നു, സ്ഥലം എടുക്കുന്നതിനുള്‍പ്പടെ സര്‍ക്കാര്‍ ധനസഹായം കിട്ടാനും മാലിന്യസംസ്‌കരണത്തിന് പുതിയ പ്ലാന്റ് നിര്‍മ്മിക്കുക മാത്രമേ പരിഹാരമുള്ളൂ എന്ന് വരുത്തിത്തീര്‍ക്കാനും പ്ലാന്റുടമകള്‍ ചെയ്ടയുന്നതാണ് ഈ തുടര്‍ച്ചയായ തീപിടിത്തങ്ങള്‍ എന്ന് ന്യായമായും ഞങ്ങള്‍ പ്രദേശവാസികള്‍ക്ക് സംശയമുണ്ട്.” എന്നാണ്.

‘ഞങ്ങള്‍ക്ക് ഇനിയും വിഷപ്പുക ശ്വസിക്കാന്‍ വയ്യ’ എന്ന് പറഞ്ഞ് ബ്രഹ്മപുരത്ത് മുന്‍പ് തന്നെ ജനകീയപ്രക്ഷോഭങ്ങള്‍ ഉണ്ടായതാണ്. ഇനിയും ഈ നാടിനെ തകര്‍ക്കാന്‍പ്ലാന്റുടമകളെ അനുവദിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊച്ചി നഗരത്തിന്റെ പല ഭാഗത്തുനിന്നും അശാസ്ത്രീയമായി തരം തിരിക്കാതെ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമായാണ് ആളുകള്‍ ഈ ഗ്രാമത്തെ ഇപ്പോള്‍ കാണുന്നത്. ശ്രദ്ധയില്ലാതെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട് ബ്രഹ്മപുരത്തിന്റെ ഒരു നിശ്ചിത ചുറ്റളവിലുള്ള ജലസ്രോതസ്സുകളാകെ മലിനമാകുകയും അവിടെ ജനജീവിതം തന്നെ അസാധ്യമാകുന്ന അവസ്ഥയിലേക്കെത്തുകയാണ്. മാലിന്യസംസ്‌കരണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, വ്യക്തമായ പരിശീലനം ലഭിക്കാത്ത അന്യസംസഥാന തൊഴിലാളികളാണ് ഇപ്പോള്‍ ഈ പ്ലാന്റില്‍ അധികവും പണിയെടുക്കുന്നത്. അശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നതായി കണ്ടെത്തിയതിനാല്‍ പ്ലാനറ്റ് ഭീമമായ തുക ഹരിത ട്രിബുണലില്‍ പിഴ ഒടുക്കേണ്ട അവസ്ഥയുമുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് പൊതുവെ പ്രോത്സാഹിക്കപ്പെടുന്നതെങ്കിലും അടിക്കടി തീപിടുത്തമുണ്ടാകുന്ന സാഹചര്യത്തില്‍ പുതിയ പ്ലാന്റ്വന്നേ പറ്റൂ എന്നതരത്തില്‍ പൊതുജനാഭിപ്രായത്തെ മാറ്റിയെടുക്കാനാണ് പ്ലാന്റുടമകള്‍ ഈ കളികള്‍ കളിക്കുന്നതെന്നാണ് തദ്ദേശവാസികളുടെ ആരോപണം. ‘ഞങ്ങള്‍ക്ക് ഇനിയും ഇത് അനുഭവിക്കാന്‍ വയ്യ, കുറച്ച് ശുദ്ധവായു വേണം, എന്താണിവിടെ നടക്കുന്നതെന്ന് ലോകം അറിയണം’ അശാസ്ത്രീയമായ മാലിന്യ പ്ലാന്റിനെതിരെ പൊരുതുന്ന പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു പ്രദേശവാസി വ്യക്തമാക്കി.

 

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍