UPDATES

ട്രെന്‍ഡിങ്ങ്

റമ്പാനെ തടഞ്ഞിട്ട് 21 മണിക്കൂറുകള്‍ പിന്നിടുന്നു; സംഘര്‍ഷമയയാതെ കോതമംഗലം പള്ളി

ഭക്ഷണം പോലും കഴിക്കാതെ പള്ളിയുടെ പുറത്ത് തുടരുകയാണ് റമ്പാന്‍. സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ പ്രതിഷേധം ഒരു ദിവസം പിന്നിടുന്നു

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പള്ളിയില്‍ ഒത്തുകൂടിയവര്‍ ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. ഇതിനിടെ ഓര്‍ച്ചഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ കഴിഞ്ഞ 21 മണിക്കൂറുകളായി പള്ളിയുടെ പുറത്ത് തുടരുകയാണ്. ഭക്ഷണം കഴിക്കാനോ, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ പോലും റമ്പാന്‍ തയ്യാറായിട്ടില്ല. പള്ളിയില്‍ കയറാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതേസമയം റമ്പാനെ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ പോലീസ് ഒരു ശ്രമം കൂടി നടത്തുമെന്നാണ് അറിയുന്നത്. സ്ത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികള്‍ റമ്പാനെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ തയ്യാറായി നില്‍ക്കുകയുമാണ്.

എന്നാല്‍ തന്നെ പോലീസാണ് തടയുന്നതെന്നും താന്‍ പള്ളിക്കകത്ത് കയറി പ്രാര്‍ഥന നടത്തുന്നത് കാത്ത് വിശ്വാസി സമൂഹം നില്‍ക്കുകയാണെന്നും റമ്പാന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഹൈക്കോടതി വിധി അനുസരിച്ച് പ്രാര്‍ഥന നടത്താന്‍ വൈദികന്‍ കോതമംഗലം പള്ളിയില്‍ എത്തിയത്. പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ നീക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും കൂടുതല്‍ വിശ്വാസികള്‍ സംഘടിച്ചതോടെ ഈ ശ്രമം വിഫലമായി. തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് പറഞ്ഞ് റമ്പാനെ പോലീസ് തിരികെ കൊണ്ടുപോയെങ്കിലും താന്‍ പള്ളിയില്‍ കയറാതെ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടില്‍ വൈദികന്‍ തിരികെ പള്‌ളിയുടെ പുറത്തെത്തി. എന്നാല്‍ പ്രതിഷേധക്കാര്‍ പള്ളിക്ക് മുന്നില്‍ വഴിതടഞ്ഞ് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അതേസമയം സുപ്രീംകോടകി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പിറവം, വരിക്കോലി, പഴന്തോട്ടം പള്ളികളില്‍ പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍