UPDATES

ട്രെന്‍ഡിങ്ങ്

സംഘര്‍ഷാവസ്ഥയില്‍ അയവില്ലാതെ കോതമംഗലം പള്ളി; പോള്‍ റമ്പാന്‍ ഒമ്പത് മണിക്കൂറായി പള്ളിയ്ക്ക് പുറത്ത്

സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ രാവിലെ മുതല്‍ പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്‌

കോതമംഗലം കൊച്ചുപള്ളിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. പത്ത് മണിക്കൂറായി പ്രതിഷേധം തുടരുന്നു. രാവിലെ തുടങ്ങിയ പ്രതിഷേധം രാത്രിയിലും അവസാനിച്ചിട്ടില്ല. ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോള്‍ ഒമ്പത് മണിക്കൂറായി പള്ളിയ്ക്ക് പുറത്ത് നില്‍ക്കുകയാണ്. പള്ളിയില്‍ കയറാതെ പിന്‍മാറില്ല എന്ന ഉറച്ച നിലപാടിലാണ് പോള്‍ റമ്പാന്‍. പോലീസ് സംരക്ഷണയില്‍ റമ്പാന്‍ എത്തുന്നതിനും മുന്നേ പള്ളിയില്‍ തടിച്ച് കൂടിയ യാക്കോബായ വിശ്വാസികള്‍ റമ്പാനെ പള്ളിയില്‍ കയറ്റില്ലെന്നും പള്ളി വിട്ടുനല്‍കില്ലെന്നുമുള്ള നിലപാടിലാണ്.

എന്നാല്‍ തന്നെ പോലീസ് ആണ് തടയുന്നതെന്ന് പോള്‍ റമ്പാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശ്വാസികള്‍ താന്‍ പള്ളിയില്‍ കയറുന്നത് കാത്ത് നില്‍ക്കുകയാണെന്നും പള്ളിയില്‍ കയറാതെ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലാസ് റമ്പാനെ അനുനയിപ്പിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയിരുന്നു. എന്നാല്‍ താന്‍ പിന്‍മാറില്ലെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് ബാധ്യസ്ഥരാണെന്നും പറഞ്ഞുകൊണ്ട് റമ്പാന്‍ തിരികെ പള്ളിയ്ക്ക് സമീപത്തേക്കെത്തുകയായിരുന്നു.

ഹൈക്കോടതി വിധി അനുസരിച്ചാണ് തോമസ് പോള്‍ റമ്പാന്‍ ഇന്ന് രാവിലെ കോതമംഗലം പള്ളിയില്‍ പ്രാര്‍ഥനക്കായി എത്തിയത്. പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ വലിയ തോതില്‍ സംഘചിച്ചതോടെ പോലീസ് ആ ശ്രമം ഉപേക്ഷിച്ചു.

കനത്ത പോലീസ് സംരക്ഷണയിലാണ് പോള്‍ റമ്പാന്‍ പള്ളിയുടെ പുറത്ത് തുടരുന്നത്. അതേസമയം സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ആരും തന്നെ പള്ളിയില്‍ നിന്ന് മടങ്ങിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍