UPDATES

വായന/സംസ്കാരം

കോട്ടയം പുഷ്പനാഥിന്റെ മുന്നൂറ്റൻപതിലേറെ പുസ്തകങ്ങളുടെ അവകാശി ഇനി ഇവനാണ്

കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം

കോട്ടയം പുഷ്പനാഥ് ഇന്നലെ അന്തരിച്ചതോടെ മലയാളത്തിലെ ജനപ്രിയ സാഹിത്യത്തിന്റെ ഒരു അധ്യായമാണ് അവസാനിച്ചത്. കോട്ടയം നഗരത്തില്‍ കൂളിംഗ് ഗ്ലാസും വിഗ്ഗും തൊപ്പിയും വച്ച് തിളങ്ങുന്ന ഷര്‍ട്ടും ബെല്‍ബോട്ടം പാന്റസുമിട്ട് നടന്നിരുന്ന അപസര്‍പ്പക നോവലുകളുടെ എഴുത്തുകാരന്‍ നാട്ടുകാര്‍ക്ക് എന്നുമൊരു കൗതുകമായിരുന്നു. എന്നാല്‍ പുഷ്പനാഥിനെ അടുത്തറിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ പുതിയ തലമുറയ്ക്ക് അങ്ങനെയല്ല. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് അദ്ദേഹത്തെക്കുറിച്ചുള്ളത്.

“നിങ്ങള്‍ക്കൊക്കെ കോട്ടയം പുഷ്പനാഥ് ഡിക്ടറ്റീവ് പുഷ്പരാജോ കോട്ടയം നഗരത്തിലെ പച്ചപ്പരിഷ്‌കാരിയോ ഒക്കെയായിരിക്കും. എനിക്കും എന്റെ കസിന്‍സിനും വേനലവധിക്കാലം ആഘോഷിക്കാന്‍ ഞങ്ങള്‍ കൂടുന്ന ചുങ്കം പുഷ്പനാഥ് പടിയിലെ ആ വലിയ വീടാണ് കോട്ടയം പുഷ്പനാഥ് എന്ന് പറയുന്നത്.” കോട്ടയം പുഷ്പനാഥിന്റെ ഭാര്യ സഹോദരിയുടെ മകനും ഡിസൈനറുമായ മാത്യു സെബാസ്റ്റിയന്‍ പറയുന്നു.

“എന്റെ അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നോവലുകളിലെ അന്തരീക്ഷം പോലെ തന്നെ അത്യാവശ്യം ഭയാനകമായ അന്തരീക്ഷമായിരുന്നു ആ വീടിനും. വീട്ടുവളപ്പില്‍ നിറയെ ജാതി മരങ്ങളായതിനാല്‍ തന്നെ ഇരുട്ടുമൂടിയാണ് ആ വീടും അതിലെ മുറികളും സ്ഥിതി ചെയ്തിരുന്നത്. ആ വീട്ടില്‍ അദ്ദേഹത്തിന്റേതായ ഒരു മുറിയുണ്ട്. കിടപ്പും എഴുത്തുമെല്ലാം ആ മുറിയിലാണ്. അവിടേക്ക് കയറാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പേടിയായിരുന്നു. പേടിയ്ക്ക് ഒരു കാരണവുമുണ്ട്. അന്നത്തെ കാലത്ത് മനോരമയില്‍ പ്രസിദ്ധീകരിച്ചിരുന്ന ചൂള മനുഷ്യന്‍ പോലുള്ള നോവലുകളിലെ ചിത്രങ്ങള്‍ കണ്ടുള്ള പേടിയായിരുന്നു. ഞങ്ങളുടേത് ബാലരമയൊക്കെ വായിച്ച് നടക്കുന്ന പ്രായമായിരുന്നു അത്. അദ്ദേഹത്തിന് ഒരു പബ്ലിഷിംഗ് ഹൗസും ഉണ്ടായിരുന്നതിനാല്‍ വീടു നിറയെ പുസ്തകങ്ങളായിരുന്നു. അതില്‍ നിന്നും പുസ്തകമെടുക്കാന്‍ അദ്ദേഹം ഞങ്ങളെ അനുവദിച്ചിരുന്നില്ല. കുട്ടിക്കാലത്ത് തന്നെ അതുമായി ബന്ധപ്പെട്ട് ഒരു ഓര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ ഒരു നോവലില്‍ ഇടുക്കിയിലെ ഹൈറേഞ്ചിലൂടെ പച്ചപ്പുകയില ചവച്ചു നടക്കുന്ന ഡിക്ടറ്റീവ് പുഷ്പരാജിനെ കുറിച്ച് പറയുന്നുണ്ട്. വലിയമ്മ മുറ്റത്ത് ഉണക്കാന്‍ വച്ചിരിക്കുന്ന മാങ്ങ പച്ചപ്പുകയിലാണെന്ന് സങ്കല്‍പ്പിച്ച് ഞങ്ങള്‍ കുട്ടികള്‍ ചവച്ചുകൊണ്ട് നടക്കുമായിരുന്നു. ഒരുദിവസം അദ്ദേഹം ഞങ്ങളെ പിടികൂടി. വയറ് കേടാകുമെന്ന് പറഞ്ഞ് ഉപദേശിക്കുകയും ചെയ്തു. അപ്പോഴാണ് ഞങ്ങള്‍ ഡിക്ടറ്റീവ് പുഷ്പരാജിനെ പോലെ പച്ചപ്പുകയില ചവച്ചു നടക്കുകയാണെന്ന് പറഞ്ഞത്. അതോടെ അദ്ദേഹം വല്ലാതെ ദേഷ്യപ്പെട്ടു. കുട്ടികള്‍ക്ക് അനുകരിക്കാന്‍ വേണ്ടിയല്ല താന്‍ ആ കഥകളെഴുതുന്നതും വലിയവര്‍ക്ക് വായിക്കാന്‍ വേണ്ടി മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുട്ടികള്‍ തന്റെ കഥാപാത്രങ്ങളെ അനുകരിച്ച് വഴിതെറ്റരുതെന്ന് അദ്ദേഹത്തിന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു.”

“എങ്കിലും അദ്ദേഹം കാണാതെ പുസ്തകങ്ങള്‍ മോഷ്ടിച്ച് എടുത്തുകൊണ്ട് പോയി വായിക്കുന്നത് എന്റെയും അനിയന്മാരുടെയും പതിവായിരുന്നു. അന്നൊക്കെ ഞങ്ങള്‍ ധരിച്ചിരുന്നത് ഡ്രാക്കുളയൊക്കെ അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടികളാണെന്നായിരുന്നു. മുതിര്‍ന്നതിന് ശേഷമാണ് ഡ്രാക്കുളയൊക്കെ വേറെ കഥാപാത്രങ്ങളാണെന്ന് മനസിലായത്. എങ്കിലും ഒരിക്കലും പോകാത്ത കാര്‍പ്പാത്തിയന്‍ മലകളെക്കുറിച്ചെല്ലാം അദ്ദേഹം വിവരിച്ചിരുന്നത് വായിച്ചുള്ള അറിവുകളില്‍ നിന്നായിരുന്നു. അറ്റ്‌ലസ് മുതല്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകള്‍ വരെ അദ്ദേഹം വായിക്കുമായിരുന്നു. വീട്ടുവളപ്പിലെ ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ മാങ്ങയും കടിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ നോവലുകള്‍ വായിച്ചിരുന്നത്. പ്രൗഢഗംഭീരമായ ആ ശബ്ദം തന്നെ ഞങ്ങള്‍ക്ക് പേടിയായിരുന്നു. ആ ശബ്ദം ദൂരെ കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ നോവല്‍ മാറ്റി പകരം ബാലരമ കയ്യില്‍പ്പിടിച്ചിരിക്കും. എങ്കിലും ഞങ്ങള്‍ കുട്ടികളോട് വളരെയധികം സ്‌നേഹമായിരുന്നു. ഞങ്ങളില്‍ ഒരുപ്രത്യേക ശ്രദ്ധ അദ്ദേഹം പുലര്‍ത്തിയിരുന്നു. ചുങ്കത്തെ വീട്ടില്‍ നിന്നും മടങ്ങിപ്പോകുമ്പോഴെല്ലാം അന്നത്തെ കാലത്ത് 50 രൂപയും തന്നാണ് വിട്ടിരുന്നത്.”

“ഞാന്‍ ആദ്യമായി ഒരു കാറില്‍ കയറിയത് അങ്കിളിന്റെ കാറിലാണ്. വൈകുന്നേരങ്ങളില്‍ ചെരിച്ചുവച്ച തൊപ്പിയും തിളങ്ങുന്ന ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്‌സുമെല്ലാം ധരിച്ച് ചുവന്ന ഓമ്‌നി വാനില്‍ കയറി അദ്ദേഹം കോട്ടയം നഗരത്തിലേക്ക് ഒരു യാത്രയുണ്ട്. അദ്ദേഹത്തിന്റെ ജീവിത നിഷ്ടയാണ് ശ്രദ്ധേയമായ ഒരു കാര്യം. ചുങ്കത്തെ വീട്ടിലാണെങ്കിലും അതിരമ്പുഴയിലെ എന്റെ വീട്ടിലാണെങ്കിലും കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തോട് സംസാരിക്കാന്‍ ധൈര്യമുണ്ടായപ്പോള്‍ ഈ കഥകളെല്ലാം എങ്ങനെയാണ് എഴുതുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള വായനയും ഭാവനയുമാണ് അതിന്റെ പിന്നിലെ രഹസ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്‍പ്പാത്തിയന്‍ മലനിരകളെ കുമളിയിലെയും മൂന്നാറിലെയുമെല്ലാം പരിചിത വഴികള്‍ പോലെ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഈ രണ്ട് ഗുണങ്ങളാണ്. ഭാവനയില്‍ വിരിയുന്ന കഥകളെല്ലാം എങ്ങനെ ഓര്‍ത്തുവയ്ക്കുന്നുവെന്ന ചോദ്യത്തിന് ഈ ഓരോ കഥകളിലും താന്‍ ജീവിക്കുകയായിരുന്നുവെന്നാണ് എന്നോട് പറഞ്ഞ മറുപടി.”

(തുടരും) കോട്ടയം പുഷ്പനാഥ്

കഴിഞ്ഞമാസം മരിച്ച മകന്‍ സലിമില്‍ അദ്ദേഹത്തിന്റെ സ്വാധീനം വളരെയധികമുണ്ട്. ഞാനും കലാരംഗത്തേക്ക് തിരിയാന്‍ കാരണം അദ്ദേഹത്തെ വായിച്ചത് ഒരു കാരണമായിരിക്കും. മാത്യുവും കോട്ടയം പുഷ്പനാഥിന്റെ മകള്‍ ജെമിയുടെ മകന്‍ റയാന്‍ പുഷ്പനാഥും ചേര്‍ന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങുകയാണ്.

അവസാന നാളുകളില്‍ ഓര്‍മ്മ തീരെയില്ലായിരുന്നുവെന്നും അവസാന കാലത്ത് എഴുതാന്‍ താന്‍ സഹായിച്ചിരുന്നുവെന്നും റയാന്‍ പുഷ്പനാഥ് പറഞ്ഞു. എഴുതാനാകാത്ത വിധത്തില്‍ അനാരോഗ്യം ബാധിച്ചിരുന്നു. അപ്പോഴും ഈ കഥകളെല്ലാം ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് അത്ഭുതം തന്നെയാണ്. എന്നാല്‍ കുറച്ചുകാലമായി ഓര്‍മ്മയും ഇല്ലാതായി. ‘ടെലിഫോണില്‍ തൊടരുത്’ എന്ന നോവലാണ് താന്‍ അദ്ദേഹം പറഞ്ഞു തന്ന് എഴുതിയതെന്ന് റയാന്‍ വ്യക്തമാക്കി. കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങളുടെയെല്ലാം റോയല്‍റ്റി റയാന്റെ പേരിലാണ് അദ്ദേഹം എഴുതിവച്ചിരിക്കുന്നത്.

“എന്റെ അച്ഛനും അമ്മയും എറണാകുളത്താണ് താമസം. എനിക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ചുങ്കത്തെ വീട്ടിലാണ് താമസം. അതിനാല്‍ തന്നെ അദ്ദേഹവുമായി നല്ല അടുപ്പവുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടി പോലെ ആര്‍ക്കും വായിക്കാനാകാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ നോവലെഴുത്ത്. എനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ നോവലുകളെഴുതുമ്പോഴെല്ലാം എന്നോട് അഭിപ്രായം ചോദിക്കുമായിരുന്നു. കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍ എന്ന സ്ഥാപനം തുടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ബുക്കുകള്‍ക്കൊപ്പം നോവലുകളെല്ലാം മറ്റ് ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍. സ്‌കൂളിലും കോളേജിലുമെല്ലാം എന്റെ രക്ഷിതാവിന്റെ പേരിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ് ഉള്ളത്. ഞങ്ങളൊരുമിച്ച് ധാരാളം യാത്രകള്‍ പോയിരുന്നു. ക്ഷേത്രങ്ങളിലാണ് കൂടുതലും പൊയ്‌ക്കോണ്ടിരുന്നത്. മാന്ത്രിക നോവലുകള്‍ എഴുതാനാണ് ക്ഷേത്രങ്ങളില്‍ പോയിരുന്നത്. അവിടുത്തെ പൂജാരിമാരുമായും മറ്റും സംസാരിച്ചാണ് നോവലില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളെല്ലാം തെറ്റിക്കാതെ എഴുതിയിരുന്നത്.”

വലിയൊരു സൗഹൃദവലയം ഉണ്ടായിരുന്നെങ്കിലും അവസാന കാലത്ത് തന്നെ ആരും കാണാന്‍ വരാത്തതില്‍ വലിയ സങ്കടമുണ്ടായിരുന്നു. പല പുസ്തക പ്രസാധകരും അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞിട്ടും തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നും റയാന്‍ പറഞ്ഞു.

കോട്ടയത്തല്ല, കേരളത്തില്‍ എത്ര പുഷ്പനാഥുമാരുണ്ട്?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍