UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച കെപിഎസി ലളിതയ്ക്കെതിരെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയും

മദ്യമുൾപ്പെടെയുള്ള എല്ലാറ്റിനും ഒരു നയമുള്ള കേരളത്തിൽ എന്താണ് സാംസ്കാരിക നയം എന്ന ചോദ്യം ഇവിടെ പ്രസക്തവും അത് ഉണ്ടാകേണ്ടത് അനിവാര്യവുമാകുന്നു

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ജയിലിലെത്തി കണ്ട ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെ.പി.സി.സി ലളിതയ്ക്കെതിരെ നാടക പ്രവര്‍ത്തരുടെ കൂട്ടായ്മയും. കെപിഎസി ലളിത അക്കാദമി അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്ന് നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ NATAK സംസ്ഥാനകമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കെ പി എ സി ലളിതയ്‌ക്ക്‌ വ്യക്തി എന്ന നിലയിൽ ആരെയും സന്ദർശിയ്ക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തിരിയ്ക്കുന്ന ഒരാൾ സ്ഥാനത്തിൻറെ അന്തസ്സും ആ സ്ഥാപനത്തിന്റെ സാമൂഹ്യവും കലാപരവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിയ്ക്കാൻ ബാധ്യസ്ഥയാണെന്ന് കലാ സമൂഹം വിശ്വസിയ്ക്കുന്നുവെന്ന് ‘നാടക്’ പ്രസ്താവനയില്‍ പറഞ്ഞു. കെ പി എ സി ലളിതയുടെ അക്കാദമി അധ്യക്ഷ എന്ന നിലയിലുള്ള ഈ പ്രവർത്തി നാടക ലോകത്തിനു മാത്രമല്ല സാംസ്കാരിക കേരളത്തിന് മുഴുവൻ അപമാനമാണ്. NATAK-ന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം പദവി രാജിവച്ചു കേരളത്തിലെ കലാസമൂഹത്തിന്റെ അഭിമാനത്തിനേറ്റ കളങ്കം തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്ന് പ്രസിഡന്റ്റ് രഘൂത്തമാനും സെക്രട്ടറി ജെ. ശൈലജയും വ്യക്തമാക്കി. നേരത്തെ തന്നെ നാടക പ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍, എഴുത്തുകാരി ദീപ നിശാന്ത് തുടങ്ങിയവരും കെപിഎസി ലളിതയുടെ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു.

Also Read: സംഗീത നാടക അക്കാദമിയില്‍ നിന്ന് കെപിഎസി ലളിതയെ പുറത്താക്കണമെന്ന് ദീപന്‍ ശിവരാമന്‍; അടൂര്‍ ഭാസിയെ ഓര്‍മ്മയുണ്ടോ എന്ന് ദീപ നിശാന്ത്

പ്രസ്താവനയുടെ പൂര്‍ണരൂപം

രാജ്യമെങ്ങും ചർച്ച പെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അത്യപൂർവ്വ ക്രിമിനൽ ‘റേപ്പ് കോട്ടേഷൻ’ കേസിൽ കുറ്റാരോപിതനായ വ്യക്തിയെ സംഗീത നാടക അക്കാദമി അധ്യക്ഷ കെ പി എ സി ലളിത ജയിലിൽ സന്ദർശിച്ചതിനെ NATAK സംസ്ഥാന കമ്മറ്റി ശക്തമായി അപലപിക്കുന്നു.

കെ പി എ സി ലളിതയ്‌ക്ക്‌ വ്യക്തി എന്ന നിലയിൽ ആരെയും സന്ദർശിയ്ക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തിരിയ്ക്കുന്ന ഒരാൾ സ്ഥാനത്തിൻറെ അന്തസ്സും ആ സ്ഥാപനത്തിന്റെ സാമൂഹ്യവും കലാപരവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിയ്ക്കാൻ ബാധ്യസ്ഥയാണെന്ന് കലാ സമൂഹം വിശ്വസിയ്ക്കുന്നു. ഇത്തരമൊരു സന്ദർശനം എല്ലാ പ്രതിലോമതകൾക്കും എതിരെ കനത്ത ജാഗ്രത പുലർത്തേണ്ടുന്ന വർത്തമാന കാലത്തിൽ, തികച്ചും തെറ്റായ, മൂല്യമറ്റ എതിർ ചിന്തകൾക്ക് വഴിയൊരുക്കും എന്നതിൽ തർക്കമില്ല.

സമ്പത്തും കുറ്റ കൃത്യങ്ങളും തമ്മിലുള്ള വിടവ് കുറഞ്ഞുവരികയും കുറ്റകൃത്യങ്ങളെ സമ്പത്തു ന്യായീകരിയ്ക്കുകയും ചെയ്യുന്ന സമകാലിക രാഷ്ട്രീയ-സാമൂഹ്യ യാഥാർത്യം പേടിപ്പെടുത്തുന്നതാണ്. അത്തരം പ്രവണതകൾക്കെതിരെ സ്വയം ശബ്ദമാകുന്ന കലാ സമൂഹത്തെ സംരക്ഷിയ്ക്കാനും പ്രചോദിപ്പിയ്ക്കാനും ഉദയം ചെയ്തതെന്ന് വിശ്വസിക്കുന്ന, അക്കാദമി പോലെയുള്ള സ്ഥാപനങ്ങളുടെ തലപ്പത്തു ഇരിയ്ക്കുന്നവർ നടത്തുന്ന, ഇത്തരം പരസ്യമായ അരാഷ്ട്രീയ പ്രകടനങ്ങൾ രാജ്യത്തു നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഫാസിസ്റ്റു അജണ്ടകൾക്കു ആക്കം കൂട്ടാൻ മാത്രമേ ഉപകരിക്കൂ.

Also Read: മലയാള സിനിമയിലെ ഔദാര്യങ്ങളുടെയും സഹായങ്ങളുടെയും കഥകള്‍; ലളിതയെ പോലുള്ളവര്‍ പറയുന്ന പുതുകഥകളും

സമൂഹത്തിൽ മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവർത്തിയ്ക്കുന്ന കലാ- സാഹിത്യ പ്രവർത്തനങ്ങൾക്ക്, ചുക്കാൻ പിടിയ്ക്കേണ്ട സ്ഥാപനങ്ങളുടെ തലപ്പത്തു, രാഷ്ട്രീയമായി നിയോഗിയ്ക്കപ്പെടുന്നവരുടെ പ്രതിബദ്ധതയും ദിശാബോധവുമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. മദ്യമുൾപ്പെടെയുള്ള എല്ലാറ്റിനും ഒരു നയമുള്ള കേരളത്തിൽ എന്താണ് സാംസ്കാരിക നയം എന്ന ചോദ്യം ഇവിടെ പ്രസക്തവും അത് ഉണ്ടാകേണ്ടത് അനിവാര്യവുമാകുന്നു.

ശ്രീ കെ പി എ സി ലളിതയുടെ അക്കാദമി അധ്യക്ഷ എന്ന നിലയിലുള്ള ഈ പ്രവർത്തി നാടക ലോകത്തിനു മാത്രമല്ല സാംസ്കാരിക കേരളത്തിന് മുഴുവൻ അപമാനമാണ്. NATAK ന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം പദവി രാജിവച്ചു കേരളത്തിലെ കലാസമൂഹത്തിന്റെ അഭിമാനത്തിനേറ്റ കളങ്കം തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

ജെ.ശൈലജ രഘുത്തമൻ
സെക്രട്ടറി, പ്രസിഡണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍