UPDATES

ട്രെന്‍ഡിങ്ങ്

മതവിദ്വേഷ പ്രചാരണം നടത്തിയ ആകാശവാണി ഉദ്യോഗസ്ഥയെ പുറത്താക്കണമെന്ന് ആവശ്യം – കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ പൊലീസില്‍ പരാതികള്‍; വ്യാപക പ്രതിഷേധം

19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പോസ്റ്റ്

സമൂഹത്തിൽ വിദ്വേഷം പടർത്തി ഫേസ്ബുക്കിൽ പരാമർശം നടത്തിയ സംഭവത്തിൽ ആകാശവാണി പ്രോഗ്രാം ഡയറക്ടറും എഴുത്തുകാരിയുമായ കെ ആർ ഇന്ദിരക്കെതിരെ വ്യാപക പ്രതിഷേധം. 19 ലക്ഷം പേരെ പുറത്താക്കിക്കൊണ്ട് അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കെ ആർ ഇന്ദിര മുസ്ലിം സ്ത്രീകളെ ഉൾപ്പെടെ അപകീർത്തിപ്പെടുത്തും വിധത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വിദ്വേഷം പടർത്തുന്നതാണെന്ന് വ്യക്തമാക്കി പരാതികളും ഇതിനോടകം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ദളിത് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രേഖ രാജ്, അഭിഭാഷകനായ ശ്രീജിത്ത് പെരുവണ്ണ തുടങ്ങിയവരാണ് പരാതി നൽകിയിട്ടുള്ളത്.

വിദ്വേഷ പ്രചരിപ്പിക്കുന്ന പോസ്റ്റിന്റെ പശ്ചാത്തലത്തിൽ കെ ആർ ഇന്ദിരയ്ക്ക് എതിരെ സൈബർ സെല്ലിൽ ഓൺലൈൻ ആയി പരാതി നൽകിയെന്നാണ് രേഖരാജ് പറയുന്നത്. ഔദ്യോഗികമായ പ്രതികരണത്തിനായി കാത്തിരിക്കുന്നെന്നും ഇക്കാര്യം വ്യക്തമാക്കി രേഖ രാജ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

‘ഇന്ദിരയുടെ പരാമർശം ഒരു വ്യക്തിയെന്ന നിലയില്‍ ഇത് കണ്ടില്ലെന്ന് നടിക്കാം, എന്നാല്‍ അതി ഹൈന്ദവ ബോധം ഇവിടെ ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കാനുള്ള ശ്രമം ഇതിലുണ്ട്. ഇത്തരം ആളുകള്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അതില്‍ നടപടിയുണ്ടാവണം. അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് മതപരമായ അധിക്ഷേപങ്ങള്‍ നടത്താനുള്ള പ്രേരണയാവും. കേരളത്തില്‍ സാമുദായികമായൊരു ബാലന്‍സിംഗുമുണ്ട്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി തന്നെ നടക്കുന്നുണ്ട്. ഇതിനെ രോഗ ലക്ഷണമായി വേണം കാണാന്‍, ആകാശവാണി പോലൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് കേരളത്തിലെ ആളുകള്‍ എന്ത് കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്, അവിടെയുള്ളവര്‍ ഇത്തരം മത സങ്കല്‍പ്പങ്ങള്‍ സൂക്ഷിക്കുന്നത് അപകടകരമാണ്, അവരെ സര്‍വ്വീസില്‍നിന്ന് പോലും മാറ്റി നിര്‍ത്തണം.’– പരാതി സംബന്ധിച്ച് രേഖ രാജ് അഴിമുഖത്തോട് പ്രതികരിച്ചു.

കെ ആർ ഇന്ദിരയുടെ പോസ്റ്റ് പങ്കുവയ്ക്കുന്നത് തീർത്തും മത സ്പർദ്ധ പടര്‍ത്തുന്ന ഭാഷയാണെന്ന് ആരോപിച്ചാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുവണ്ണ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നല്കണമെന്ന് ഇവർ ജോലിചെയ്യുന്ന ആകാശവാണിയോടും ആവശ്യപ്പെട്ടെന്നും ശ്രീജിത്ത് അഴിമുഖത്തോട് പ്രതികരിച്ചു.

കെ ആർ ഇന്ദിര  സാധാരണമായ ഭാഷയിലൂടെയാണ് ഇത്തരം ഒരു കാര്യം പങ്കുവയ്ക്കുന്നത്. എന്നാൽ അത് തീർത്തും വിദ്വേഷം പങ്കുവയ്ക്കുന്നതാണ്. മുസ്ലീം വിഭാഗത്തെ പരസ്യമായി അധിക്ഷേപിക്കുന്ന ഭാഷയാണിത്. ഇതിന് പുറമെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ വ്യക്തമായി രീതിയിൽ വർഗ്ഗീയ ചേരിതിരിവ് വ്യക്തമാണ്. മുസ്ലീം സ്ത്രീകൾക്കെതിരായ അവരുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ആ വകുപ്പുകള്‍ ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ സൈബർ സെൽ പരിശോധന നടത്തിയ ശേഷം തുടർനടപടികള്‍ ഉണ്ടാകുമെന്നാണ് പോലീസ് അറിയിച്ചത്– ശ്രീജിത്ത് പറയുന്നു.

 

കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സെന്ററെന്ന സംഘടനയുടെ പ്രവർത്തകനായ എം ആർ വിപിൻ ദാസ് കൊടുങ്ങല്ലൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കെ ആർ ഇന്ദിരയുടെ പരാമർശങ്ങൾ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് വിപിൻ ദാസിന്റെ പരാതിയിലെ ആരോപണം.

അനധികൃത കുടിയേറ്റക്കാരെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിച്ച് വോട്ടും റേഷൻകാർഡും ആധാർകാർഡും നൽകാതെ പെറ്റുപെരുകാതിരിക്കാൻ വന്ധ്യം കരണം ചെയ്യുണമെന്നുമായിരുന്നു കെ.ആർ ഇന്ദിരയുടെ ഫേസ്ബുക്ക് കുറിപ്പ്. മാത്രമല്ല താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുന്നു. അത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്ന്. പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്ലിംകളുടെ പ്രസവം നിർത്താനെന്നും കെ.ആർ ഇന്ദിര കുറിപ്പിൽ പറയുന്നു. ഇന്ത്യൻ പൗരർ അല്ലാതാകുന്നവർ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദര സ്‌നേഹികൾ എന്ന് ദേശീയ പൗരത്വ രജിസ്റ്ററിനെ വിമർശിച്ചവരെ പരിഹസിക്കാനും കെ ആർ ഇന്ദിര തയ്യാറാവുന്നുണ്ട്. തന്റെ പ്രതികരണത്തെ ന്യായീകരിക്കാൻ കമന്റുകളിലും അവർ തയ്യാറാവുന്നു.

അതിനിടെ, മുസ്ലിംകൾക്കെതിരെ നിരന്തരം നീചമായ വംശീയ പരാമർശങ്ങൾ നടത്തുന്ന കെ.ആർ. ഇന്ദിര ആകാശവാണിയിൽ പ്രോഗ്രാമറാണെന്നറിഞ്ഞു ഞെട്ടിപ്പോയെന്ന് എഴുത്തുകാരൻ ജമാൽ കൊച്ചങ്ങാടി പറയന്നു. ഇവർ സാഹിത്യം പഠിച്ച, കോളേജധ്യാപകയായിരുന്നു എന്ന അറിവു് കൂടുതൽ അസ്വാസ്ഥ്യമുളവാക്കുന്നതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇവർക്കെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ള പരാതികളിൽ പോലീസ് എന്ത് ചെയ്യുമെന്നറിയില്ല, ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിലപ്പുറമാണ് ഇന്ദിരയുടെ ഭാഷയും അഭിപ്രായങ്ങളും. ഇത്തരമാളുകളോട് അതേ നാണയത്തിൽ പ്രതികരിച്ചാൽ നമ്മുടെ മനസ്സും മലിനമാകും. വേദനയും സഹതാപവുമാണ് തോന്നിയതെന്നു അദ്ദേഹം കുറിപ്പിൽ പറയുന്നു.

Also Read- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍