UPDATES

ട്രെന്‍ഡിങ്ങ്

എം പാനലുകാരെ പിരിച്ചുവിട്ട് പി എസ് സി നിയമനം ദിവസക്കൂലിയാക്കാനൊരുങ്ങി കെ എസ് ആര്‍ ടി സി; നിയമവിരുദ്ധമെന്ന് വിമര്‍ശനം

പി എസ് സി വഴി കെ എസ് ആര്‍ ടി സിയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് തല്‍ക്കാലം സ്ഥിര നിയമനം നല്‍കില്ല എന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി

കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമിക്കുന്നതും താല്‍ക്കാലിക ജീവനക്കാരായി. പി എസ് സി വഴി കെ എസ് ആര്‍ ടി സിയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് തല്‍ക്കാലം സ്ഥിര നിയമനം നല്‍കില്ല എന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. 4701 എം പാനല്‍ ജീവനക്കാരെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പിരിച്ചുവിട്ടിരുന്നു. പി എസ് സി ലിസ്റ്റ് വഴി നിയമനം നടത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പി എസ് സി ലിസ്റ്റിലുള്ളവര്‍ക്ക് നിയമന ഉത്തരവ് നല്‍കുകയും നിയമന നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ്. ഇതിനിടെയാണ് നിയമിക്കുന്നവര്‍ക്ക് പി എസ് സി പറയുന്ന ശമ്പളം നല്‍കാനാവില്ലെന്നും താല്‍ക്കാലിക ജീവനക്കാരായാണ് ലിസ്റ്റിലുള്ളവരെ നിയമിക്കുക എന്നും തച്ചങ്കരി അറിയിച്ചിരിക്കുന്നത്. എം പാനല്‍ ജീവനക്കാരുടെ പ്രതിഫലം മാത്രമായിരിക്കും നിയമിതരാവുന്നവര്‍ക്ക് ലഭിക്കുക. ഒരു വര്‍ഷത്തിന് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ ഇവര്‍ക്ക് സ്ഥിര നിയമനം നല്‍കൂ എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിനെതിരെ നിയമന ഉത്തരവ് ലഭിച്ചരില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

നിയമന ഉത്തരവ് ലഭിച്ച ദീപക് പ്രതികരിച്ചതിങ്ങനെയാണ്, ‘താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് അതേ ശമ്പളത്തില്‍ പി എസ് സി വഴി നിയമനം നടത്തി കെഎസ്ആര്‍ടിസിക്കുണ്ടാവുന്ന അധിക ബാധ്യതയില്‍ നിന്ന് ഒഴിയാനാണ് ഇപ്പോഴത്തെ ശ്രമം. പക്ഷെ അത് കോടതി അംഗീകരിക്കുമെന്ന് തോന്നുന്നില്ല. പി എസ് സി വഴി നിയമനം ലഭിച്ചവരെ താല്‍ക്കാലിക ജീവനക്കാരായി കണക്കാക്കുമെന്ന് പറയുന്നത് തന്നെ നിയമപരമായി ശരിയല്ല. വിജ്ഞാപനം വന്നിരുന്നത് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കായിരുന്നു. അത് സമ്മതിക്കുന്നു. പക്ഷെ അപ്പോഴും ബേസിക് സാലറി കിട്ടുമെന്നായിരുന്നു. ആനുകൂല്യങ്ങള്‍ മാത്രമേ കിട്ടാതെ വരൂ. പക്ഷെ ഇപ്പോള്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ ജോലി ചെയ്യണമെന്ന് പറഞ്ഞാല്‍ കഷ്ടമാണ്. ഒരു വര്‍ഷം കഴിഞ്ഞാലെങ്കിലും സ്ഥിരപ്പെട്ട് കിട്ടുമെന്നതാണ് സമാധാനം. പക്ഷെ എന്നെപ്പോലുള്ളവരുടെ പ്രതീക്ഷ കോടതി ഇടപെട്ട് പി എസ് സി നിര്‍ദ്ദേശിക്കുന്ന ശമ്പളം തന്നെ ലഭ്യമാക്കുമെന്നാണ്.’

കെഎസ്ആര്‍ടിസിയില്‍ വര്‍ഷങ്ങളായി പി എസ് സി വഴിയെടുക്കുന്നവരെ റിസര്‍വ്ഡ് കണ്ടക്ടറായാണ് നിയമിക്കാറുണ്ടായിരുന്നത്. 241 ദിവസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരുന്നു സെക്കന്‍ഡ് ഗ്രേഡ് കണ്ടക്ടറായി നിയമനം ലഭിക്കുക. 241 ജോലി ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ അടിസ്ഥാന ശമ്പളം മാത്രമേ നിയമിതരായിരുന്നവര്‍ക്ക് ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ 2009ല്‍ ഹൈക്കോടതി ഈ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പി എസ് സി വഴി നിയമിക്കുന്നവരെ സെക്കന്‍ഡ് ഗ്രേഡ് കണ്ടക്ടറായി തന്നെ നിയമിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ചല്ല ഇപ്പോഴത്തെ നിയമനം എന്ന് മാത്രമല്ല, അടിസ്ഥാന ശമ്പളം പോലും 360 ദിവസത്തേക്ക് ലഭിക്കുകയുമില്ല. ചുരുക്കത്തില്‍ 4701 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് നാലായിരത്തോളം എംപാനലുകാരെ തന്നെയാണ് കെ എസ് ആര്‍ ടി സി നിയമിക്കുന്നത്.

എല്ലാ കാലത്തും ഈ രീതിയില്‍ തന്നെയാണ് നിയമനങ്ങള്‍ നടന്നുവരുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറയുന്നു. ‘അണ്‍ അഡൈ്വസ്ഡ് ലിസ്റ്റ്’, ‘ പി എസ് സി -എം പാനല്‍’, ‘റിസര്‍വ്ഡ്’ എന്നിങ്ങനെ പല പേരുകളിലാണ് കണ്ടക്ടര്‍മാരെ നിയമിച്ചുവരുന്നത്. പിന്നീട് ഇവര്‍ക്ക് സ്ഥിര നിയമനം നല്‍കുകയും ചെയ്യുമെന്നും അവര്‍ പറയുന്നു. ഇപ്പോഴത്തെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനത്തോട് തല്‍ക്കാലം പ്രതികരിക്കേണ്ട എന്ന നിലപാടാണ് യൂണിയന്‍ പ്രതിനിധികള്‍ സ്വീകരിച്ചിരിക്കുന്നത്. ദിവസവേതന അടിസ്ഥാനത്തില്‍ പി എസ് സി വഴിയുള്ള നിയമനം നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന അഭിപ്രായമാണ് യൂണിയന്‍ പ്രതിനിധികള്‍ക്കുള്ളത്. എന്നാല്‍ നാളെ കോടതി വീണ്ടും കേസ് പരിഗണിക്കാനിരിക്കെ തല്‍ക്കാലം അഭിപ്രായം പറയേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം.

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍