UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനം മന്ത്രിയായേക്കില്ല? ‘എത്തിയത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍’

കേരളത്തില്‍ നിന്നും രണ്ട് സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചവരില്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്തിയത്

കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ച കുമ്മനം രാജശേഖരന്‍ മന്ത്രിയായേക്കില്ലെന്ന് സൂചന. താന്‍ ഡല്‍ഹിയിലെത്തിയത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണെന്നാണ് ഇന്ന് കുമ്മനം പ്രതികരിച്ചിരിക്കുന്നത്. വിളിച്ചിട്ട് വന്നതല്ല താനെന്നും കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെയാണ് കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി വാര്‍ത്ത പ്രചരിച്ചത്. ഇന്ന് പുലര്‍ച്ചെ കുമ്മനം ഡല്‍ഹിയിലേക്ക് പുറപ്പെടുകയും ചെയ്തു. കുമ്മനത്തെ പരിസ്ഥിതി വകുപ്പ് മന്ത്രിയായി പരിഗണിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ഇക്കുറി മോദി മോദി സര്‍ക്കാരില്‍ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ഈ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. കേരളത്തില്‍ നിന്നും സീറ്റുകളൊന്നും ലഭിക്കാത്തത് മന്ത്രി സ്ഥാനത്തിന് തടസ്സമാകില്ലെന്നാണ് പിള്ള പറഞ്ഞത്.

കഴിഞ്ഞ തവണത്തെ പോലെ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പിള്ള പറയുന്നു. മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തത് ബിജെപിയ്ക്ക് തിരിച്ചടിയാകില്ലെന്നും പിള്ള കൂട്ടിച്ചേര്‍ക്കുന്നു.

കേരളത്തില്‍ നിന്നും രണ്ട് സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചവരില്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്തിയത്. അതിനാല്‍ തന്നെയാണ് കുമ്മനത്തിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടത്. പുതിയ മന്ത്രിസഭയിലേക്ക് കുമ്മനം, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. കണ്ണന്താനമാണ് നിലവില്‍ നരേന്ദ്ര മോദി സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച കണ്ണന്താനം മൂന്നാം സ്ഥാനത്തായിരുന്നു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തെ രാജിവയ്പ്പിച്ചാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപി ഏറെ പ്രതീക്ഷ നല്‍കിയിരുന്ന മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. തൃശൂരില്‍ രണ്ട് ലക്ഷത്തിലേറെ വോട്ട് പിടിച്ച സുരേഷ് ഗോപിയും മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ലിസ്റ്റില്‍ ഉണ്ട്. നിലവില്‍ രാജ്യസഭാ എംപിയാണ് സുരേഷ് ഗോപി.

read more:കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍