UPDATES

ട്രെന്‍ഡിങ്ങ്

ഇത് പണ്ടുമുണ്ടായിട്ടുണ്ട്.. ഇതിന്റെയും ആത്യന്തിക വിജയം സുനില്‍ പി ഇളയിടത്തിനായിരിക്കും: കുരീപ്പുഴ ശ്രീകുമാര്‍

ഇതുകൊണ്ട് കേരളത്തിലെ സാംസ്‌കാരിക രംഗം പിന്മാറുമെന്ന് അവര്‍ വിചാരിക്കുകയേ വേണ്ട

കാലടി സര്‍വകലാശാലയിലെ അധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിനെതിരെ ഇന്നുണ്ടായ ആക്രമണം സാംസ്‌കാരിക കേരളത്തില്‍ പണ്ടുമുണ്ടായിട്ടുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സുനിലിന്റെ കാലടി സര്‍വകലാശാലയിലെ ഓഫീസിലെ ബോര്‍ഡ് തകര്‍ത്ത അക്രമികള്‍ വാതിലിലും ഭിത്തിയിലും കാവി നിറവും വരച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനെതിരെ സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളില്‍ സുനിലിനെതിരെ വധഭീഷണി ഉയര്‍ത്തിയിരുന്നു. സഹോദരന്‍ അയ്യപ്പന്‍ പന്തി ഭോജനത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാനെ കല്യാണ വീട്ടില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. രാമനെ വിമര്‍ശിച്ചതിന് ചങ്ങമ്പുഴയ്ക്ക് നേരിടേണ്ടി വന്നത് വ്യക്തിഹത്യയാണ്. ഇതുകൊണ്ടൊന്നും സാംസ്‌കാരിക കേരളം പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരീപ്പുഴയുടെ സംഭാഷണം പൂര്‍ണരൂപത്തില്‍ താഴെ:

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ കേരള വ്യാപകമായി അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നവമാധ്യമങ്ങളില്‍ നിന്നും കായികമായി ഇത് മാറിയിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സുനില്‍ പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചത്. ശങ്കരചാര്യ സംസ്‌കൃത സര്‍വകലാശാലയിലാണ് സുനില്‍ ജോലി ചെയ്യുന്നത്. ശങ്കരാചാര്യര്‍ ആരെയും കായികമായി നേരിട്ടിട്ടുള്ള ആളല്ല. ശങ്കരാചാര്യരുടെ രാഷ്ട്രീയം ഉള്‍ക്കൊണ്ട് ആളുകള്‍ ബുദ്ധമതക്കാരെയും ജൈനമതക്കാരെയും അവര്‍ണരെയുമെല്ലാം കായികമായി നേരിട്ടിട്ടുണ്ട്. അപ്പോള്‍ ശങ്കരാചാര്യരെ അല്ല ഇവര്‍ മാതൃകയാക്കിയിട്ടുള്ളത്. ശങ്കരാചാര്യരുടെ പേര് പറഞ്ഞ് അക്രമങ്ങള്‍ സൃഷ്ടിച്ച തങ്ങളുടെ മുമ്പേ പോയ ആളുകളെയാണ് ഇവര്‍ മാതൃകയാക്കിയിട്ടുള്ളത്. അതാണ് ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ സുനില്‍ പി ഇളയിടത്തിനെതിരെ ഇങ്ങനെയൊരു അക്രമം നടക്കാന്‍ കാരണം.

ഇതുകൊണ്ട് കേരളത്തിലെ സാംസ്‌കാരിക രംഗം പിന്മാറുമെന്ന് അവര്‍ വിചാരിക്കുകയേ വേണ്ട. കാരണം ഇന്ന് കേരളത്തിലെ ഹോട്ടലുകളെല്ലാം ഉത്ഭവിച്ചത് സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം നടത്തിയതിന് ശേഷമാണ്. പന്തിഭോജനത്തിന്റെ പേരില്‍ സഹോദരന്‍ അയ്യപ്പനെ കൊല്ലുമെന്ന് പറഞ്ഞ് ചേന്ദമംഗലത്ത് പുള്ളി പ്രസംഗിക്കാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ കത്തി കൊണ്ട് കയറി ചെന്നു. സഹോദരന്‍ അയ്യപ്പന്റെ തലയില്‍ ഉറുമ്പിന്‍കൂട് കുടഞ്ഞിട്ടു. അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാണകം ഉരുട്ടി എറിഞ്ഞു. എന്നിട്ടും ആ പ്രസ്ഥാനം പരാജയപ്പെട്ടില്ല. കേരളത്തില്‍ പതിനായിരക്കണക്കിന് ഹോട്ടല്‍ ശൃംഖലകളാണ് ഉള്ളത്. അടുത്തിരുന്ന് ആഹാരം കഴിക്കുന്നത് ആരാണെന്നോ അയാളുടെ ജാതിയോ ഒന്നും ഇപ്പോള്‍ ആര്‍ക്കും അറിയേണ്ടതില്ല.

കുമാരനാശാനെ കല്യാണ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. കുമാരനാശാന്‍ ഇപ്പോഴത്തെ കാര്യമാണ് അന്ന് പറഞ്ഞത്. ‘ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്ക് ഇന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രമതാകാം’ എന്നാണ് പറഞ്ഞത്. ആ ആശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ആശയമാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമത് നിങ്ങളെത്താന്‍’ എന്നത്. അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചങ്ങമ്പുഴയ്ക്ക് നേരെ കായികമായ ആക്രമണമുണ്ടായില്ല. പകരം അദ്ദേഹം കള്ളുകുടിക്കുന്നു, കഞ്ചാവ് വലിക്കുന്നു, സ്ത്രീലംബഡനാണ് എന്നിങ്ങനെയുള്ള പ്രചരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. രാമനെ വിമര്‍ശിച്ചുവെന്നതാണ് അദ്ദേഹം അവരോട് ചെയ്ത തെറ്റ്. ‘ഒളിയമ്പിന് വിരുതനാം ശരവീരന്‍ ശ്രീരാമന് വിളയാടാനുള്ളതല്ല ഇനിയീ ലോകം’ എന്നാണ് പറഞ്ഞത്.

അങ്ങനെ ഒരുപാട് ആക്രമങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെയും നടത്തിയിട്ടുണ്ട്. അതുകൊണ്ടൊന്നും കേരള സംസ്‌കാരത്തിന്റെ മുന്നോട്ടുള്ള യാത്രയെ തടയാന്‍ സാധിക്കില്ല. ഇതിന്റെയും ആത്യന്തികമായ വിജയം സുനില്‍ പി ഇളയിടം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുടെ വിജയം തന്നെയായിരിക്കും.

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

വധഭീഷണിക്ക് പിന്നാലെ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍