UPDATES

ട്രെന്‍ഡിങ്ങ്

ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി; കുട്ടനാടിനുമേല്‍ അടിയന്തിര ശ്രദ്ധ പതിയണം

പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളത്തിന്റെ പതന സ്ഥാനവും കുട്ടനാടാണ്. പമ്പയിലെ ഒഴുക്ക് അതിശക്തമായതും, അച്ചന്‍കോവില്‍ കരകവിഞ്ഞ് ഒഴുകുന്നതുമടക്കം ഏറ്റവുമധികം ബാധിക്കാനിടയുള്ള സ്ഥലം കുട്ടനാടാണ്.

കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുകയും, മേഖലയില്‍ ഇന്നലെ മുതല്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തേക്കാള്‍ രൂക്ഷമായ വെള്ളപ്പൊക്കം കുട്ടനാട്ടിലുണ്ടാവുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇന്നലെ മുതല്‍ പലരേയും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ന് രാവിലെ മുതല്‍ തുടരുകയാണെങ്കിലും വേമ്പനാട്ടില്‍ അടിയൊഴുക്ക് രൂക്ഷമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്.

മുട്ടാര്‍, എടത്വ. ചാത്തങ്കരി, കൈനകരി, രാമങ്കരി, കാവാലം, പുളിങ്കുന്ന് പ്രദേശങ്ങളിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതില്‍ മുട്ടാര്‍, എടത്വ, ചാത്തങ്കരി പ്രദേശങ്ങളില്‍ മാത്രം രണ്ടായിരത്തോളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പ്രാഥമിക വിവരം. വെള്ളപ്പൊക്കം അനുഭവിക്കുന്ന അപ്പര്‍ കുട്ടനാട്ടില്‍ നിന്ന് വെള്ളമൊഴുകിഎത്തുക കുട്ടനാട്ടിലേക്കാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളത്തിന്റെ പതന സ്ഥാനവും കുട്ടനാടാണ്. പമ്പയിലെ ഒഴുക്ക് അതിശക്തമായതും, അച്ചന്‍കോവില്‍ കരകവിഞ്ഞ് ഒഴുകുന്നതുമടക്കം ഏറ്റവുമധികം ബാധിക്കാനിടയുള്ള സ്ഥലം കുട്ടനാടാണ്. ഇവിടങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമാവുന്നതോടെ കുട്ടനാട് മുഴുവന്‍ വെള്ളത്തിലാവുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ കുട്ടനാട്ടിലെ പലയിടങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞ് പോവണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പലരും അതിന് തയ്യാറാവാതെ അവിടെത്തന്നെ തുടര്‍ന്നതാണ് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. മുട്ടാര്‍, ചേന്നങ്കരി പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയതോടെ അവരെ അവിടെ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.

ആയിരത്തിലധികം പേരെ അമ്പലപ്പുഴയിലേക്കും, ആലപ്പുഴയിലേക്കും, കണിച്ചുകുളങ്ങരയിലേക്കും ഇന്നലെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ വേമ്പനാട്ടിലെ ഒഴുക്കും ശക്തമായി. വേമ്പനാട് നിറഞ്ഞുകവിഞ്ഞതോടെ ആലപ്പുഴ നഗരത്തിലെ ചെറുതോടുകളും കനാലുകളും നിറഞ്ഞ് നഗരത്തിലേക്ക് വെള്ളം കയറിത്തുടങ്ങി. വേമ്പനാട്ടില്‍ വെള്ളം ക്രമാതീതമായി ഉയരുന്നത് കുട്ടനാട്ടിലെ സ്ഥിതി കൂടുതല്‍ വഷളാക്കും. കഴിഞ്ഞ മാസം കുട്ടനാടിനെ മുഴുവന്‍ വിഴുങ്ങിയ വെള്ളപ്പൊക്കത്തില്‍ നിന്ന് പതിയെ കരകയറി വരുന്ന ജനതയ്ക്ക് കടുത്ത ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് അതിലും ശക്തമായ വെള്ളപ്പാച്ചില്‍ കുട്ടനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുട്ടാര്‍ സ്വദേശിയായ സുമലത പറയുന്നു ‘ ഞങ്ങളുള്‍പ്പെടെ നാനൂറിലധികം കുടുംബങ്ങള്‍ ഇവിടെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ കഴുത്തറ്റം വെള്ളമുണ്ട്. ഫോണിലെ ചാര്‍ജ് തീരാറായി. ആരെങ്കിലുമെത്തി രക്ഷിച്ചില്ലെങ്കില്‍ ഞങ്ങളെല്ലാം ഇവിടെ തീരും. കഴിഞ്ഞ തവണത്തെപ്പോലുമല്ല. അതിലും പെട്ടെന്ന് വലിയതോതിലാണ് വെള്ളക്കയറ്റം. ഏത് നിമിഷവും കുട്ടനാട് മുഴുവന്‍ മുങ്ങും.’

രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ പലവഴിക്കായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും നിമിഷം പ്രതി കുട്ടനാട്ടിലെ അവസ്ഥ വഷളാവുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അടിയന്തിരമായി സൈന്യമുള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കിയില്ലെങ്കില്‍ ചെങ്ങന്നൂരിലേതിനേക്കാല്‍ കടുത്ത ദുരന്തം കുട്ടനാട്ടിലുണ്ടാവുമെന്ന മുന്നറിയിപ്പാണ് ജനങ്ങളും അധികൃതരും നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍