UPDATES

ലദീദ മാത്രമല്ല വിശ്വാസികളായ ധാരാളം വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐയിലുണ്ട്: കേന്ദ്ര കമ്മിറ്റി അംഗം ശരത് പ്രസാദ്

ഒരു പെണ്‍കുട്ടി നേതൃനിരയിലേക്ക് വന്നതിനെ പ്രതിരോധിക്കാനാണ് ചിലര്‍ ആ കുട്ടിയുടെ മതവും വിശ്വാസവുമൊക്കെ വിമര്‍ശനത്തിന് കാരണമാക്കുന്നത്

ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ രണ്ടാം വാര്‍ഷികമാവുമ്പോഴേയ്ക്കും വിദ്യാര്‍ത്ഥി പീഡന ആരോപണങ്ങളിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് പാമ്പാടി നെഹ്‌റു കോളേജ്. സിബിഐയ്ക്ക് മൊഴി കൊടുത്ത വിദ്യാര്‍ത്ഥികളെ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് കരുതിക്കൂട്ടി പരീക്ഷയില്‍ പരാജയപ്പെടുത്തിയെന്ന ആരോപണം സത്യമാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കണം എന്ന ആവശ്യവുമായി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ക്ക് വെട്ടി തിരുത്തി വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയും അതു മറച്ചു വയ്ക്കാന്‍ പത്രസമ്മേളനം നടത്തി കുട്ടികളെ വ്യക്തിഹത്യ നടത്തുകയും ചെയ്തവര്‍ക്ക് ഇനി അധ്യാപകരായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് എസ്എഫ്‌ഐയുടെ നിലപാടെന്ന് വ്യക്തമാക്കിയ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ ശരത് പ്രസാദ് വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളോടുള്ള എസ്എഫ്‌ഐ സമീപനത്തെ പറ്റി വിശദീകരിക്കുന്നു.

പാമ്പാടി നെഹ്‌റു കോളേജ്

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപട്ട് സത്യം പുറത്തു കൊണ്ടു വരാനും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ പ്രതിഷേധിക്കാനും മുന്‍ പന്തിയിലുണ്ടായിരുന്നവരാണ് അതുല്‍ ജോസ്, മുഹമ്മദ് ആഷിക്, വസിം ഷാ എന്നിവര്‍. ഈ കുട്ടികളോടുള്ള പ്രതികാരം തീര്‍ക്കാന്‍ 2017 ഡിസംബറിലും 2018 ജൂണിലും നടന്ന രണ്ടു പ്രാക്ടിക്കല്‍ പരീക്ഷകളിലും മാനേജ്‌മെന്റ് ഇവരെ പരാജയപ്പെടുത്തി. കോളേജിനെതിരെ സിബിഐയ്ക്ക് മൊഴി കൊടുത്ത അതുല്‍ ജോസിനെ ശ്രീധരന്‍ എന്ന കോളേജ് പ്രിന്‍സിപ്പിള്‍ രണ്ടു തവണ പരസ്യമായി ഭീഷണി പ്പെടുത്തിയിരുന്നു. തിയറി പരീക്ഷയില്‍ ജയിക്കുകയും പ്രാക്ടിക്കല്‍ പരീക്ഷയില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കുട്ടികള്‍ വിവരാകാശ പ്രകാരം മാര്‍ക്ക് ഷീറ്റിന്റെ കോപ്പി എടുക്കുന്നതും അവരോടു അധ്യാപകര്‍ ചെയ്ത ചതി മനസ്സിലാക്കുന്നതും. ഈ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം ആരോഗ്യ സര്‍വ്വകലാശാലയുടെ സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് എസ്എഫ്‌ഐ യാണ്. തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാല നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കുട്ടികളുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയത്.

നെഹ്‌റു കോളേജില്‍ വച്ച് ഈ കുട്ടികളുടെ പുനഃപരീക്ഷ നടത്തിയാല്‍ മാനേജ്‌മെന്റ് ഇനിയും ഏതെങ്കിലും വിധത്തിലുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കുമോ എന്ന ആശങ്ക അന്വേഷണ കമ്മീഷനുണ്ടായി. അതുകൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ഈ വരുന്ന മുപ്പത്തി ഒന്നാം തീയതിയും ഒന്നാം തീയതിയുമായി ഈ മൂന്ന് കുട്ടികള്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷ നടത്താനാണ് സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ നടത്തിയ ചതി അന്വേഷണ കമ്മീഷനു ബോധ്യപ്പെട്ടു, ആ അധ്യാപകരുള്ളിടത്ത് വച്ച് നടത്തുന്ന പുനഃപരീക്ഷ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക പോലും അവര്‍ക്കുണ്ടായി. ഇത്രയും വലിയ ചതി നടത്തി മൂന്ന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ നോക്കിയവര്‍ക്ക് ഇനി അധ്യാപകരായി തുടരാന്‍ എന്ത് യോഗ്യതയാണുള്ളത്? ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍വ്വകലാശാലയോടും ആരോഗ്യ വകുപ്പിനോടും എസ്എഫ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ നടത്താനാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി തീരുമാനം.

Also Read: ജിഷ്ണു കേസില്‍ മൊഴി കൊടുത്ത വിദ്യാര്‍ത്ഥികളെ നെഹ്‌റു കോളേജ് മനഃപൂര്‍വം തോല്‍പ്പിച്ചെന്ന് അന്വേഷണ കമ്മിഷന്‍; മറ്റൊരു സെന്ററില്‍ വെച്ച് വീണ്ടും പരീക്ഷ നടത്തിയേക്കും

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു കോളേജ് ക്യാംപസില്‍ പ്രവേശിക്കുന്നതില്‍ നിന്നും ചെയര്‍മാന്‍ പി കെ കൃഷ്ണദാസിനെ കോടതി വിലക്കിയിരുന്നു. ഇപ്പോള്‍ ആ കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അയാള്‍ ക്യാംപസില്‍ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. കൃഷ്ണദാസിനോട് വിധേയത്വം കാണിക്കാനാണ് കേസന്വേഷണത്തെ സഹായിക്കുന്ന കുട്ടികളെ തകര്‍ക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നത്. ഈ കുട്ടികളോട് സംസാരിക്കുന്നതില്‍ നിന്ന് വരെ മറ്റുകുട്ടികളെ തടഞ്ഞുകൊണ്ട് ഇവരെ മൂന്ന് പേരെയും ക്യാമ്പസ്സിനുള്ളില്‍ ഒറ്റപ്പെടുത്തുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ നിന്ന് കോളേജ് അധികൃതര്‍ പിന്മാറിയില്ലെങ്കില്‍ ക്യാമ്പസിനുള്ളില്‍ തന്നെ പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് കുട്ടികളെ പീഡിപ്പിക്കാന്‍ അവരുണ്ടാക്കിയ ഇടിമുറി തല്ലി തകര്‍ത്തത് ആരാണെന്ന ഓര്‍മ മാനേജ്‌മെന്റിന് ഉണ്ടാവുമെന്ന് കരുതുന്നു.

ഇടിമുറികള്‍ പൊളിച്ചപ്പോള്‍ ഇന്റെര്‍ണല്‍ മാര്‍ക്കായി ആയുധം

കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ശാരീരികമായി വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് ഒരറുതി വന്നിട്ടുണ്ട്. പക്ഷെ കുട്ടികളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ അക്കാദമിക്ക് രീതികളാണ് സ്വാശ്രയ മാനേജ്‌മെന്റുകളും ചില അധ്യാപകരും ആയുധമാക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക് എന്നത് സെമസ്റ്റര്‍ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഘടകമാവുമ്പോള്‍ പല മാനസിക പീഡനങ്ങളും വിദ്യാര്‍ത്ഥികള്‍ മൗനമായി സഹിക്കുന്നു. ഒടുവില്‍ ആ സഹനം പരിധിവിടുമ്പോഴാണ് പല വിദ്യാര്‍ത്ഥികളും ആത്മഹത്യയുടെ വഴി പോലും തിരഞ്ഞെടുക്കുന്നത്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഒരു പരീക്ഷയില്‍ തോല്‍ക്കുന്നതും ഇന്റേണല്‍ മാര്‍ക്ക് കുറയുന്നതും ഒക്കെ നിസ്സാര കാര്യങ്ങളായി തോന്നാം. പക്ഷെ കുട്ടികള്‍ ഇതിന്റെ പേരിലൊക്കെ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. ജനാധിപത്യ പരമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് വലിയൊരളവ് വരെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കും. പക്ഷെ ശൈശവ ദശയിലുള്ള കേരള സാങ്കേതിക സര്‍വ്വകലാശാല, ആരോഗ്യ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളെ നേരിടാനുള്ള സംവിധാങ്ങള്‍ താരതമ്യേന കുറവാണ്.

Also Read: ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

ഓട്ടോണോമസ് കോളേജുകള്‍ ഇനി വേണ്ടാ

സ്വാശ്രയ കോളേജുകള്‍ പോലെ തന്നെ വിദ്യാര്‍ത്ഥി വിരുദ്ധങ്ങളായ നിരവധി കാര്യങ്ങള്‍ സ്വയം ഭരണാവകാശമുള്ള ഓട്ടോണോമസ് കോളേജുകളില്‍ നടക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ സര്‍വകലാശാലയ്ക്കു പോലും നിയന്ത്രണമില്ലാത്തത് അക്കാദമിക് രംഗത്തും അല്ലാതെയും പല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തുടക്കം മുതലേ എസ്എഫ്‌ഐ ഓട്ടോണോമസ് കോളേജുകള്‍ക്ക് എതിരാണ്. പല സമരങ്ങളും പ്രതിഷേധങ്ങളും ഈ വിഷയത്തില്‍ നടത്തുകയും ചെയ്തു. പക്ഷെ ഓട്ടോണോമസ് കോളേജുകള്‍ ഇന്നൊരു യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുന്നു. ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അഭയമില്ലാത്ത അവസ്ഥയാണ്. സാധാരണ കോളേജില്‍ ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരിട്ട് സര്‍വ്വകലാശാലയെ സമീപിക്കാനും അതിനു പരിഹാരം കാണാനും സാധിക്കും. പക്ഷെ സ്വയം ഭരണാവകാശമുള്ള കോളേജുകളിന്മേല്‍ സര്‍വ്വകലാശാലയ്ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാത്തത് വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ഇനി കേരളത്തില്‍ പുതുതായി ഒരു കോളേജിനും സ്വയംഭരണ പദവി കൊടുക്കാന്‍ എസ്എഫ്‌ഐ അനുവദിക്കില്ല. ഓട്ടോണോമസ് കോളേജുകളിലെ നിരവധി പ്രശ്‌നങ്ങളില്‍ ഇതിനോടകം എസ്എഫ്‌ഐ ഇടപെട്ടിട്ടുണ്ട്. 1916ല്‍ സ്ഥാപിച്ച അനന്ത്പൂര്‍ ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇന്നൊരു ഓട്ടോണോമസ് കോളേജാണ്. ഇന്ത്യയിലെ രണ്ട് രാഷ്ട്രപതിമാരെ (ഡോ. എസ് രാധാകൃഷ്ണന്‍, നീലം സഞ്ജീവ് റെഡ്ഡി) സംഭാവന ചെയ്ത, എണ്ണായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ആ കോളേജിലെ പ്രിന്‍സിപ്പില്‍ എസ്എഫ്‌ഐ റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞത് ഇന്ത്യയില്‍ ഓട്ടോണോമസ് കോളേജുകള്‍ക്കെതിരെ പ്രതികരിക്കാന്‍ എസ്എഫ്‌ഐ മാത്രമേയുള്ളൂ എന്നാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യമാണ്

കച്ചവട വിദ്യാഭ്യാസത്തിന്റെ സമീപനങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെ സാധിക്കു. മാനേജ്‌മെന്റിന്റെ ഏജന്റുകളായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കോ ക്യാമ്പസിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ചു വേണ്ടത്ര ബോധ്യമില്ലാത്ത മാതാപിതാക്കള്‍ക്കോ കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഏതെങ്കിലും ഒരു അനീതിക്കെതിരെ കുട്ടികള്‍ പ്രതിഷേധിക്കുമ്പോള്‍ ‘ഇത്രയും പണം മുടക്കി പഠിപ്പിക്കുന്ന മകനോ മകളോ എന്തിനാണ് ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് പോവുന്നത്’ എന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുക. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും കണ്ടെത്താനും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കേ സാധിക്കുകയുള്ളു. ക്യാമ്പസ്സിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള ബില്ല് കേരള നിയമസഭയുടെ പരിഗണനയിലാണ്. ആ ബില്‍ യാഥാര്‍ഥ്യമാവുന്നത് വഴി സ്വാശ്രയ മാനേജുമെന്റുകളുടെ വിദ്യാര്‍ത്ഥി ചൂഷണങ്ങളെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.

ക്യാംപസ് രാഷ്ട്രീയം ഇനിയും അഭിമന്യുമാരെ സൃഷ്ടിക്കുമോ?

ക്യാംപസ് രാഷ്ട്രീയം അക്രമ രാഷ്ട്രീയത്തിനു വഴിമാറി എന്നൊക്കെ അഭിമന്യുവിന്റെ കാര്യത്തില്‍ പറയുന്നത് ശരിയല്ല. ഒരു ക്യാംപസ് സംഘര്‍ഷത്തിന്റെ ഭാഗമായല്ല അഭിമന്യു കൊല്ലപ്പെടുന്നത്. തീവ്രവാദ പശ്ചാത്തലമുള്ള ഒരു സംഘടന രണ്ടു പേരെ കൊലപ്പെടുത്തണമെന്ന് തീരുമാനിക്കുകയും. പുറത്തു നിന്നുള്ള ആളുകളെ ഉപയോഗിച്ച് അഭിമന്യുവിനെ കൊലപ്പെടുത്തുകയുമാണ് ഉണ്ടായത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിലകൊള്ളുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കോളേജുകള്‍ ഉണ്ട്, അമിത മായി ഫീസ് വാങ്ങുന്ന കോളേജുകള്‍ ഉണ്ട്, അഫിലിയേഷന്‍ ഇല്ലാതെ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യ സ്വാതന്ത്ര്യം കിട്ടിയാല്‍ ഇത്തരം തട്ടിപ്പുകളുമായി മുന്നോട്ട് പോവാന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിയില്ല.

സ്ത്രീ പങ്കാളിത്തമല്ല സ്ത്രീ നേതൃത്വം

മറ്റേതു മേഖലയിലുമെന്നപോലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ വിദ്യാഭ്യാസ രംഗത്തുമുണ്ട്. അവയെ ഫലപ്രദമായി നേരിടാനും സംഘടനയിലെ നിര്‍ണ്ണായക ശക്തികളായി പെണ്‍കുട്ടികളെ മാറ്റാനും സ്ത്രീ പങ്കാളിത്തം എസ്എഫ്‌ഐ എപ്പോഴും ഉറപ്പാക്കാറുണ്ട്. നേതൃനിരയിലുള്ള സ്ത്രീകളുടെ കാര്യത്തില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എസ്എഫ്‌ഐ മാതൃകയാണ്. എംഎസ്എഫ് പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യുന്നതു പോലെ പേരിനു കുറച്ചു പെണ്‍കുട്ടികളെ സംഘടനയില്‍ ചേര്‍ക്കുകയല്ല എസ്എഫ്‌ഐ ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു സര്‍വ്വകലാശാല യൂണിയന്‍ മുഴുവന്‍ പെണ്‍കുട്ടികളെ കൊണ്ടു വന്നത് എസ്എഫ്‌ഐയാണ് സംസ്‌കൃത സര്‍വ്വകലാശാലയില്‍. കേരളത്തില്‍ ഏറ്റവും അധികം കുട്ടികള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെയാണ്. കഴിഞ്ഞ വര്‍ഷം എസ്എഫ്‌ഐയുടെ അവിടുത്തെ യൂണിയനില്‍ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും പെണ്‍കുട്ടികള്‍ ആയിരുന്നു. അതുപോലെ തന്നെയായിരുന്നു എസ്എഫ്‌ഐ യുടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ പാനല്‍. ഇലക്ഷനില്‍ അവര്‍ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നിരുന്നാലും സ്ത്രീ നേതൃത്വത്തില്‍ ഒരു പാനല്‍ മത്സരിക്കുന്നത് അവിടെ ആദ്യമായിട്ടായിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും തുല്യ പങ്കാളിത്തം എന്നതാണ് എസ്എഫ്‌ഐ യുടെ നിലപാട്.

Read More: ഞാന്‍ ‘തട്ടമിട്ട സഖാവ്’ അല്ല, ‘സഖാവ്’ ആണ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി ലദീദ സംസാരിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലദീദിയുടെ നേതൃത്വം സംബന്ധിച്ച് പല ഒളിയമ്പുകളും എസ്എഫ്‌ഐയുടെ നേരെ വന്നിരുന്നു. ലദീദ മാത്രമല്ല വിശ്വാസികളായ ധാരാളം വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ അംഗങ്ങളായുണ്ട്. മത വിശ്വാസിയായിരുന്നുകൊണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് ആരാണ് തീരുമാനിച്ചത്? അഞ്ചു നേരം നിസ്‌കരിക്കുന്ന എത്രയോ മുസല്‍മാന്‍മാര്‍ എസ്എഫ്‌ഐയിലുണ്ട്. ഇതിപ്പോള്‍ ഒരു പെണ്‍കുട്ടി നേതൃനിരയിലേക്ക് വന്നതിനെ പ്രതിരോധിക്കാനാണ് ചിലര്‍ ആ കുട്ടിയുടെ മതവും വിശ്വാസവുമൊക്കെ വിമര്‍ശനത്തിന് കാരണമാക്കുന്നത്. അടിസ്ഥാനപരമായി ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് എസ്എഫ്‌ഐ. ജനാധിപത്യ മൂല്യം എന്ന് പറയുന്നതില്‍ തന്നെ സഹിഷ്ണുത ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഏത് വിശ്വാസിക്കും അവിശ്വാസിക്കും എസ്എഫ്‌ഐലേയ്ക്ക് വരാം.

Also Read: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 15 വര്‍ഷം തുടര്‍ച്ചയായി വിജയിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടനയുടെ പിന്നില്‍ ആരൊക്കെ?

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍