UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയെ ഓടിക്കൂ, രാജ്യത്തെ രക്ഷിക്കൂ: ലാലു പ്രസാദ് യാദവിന്റെ റാലി ആരംഭിച്ചു

അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ലാലു

ബിജെപിയെ ഓടിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രവാക്യം ഉയര്‍ത്തി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തുന്ന റാലി പാട്‌നയില്‍ ആരംഭിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ലാലു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ലാലുവിന്റെ റാലിയില്‍ പങ്കെടുക്കും. ലാലുവിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും സംസ്ഥാനത്തെ ശക്തിപ്രകടനമായാണ് ഈ റാലിയെ കണക്കാക്കുന്നത്. എന്‍സിപി, സിപിഐ, രാഷ്ട്രീയ ലോക് ദള്‍, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ജെവിഎം, ഡിഎംകെ, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, എഐയുഡിഎഫ്, നാഷണല്‍ കോണ്‍ഫറന്‍സ്, ജനതാദള്‍ സെക്കുലര്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ലാലുവിന്റെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ ബിജെപി വിരുദ്ധറാലിയില്‍ പങ്കെടുക്കുന്നില്ല. റാലിക്കായി ഏകദേശം ആറായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പാട്‌ന ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ അറിയിച്ചു. റാലി ആരംഭിക്കുന്ന ഗാന്ധി മൈതാനത്തില്‍ 62 സുരക്ഷ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദേശം വായിച്ചുകൊണ്ടാണ് റാലി ആരംഭിച്ചത്. 2014ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മറന്നെന്ന് സന്ദേശത്തില്‍ ആരോപിക്കുന്നു.

റാലിയില്‍ നിന്നും (ഫേട്ടോ: ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്)

റാലിയില്‍ പങ്കെടുക്കുന്ന ശരദ് യാദവിനെതിരെ നടപടിയെടുക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് നേതൃത്വം അറിയിച്ചിരിക്കുകയാണ്. ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യത്തില്‍ നിന്നും പിന്മാറിയ ജനതാദള്‍ യുണൈറ്റഡ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇത് ജെഡിയുവിന്റെ റാലിയായാണ് തുടങ്ങിയതെങ്കിലും രാജ്യത്തെ രക്ഷിക്കാനുള്ള മഹാസഖ്യത്തിന്റെ റാലിയാണ് ഇപ്പോഴെന്ന് ശരദ് യാദവ് അറിയിച്ചു. തനിക്കെതിരെ നടപടിയെടുക്കുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പാര്‍ട്ടി നിലപാട് ലംഘിച്ച സാഹചര്യത്തില്‍ ശരദ് യാദവിന്റെ രാജ്യസഭാംഗത്വം നഷ്ടപ്പെടുമെന്നാണ് നിതിഷ് കുമാറും ജെഡിയു ജനറല്‍ സെക്രട്ടറി ടി സി ത്യാഗിയും അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുന്നതിന് പകരം ലാലു തന്റെയും രണ്ട് മക്കളുടെയും മുഖം മാധ്യമങ്ങളില്‍ കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ജെഡിയു പരിഹസിക്കുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഓഗസ്റ്റ് 27 ഒരു കറുത്തദിനമായിരിക്കുമെന്ന് ജെഡിയു മുഖ്യവക്താവ് സഞ്ജയ് സിംഗ് പറയുന്നു.

റാലിയില്‍ സിപിഎം പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. മമത ബാനര്‍ജിയുടെ സാന്നിധ്യം ഉള്ളതിനാല്‍ തങ്ങളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. മോദി സര്‍ക്കാരും ബിജെപിയും നിയോ ലിബറല്‍ നയങ്ങളും ഹിന്ദുത്വയുമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കരാട്ട് എഴുതിയിരിക്കുന്നു. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം നിയോ ലിബറല്‍ നിലപാടുകള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരായ പോരാട്ടമാണെന്നും ലേഖനത്തില്‍ പറയുന്നു. മതേതര പാര്‍ട്ടികളുമായുള്ള സഖ്യം കൊണ്ട് മാത്രം ബിജെപിയെ എതിര്‍ത്ത് തോല്‍പ്പിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍