UPDATES

ട്രെന്‍ഡിങ്ങ്

ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചു; ഭൂമിയിടപാട് സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല

ഭൂമിടയപാട് വിവാദം സഭയെ മൊത്തത്തില്‍ ബാധിക്കുന്നതല്ലെന്നും പ്രാദേശിക വിഷയം മാത്രം ആണെന്നും സിനഡ്

സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് വിഷയം സിനഡ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് എറണാകുളം അങ്കമാലി അതിരൂപതയിലെ മാത്രം പൊതു പ്രശ്‌നമാണെന്നു വിലയിരുത്തിയ സിനഡ് ഭൂമിയിടപാട് സഭയെ മൊത്തത്തില്‍ ബാധിക്കുന്നതല്ലെന്നും പ്രാദേശികമായ പ്രശ്‌നം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനം എടുത്തത്. എങ്കിലും സിറോ അവറില്‍ വ്യാഴാഴ്ച വിഷയം പരിഗണിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
അതേ സമയം ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ നാണക്കേടില്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡില്‍ ഖേദപ്രകടനം നടത്തി. ഭൂമിയിടപാടില്‍ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നായിരുന്നു വിശദീകരണം.

ഭൂമിടയപാട് വിഷയം സിനഡില്‍ ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് നേരത്തെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കത്ത് നല്‍കിയിരുന്നു. സിറോ മലബാര്‍ സഭയുടെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന സിനഡില്‍ ഈക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നായിരുന്നു കത്തിലെ ആവശ്യം. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍, ഭൂമി ഇടപാടുകളിലെ ദുരൂഹതയും ഭരണസംവിധാനങ്ങളുടെ പരാജയവും, സിവില്‍, കാനോന്‍ നിയമങ്ങളുടെ ലംഘനവും പൈതൃകസ്വത്തുക്കളുടെ അന്യാധീനപ്പെടലും, അതിരൂപതയ്ക്കുണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടവും, അതിരൂപത ഭരണത്തില്‍ ഭൂമാഫിയ സംഘങ്ങളുടെയും കള്ളപ്പണത്തിന്റെയും കടന്നുകയറ്റവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു വൈദിക സമിതി സിനഡിനെ അറിയിച്ചിരുന്നത്. ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകാതെ വരികയോ ഇക്കാര്യം ചര്‍ച്ച ചെയ്യാതെ തന്നെയിരിക്കുകയോ ആണെങ്കില്‍ ശക്തമായ മറ്റു പരിപാടികളുമായി മുന്നോട്ടു പോകാനാണ് അതിരൂപതയിലെ വൈദികരുടെയും അല്‍മായരുടെയും തീരുമാനമെന്നും, വൈദിക സമിതി സെക്രട്ടറി അറിയിച്ചിരുന്നതിനാല്‍ ഇപ്പോള്‍ സിനഡ് കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തോട് എതിര്‍വിഭാഗം എതു തരത്തില്‍ പ്രതികരിക്കുമെന്നതാണ് അടുത്ത ചോദ്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍