UPDATES

ട്രെന്‍ഡിങ്ങ്

എംപിമാരെയും എംഎല്‍മാരെയും അഭിഭാഷകവൃത്തിയില്‍ നിന്നും വിലക്കാനുളള ബാര്‍ കൗണ്‍സില്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍

ബാര്‍ കൗണ്‍സിലിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ പ്രമുഖര്‍ പ്രതികരിച്ചിരിക്കുകയാണ്‌

ശമ്പളം മേടിക്കുന്ന പൊതുസേവകര്‍ എന്ന നിലിയില്‍ കോടതികളില്‍ കേസ് വാദിക്കുന്നതില്‍ നിന്നും അഭിഭാഷകരായ എംപിമാരെയും എംഎല്‍എമാരെയും വിലക്കാനുള്ള ബാര്‍ കൗണ്‍സില്‍ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകരായ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്നു എന്ന കാരണത്താല്‍ എംപിമാരെയും എംഎല്‍എമാരെയും അഭിഭാഷകവൃത്തിയില്‍ നിന്നും മാറ്റി നിറുത്തണമെന്ന ഡല്‍ഹിയിലെ ബിജെപി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വനി ഉപാദ്ധ്യായ നല്‍കിയ പരാതി പരിശോധിക്കുതിന് മൂന്നംഗ സമിതിയെ നിയോഗിച്ച ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്റെ (ബിസിഐ) തീരുമാനത്തിനെതിരാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. തൊഴില്‍രഹിതര്‍ മാത്രമുള്ള ഒരു പാര്‍ലമെന്റാണോ രാജ്യം ആഗ്രഹിക്കുന്നത് കോഗ്രസിന്റെ രാജ്യസഭ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ മനു അഭിഷേക് സിംഘ്‌വി ചോദിച്ചു.

ഇതൊരു പിന്‍വാങ്ങല്‍ ആണെന്നും അഭിഭാഷകര്‍ വൃത്തിയില്‍ അനാവശ്യമായി കൈകടത്താനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസിന്റെ ഫറൂഖാബാദില്‍ നിന്നുള്ള മുന്‍ എംപി സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാണിക്കുന്നു. എംപിമാരെ അഭിഭാഷകവൃത്തിയില്‍ നിന്നും വിലക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിക്കുകയാണെങ്കില്‍ സിംഘ്‌വിയെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കബില്‍ സിബല്‍, പി ചിദംബരം, കെടിഎസ് തുള്‍സി, വിവേക് തന്‍ഹ തുടങ്ങിയ പ്രമുഖര്‍ക്ക് തങ്ങളുടെ കക്ഷികള്‍ക്ക് വേണ്ടി കോടതികളില്‍ ഹാജരാവാന്‍ സാധിക്കില്ല. ബിജെപി എംപിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും കേന്ദ്ര മന്ത്രിമാരായതിനെ തുടര്‍ന്ന അഭിഭാഷകവൃത്തിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. രാജ്യസഭാംഗമായ രാംജത്് മലാനി നേരത്തെ തന്നെ അഭിഭാഷക ജോലിയില്‍ നിന്നും വിരമിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും ശമ്പളം പറ്റുന്നതിനാല്‍ തന്നെ എംപിമാരെയും എംഎല്‍എമാരെയും സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണം എന്നാണ് ഉപാദ്ധ്യായ വാദിക്കുന്നത്. അഴിമതി നിരോധന ചട്ടപ്രകാരം എംപിമാരും എംഎല്‍എമാരും പൊതുസേവകരുടെ പട്ടികയില്‍ വരുമെന്നും അതിനാല്‍ അവര്‍ അഭിഭാഷകവൃത്തിക്ക് യോഗ്യരല്ലെന്നും അദ്ദേഹം വാദിക്കുന്നു.

എന്നാല്‍ യോഗ്യതയും സദുദ്ദേശങ്ങളും ഉള്ള വ്യക്തികള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനത്തെയും നിയമ ഉദ്യോഗസ്ഥത്തെയും വേര്‍ത്തിരിച്ച് കാണുമെന്ന് മനു അഭിഷേക് സിംഘ്‌വി ചൂണ്ടിക്കാണിക്കുന്നു. ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രീതിയില്‍ ഒരാളുടെ തൊഴില്‍ ഇടപെടാന്‍ കഴിയില്ലെന്നും നിയമപരമായ തൊഴിലിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന ഒന്നും എംപിമാരും എംഎല്‍എമാരുമായ അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടുന്നു. പാരമ്പര്യവും ചരിത്രവും പരിശോധിച്ചാല്‍ നിയമനിര്‍മ്മാണ രംഗത്തും പൊതുജീവിതത്തിലും അഭിഭാഷകര്‍ നല്‍കിയ സംഭാവനകള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു. ഏതായാലും നിര്‍ദ്ദേശം പരിഗണിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചതായി അദ്ധ്യക്ഷനും മുതിര്‍ന്ന അഭിഭാഷകനുമായ മന്‍ കുമാര്‍ മിശ്ര പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍