UPDATES

ട്രെന്‍ഡിങ്ങ്

അതിഥി തൊഴിലാളികള്‍ക്കായി സമഗ്രനിയമ നിര്‍മാണം കൊണ്ടുവരാന്‍ ഇടതുപക്ഷ സര്‍ക്കാര്‍

സര്‍ക്കാരിന്റെ മൂന്നാം വര്‍ഷ പ്രോഗ്രസ് കാര്‍ഡില്‍ ആണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ചെയ്ത കാര്യങ്ങളും ചെയ്യാന്‍ ഉദ്ദേശിക്കുന്നവയും വ്യക്തമാക്കുന്നത്

കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് അവകാശപ്പെടുന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നാം വര്‍ഷ പ്രോഗ്രസ് കാര്‍ഡ്. തൊഴിലിടങ്ങളിലും ജീവിത സാഹചര്യങ്ങളിലും മെച്ചപ്പെട്ട സേവനങ്ങളും സഹായങ്ങളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞിട്ടുണ്ടെന്നും തുടര്‍ന്നും ഇവരുടെ കാര്യത്തില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ടു പോകുമെന്ന ഉറപ്പുമാണ്  പ്രോഗ്രസ് കാര്‍ഡില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2010 ലെ കേരള സര്‍ക്കാര്‍ ക്ഷേമ പദ്ധതി സമൂലമായി പരിഷ്‌കരിച്ച് ആകര്‍ഷകമാക്കുമെന്ന് ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍, ഈ ഭരണകാലയളവില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതായും മൂന്നാം വര്‍ഷ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണാനന്തര സഹായം 10,000 രൂപയില്‍ നിന്നും 25,000 രൂപയായും ജോലിക്കിടയില്‍ അപകടമരണം സംഭവിച്ചാല്‍ അനുവദിക്കുന്ന ധനസഹായം 50,000 രൂപയില്‍ നിന്നും രണ്ട് ലക്ഷമായും ഉയര്‍ത്തിയതും ഭരണനേട്ടമായി ചൂണ്ടിക്കാണിക്കുന്നു. പരമാവധി ചികിത്സാസഹയം 2000 രൂപയില്‍ നിന്നും 20,000 രൂപയായും കുറഞ്ഞ റിട്ടയര്‍മെന്റ് ആനുകൂല്യം 10,000 രൂപയില്‍ നിന്നും 25,000 രൂപയായും പരമാവധി റിട്ടയര്‍മെന്റ് ആനുകൂല്യം 25,000 രൂപയില്‍ നിന്നും 50,000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിനകത്ത് മരണപ്പെടുന്ന അതിഥിത്തൊഴിലാളികളുടെ മൃതദേഹം സ്വദേശത്ത് എത്തിക്കുവാന്‍ 50,000 രൂപവരെ ചിലവഴിക്കാന്‍ ജില്ല ലേബര്‍ ഓഫിസര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

കേന്ദ്ര സംസ്ഥാന നിയമങ്ങളുടെ ചട്ടക്കൂട് അടിസ്ഥാനമാക്കി, ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ഒരു സമഗ്രനിയമനിര്‍മാണം കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്ന മറ്റൊരു കാര്യം. അതിഥി തൊഴിലാളികള്‍ക്കായി അപ്‌ന ഖര്‍ എന്ന പേരില്‍ നടപ്പിലാക്കി വരുന്ന പാര്‍പ്പിട പദ്ധതിക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥലം ഏറ്റെടുത്തുവെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. ആദ്യ പ്രൊജക്ട് പാലക്കാട് കാഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ന്യായമായ നിരക്കില്‍ വൃത്തിയും വെടിപ്പുമുള്ള പാര്‍പ്പിടം നല്‍കാനാവശ്യമായ സാമൂഹിക സുരക്ഷ പദ്ധതി തയ്യാറാക്കും.

അതിഥി തൊഴിലാളികള്‍ക്കായി 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും ഉറപ്പ് നല്‍കുന്ന ആവാസ് പദ്ധതി നടപ്പിലാക്കി. 52 സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന അഷ്വറന്‍സ് മാതൃകയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കി ഇതിനകം 3,73,703 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോഗ്രസ് കാര്‍ഡില്‍ സര്‍ക്കാര്‍ അറിയിക്കുന്നു.

‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍