രാഹുല്‍ വന്നാല്‍ ഇടതുപക്ഷം അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിനാണ് പിണറായിയുടെ മറുപടി
രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കുമോ എന്ന ആകാംക്ഷയ്ക്കൊപ്പം തന്നെ ഉയരുന്ന ചോദ്യമാണ് രാഹുല്‍ വന്നാല്‍ ഇടുപക്ഷം അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്നത്. എന്നാല്‍ ഈ സംശയത്തിന് കൃത്യമായ മറുപടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിക്കണോ വേണ്ടയോ എന്നു ദേശീയ രാഷ്ട്രീയം മുന്‍നിര്‍ത്തി ചിന്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നു പറയുന്നതിനൊപ്പം തന്നെ പിണറായി വ്യക്തമാക്കുന്ന കാര്യമാണ് രാഹുല്‍ വന്നു മത്സരിച്ചാലും ഇടതുപക്ഷം നേരിടുമെന്ന്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുസ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയും നയം വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ വഴിക്കു നടക്കും. രാഹുല്‍ ഗാന്ധി ഇവിടെ വന്നതുകൊണ്ട് ആ പോരാട്ടത്തിന് എന്തെങ്കിലും പ്രത്യേക ഉണ്ടാകുമെന്നു കരുതുന്നില്ല. ആരു സ്ഥാനാര്‍ത്ഥിയായി വന്നാലും നേരിടും. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നുള്ളത് മത്സരിച്ചശേഷം കാണാന്‍ കഴിയുന്ന കാര്യമാണ്. ഇവിടം കേരളമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ലരീതിയില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എല്ലാം. അതുകൊണ്ട് ബാക്കി കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാം.
രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല; ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഈ ഒരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേർന്നതാണോ എന്നത് കോൺഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണ്…. https://t.co/JaYOnZAQQH
— Pinarayi Vijayan (@vijayanpinarayi) March 23, 2019
അതേസമയം രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു മത്സരിക്കുന്നതിലൂടെ രാജ്യത്തിന് കോണ്‍ഗ്രസ് നല്കുന്ന സന്ദേശം എന്താണെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ പ്രധാനശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇവിടെ വന്ന് രാഹുല്‍ നേരിടേണ്ടത് ഇടതു മുന്നണിയെയാണ്. ഇടിലൂടെ ബിജെപിയെയല്ല, ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് രാജ്യത്തിന് നല്കാന് പോകുന്നതെന്ന കാര്യം കോണ്‍ഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്നാണ് പിണറായി വിജയന് ഓര്‍മിപ്പിക്കുന്നത്.
എല്‍ഡിഎഫിന് ഇത്തവണ നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട് എന്നാണ് കോടിയേരിയും പറയുന്നത്. ആത്മവിശ്വാസത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ മുന്നണി നേരിടുമെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വന്നാല്‍ യുഡിഎഫിന്റെ നില കൂടുതല്‍ പരിതാപകരമാകുമെന്നാണ് പരിഹസിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെയാണ്; വയനാട് രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണ്. അവിടെ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാവുന്നത് എല്‍ ഡി എഫില്‍ യാതൊരു വിഹ്വലതയും ഉണ്ടാക്കില്ല. എന്നാല്‍, വയനാട്ടിലേക്ക് രാഹുല്‍ മത്സരിക്കുവാനെത്തുന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്. അമേഠി സുരക്ഷിതമല്ലെന്ന് രാഹുല്‍ മനസിലാക്കിയിരിക്കുന്നു. പരാജയഭീതിയില്‍നിന്നുണ്ടായ തീരുമാനമാണ് വയനാട്ടിലേക്കുള്ള വരവ്. യു പിയില്‍ തോല്‍വി സമ്മതിച്ചാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത്. ഇത്രയും ദിവസം ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.
ഈ തീരുമാനം ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. എ ഗ്രൂപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാര്‍ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്ന് സിദ്ധിഖിനെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ കെ സി വേണുഗോപാല്‍ ഇടപെടുകയായിരുന്നു. വേണുഗോപാലാണ് ഈ തീരുമാനത്തില്‍ സമ്മര്‍ദ്ദശക്തിയായത്. ഇതോടെ കോണ്‍ഗ്രസിലെ സംഘര്‍ഷം മൂര്‍ച്ചിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടില്‍ നല്ല നിലയില്‍ കേന്ദ്രീകരിക്കാന്‍ കഴിയും.
ഇത്തവണ എല്‍ഡിഎഫിന് നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട്. ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും. അതേസമയം, യുഡിഎഫിന്റെ നില കൂടുതല്‍ പരിതാപകരമാവുകയാണു ചെയ്യുക. രാഹുലിനെ പ്രീതിപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വയനാട്ടില്‍ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് നേതാക്കളും പ്രവര്‍ത്തകരും ഇല്ലാതാകും.
രാഹുല്‍ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയാണല്ലൊ ജയിച്ചാല്‍ ഇതില്‍ ഏതില്‍ നിന്ന് രാജി വയ്ക്കുമെന്ന് ആദ്യമേ പ്രഖ്യാപിക്കാന്‍ തയ്യാറാവണം. ഇവിടെ നിന്ന് ജയിക്കുകയാണെങ്കില്‍ വയനാട്ടിലെ വോട്ടര്‍മാരോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്കാന് രാഹുലിന് കഴിയുമോ?
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പരാജയപ്പെട്ടാല്‍ അതോടെ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും രാഷ്ട്രീയ അന്ത്യമാകുമെന്നതില്‍ സംശയം വേണ്ട.