UPDATES

ട്രെന്‍ഡിങ്ങ്

ഈ യൂണിഫോമിട്ട് ഭിക്ഷയെടുക്കാനെങ്കിലും അനുവദിക്കണം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് പൊലീസ് കോണ്‍സ്റ്റബിളിന്റെ കത്ത്

രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്

ശമ്പളം കിട്ടുന്നില്ല, കുടുംബത്തെ സഹായിക്കാന്‍ കഴിയുന്നില്ല, തന്നെ യൂണിഫോമില്‍ ഭിക്ഷ യാചിക്കാനെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുംബൈ പൊലീസിലെ കോണ്‍സ്റ്റബളിന്റെ കത്ത്. കഴിഞ്ഞ രണ്ടു മാസമായി ഇയാള്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്നാണ് പരാതി.

ഡിപ്പാര്‍ട്ട്‌മെന്റിലെ മേലുദ്യോഗസ്ഥര്‍, പൊലീസ് കമ്മിഷ്ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കാണ് ലോക്കല്‍ ആംസ് യൂണിറ്റിലെ കോണ്‍സ്റ്റബിളായ ധ്യാനേശ്വര്‍ അഹിരാവോ, രോഗിയായ ഭാര്യയുടെ ചിക്തിസ ചെലവ് കണ്ടെത്താനും വീട്ടു ചെലവ് നടത്താനും തന്നെ ഭിക്ഷ യാചിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് എഴുതിയത്.

മാര്‍ച്ച് 20 മുതല്‍ 22 വരെ ധ്യാനേശ്വര്‍ ലീവ് എടുത്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഭാര്യയുടെ കാല്‍ ഒടിഞ്ഞതോടെ ലീവ് നീട്ടേണ്ടതായി വന്നു. ശിവ് സേന തലവന്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിലെ സുരക്ഷ സംഘത്തിലായിരുന്നു ധ്യാനേശ്വര്‍ ഡ്യൂട്ടി ചെയതിരുന്നത്. യൂണിറ്റ് ഇന്‍ ചാര്‍ജിനെ ഫോണില്‍ ബന്ധപ്പെട്ട് അടിയന്തരാവശ്യമായി തനിക്ക് അഞ്ചു ദിവസത്തേക്കു കൂടി ലീവ് നീട്ടി തരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ധ്യാനേശ്വര്‍ കത്തില്‍ പറയുന്നു. ഭാര്യയുടെ ചികിത്സാര്‍ത്ഥമായിരുന്നു ലീവ് നീട്ടിയെടുത്തത്. തുടര്‍ന്ന് മാര്‍ച്ച് 28 ന് വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

എന്നാല്‍ തനിക്ക് പിറ്റേ മാസം മുതല്‍ തന്റെ ശമ്പളം മുടങ്ങുകയാണ് ഉണ്ടായതെന്നും ഒരു വിവരവും ഇതുമായി ബന്ധപ്പെട്ട് തനിക്ക് ആരും തന്നില്ലെന്നും ധ്യാനേശ്വര്‍ പറയുന്നു.

രോഗിയായ ഭാര്യയുടെ ചികിത്സ നടത്തണം, പ്രായമായ മാതാപിതാക്കളെ നോക്കണം, മകളുടെ കാര്യങ്ങള്‍ നോക്കണം. ബാങ്ക് ലോണ്‍ മാസാമാസം അടയ്‌ക്കേണ്ടതുണ്ട്. ശമ്പളം കിട്ടാതെ ആയതോടെ എല്ലാം അവതാളത്തിലായിരിക്കുന്നു. അതുകൊണ്ട് ഭിക്ഷ യാചിക്കാനെങ്കിലും എന്നെ അനുവദിക്കണം എന്നാണ് ധ്യാനേശ്വര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.

ധ്യാനേശ്വറിന്റെ കത്തുമായി ബന്ധപ്പെട്ട് പ്രതികരണത്തിന് മേലുദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നാണ് ലോക്കല്‍ ആംസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണറെ ബന്ധപ്പെട്ട ശേഷം ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍