UPDATES

സിനിമ

അന്ന് ലൈറ്റ് ബോയി, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍: ഇന്ന് മികച്ച നടന്മാര്‍

സിനിമയെ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ഇനി ഇവരുടെ പേരുകള്‍ പറഞ്ഞ് ലക്ഷ്യത്തിലേക്കുള്ള വഴികള്‍ വിവരിക്കാം

49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഉണ്ടായത്. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യയും സൗബിനും മികച്ച സ്വഭാവനടനായി തെരഞ്ഞെടുക്കപ്പെട്ട ജോജു ജോര്‍ജ്ജും എല്ലാ അര്‍ത്ഥത്തിലും പുരസ്‌കാരം അര്‍ഹിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷ സജയന്റെ കാര്യത്തിലും മറ്റൊരു അഭിപ്രായമില്ല. അതേസമയം അവാര്‍ഡ് ജേതാക്കളിലെ കൗതുകം തിരയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഇക്കുറി നടന്മാര്‍ക്കുള്ള അവാര്‍ഡ് നേടിയ മൂന്ന് പേര്‍ക്കും ഏറെ സാമ്യതകളാണ് ഉള്ളത്. ജയസൂര്യ, സൗബിന്‍, ജോജു എന്നിവര്‍ക്കിടയിലെ സാമ്യമാണ് സോഷ്യല്‍ മീഡിയ പരിശോധിക്കുന്നത്. 1998ല്‍ പുറത്തിറങ്ങിയ ഗ്രാമപഞ്ചായത്ത് എന്ന സിനിമയില്‍ പേരില്ലാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജയസൂര്യ സിനിമാ ലോകത്തെത്തിയത്. പത്രം എന്ന സിനിമയിലും പേരില്ലാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജയസൂര്യയെ കണ്ടു. ഒരു കസേരയില്‍ വാര്‍ത്താ സമ്മേളനം കേട്ടെഴുതുന്ന മാധ്യമപ്രവര്‍ത്തകനായാണ് ജയസൂര്യ ഇതില്‍ അഭിനയിച്ചത്. കേവലം അഞ്ച് സെക്കന്‍ഡ് മാത്രമാണ് ഇതില്‍ ജയസൂര്യയുടെ മുഖം കാണിക്കുന്നത്. ദോസ്ത് എന്ന ചിത്രത്തില്‍ ദിലീപുമായുള്ള ഒരു സ്റ്റണ്ട് സീനിലാണ് ജയസൂര്യ അഭിനയിച്ചത്. അപരന്മാര്‍ നഗരത്തില്‍, കാലചക്രം എന്ന സിനിമകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ശേഷമാണ് 2002ല്‍ ആദ്യമായി നായക വേഷം ലഭിക്കുന്നത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായക സ്ഥാനത്ത് എത്തിയത്.

ജോജുവിന്റെ സാഹചര്യവും മറ്റൊന്നായിരുന്നില്ല. 1998 മുതല്‍ ജോജു മലയാള സിനിമയിലുണ്ട്. മഴവില്‍ക്കൂടാരം, ഇന്‍ഡിപെന്‍ഡന്‍സ്, ഫ്രണ്ട്‌സ്, ദാദാ സാഹിബ് എന്നിവയില്‍ മുഖത്ത് മറ്റ് ഭാവങ്ങളൊന്നും വരുത്താതെ ഒരു നോക്കുകുത്തി പോലെ നിന്ന നടനാണ് ജോജു. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലെ ചക്ക സുകുവാണ് ജോജുവിനെ ആദ്യമായി ശ്രദ്ധിക്കുന്ന കഥാപാത്രം. പിന്നീട് മമ്മൂട്ടി നായകനായ രാജാധിരാജയിലെ അയ്യപ്പന്‍ എന്ന വേഷത്തിന് ശേഷം ജോജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോള്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ജോസഫ് ആണ് ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം. 2015ല്‍ ലൂക്കാ ചൂപ്പി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം ജോജുവിന് ലഭിച്ചിട്ടുണ്ട്.

ജയസൂര്യയും ജോജുവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി വന്ന് മുഖ്യവേഷങ്ങളെലെത്തിയവരാണെങ്കില്‍ സൗബിന്‍ ഷൂട്ടിംഗ് സൈറ്റുകളില്‍ ലൈറ്റ് ബോയി ആയാണ് മലയാള സിനിമയില്‍ എത്തുന്നത്. അതും തന്റെ 19-ാം വയസ്സില്‍. ഫാസിലിന്റെ കയ്യെത്തും ദൂരത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ സൗബിന്‍ ആ ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായും എത്തി. ഫാസില്‍, സിദ്ദിഖ്, റാഫി-മെക്കാര്‍ട്ടിന്‍, സന്തോഷ് ശിവന്‍, രാജീവ് രവി, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു. അമല്‍ നീരദിനൊപ്പം പ്രവര്‍ത്തിച്ച ബിഗ് ബിയിലും അന്‍വറിലും ഭാരങ്ങള്‍ ചുമന്ന് വെയില്‍ കൊണ്ടുകൊണ്ട് ലൈറ്റ്‌സ് നോക്കി നടന്നവനായിരുന്നു സൗബിന്‍. 2012ല്‍ ഡാ തടിയാ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വേഷം ശ്രദ്ധിക്കപ്പെട്ടില്ല. അന്നയും റസൂലും കടല്‍ കടന്നൊരു മാത്തുക്കുട്ടി, മസാല റിപ്പബ്ലിക്, ഇയോബിന്റെ പുസ്തകം, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലഭിച്ച പ്രേമം ആണ് സൗബിന് മലയാള സിനിമയില്‍ അഡ്രസ് ഉണ്ടാക്കിക്കൊടുത്തത്. അതിലെ പി ടി സര്‍ പ്രേക്ഷക ശ്രദ്ധയും പ്രീതിയും നേടി. പിന്നീട് മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനും ശ്രദ്ധിക്കപ്പെട്ടതോടെ സൗബിന്‍ തിരക്കേറിയ നടനായി. ഇപ്പോള്‍ അവാര്‍ഡിന് അര്‍ഹനാക്കിയ സുഡാനിയിലെ മജീദ് ആണ് സൗബിന്‍ ആദ്യമായി ചെയ്ത മുഴുനീള നായക വേഷം. 2017ല്‍ പറവ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. ഈ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലും സൗബിന്‍ മികച്ച വേഷമാണ് ചെയ്തിരിക്കുന്നത്.

തങ്ങള്‍ തിരഞ്ഞെടുത്ത വഴി തെറ്റല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മൂന്ന് പേരും. സിനിമയെ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ഇനി ഇവരുടെ പേരുകള്‍ പറഞ്ഞ് ലക്ഷ്യത്തിലേക്കുള്ള വഴികള്‍ വിവരിക്കാം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍