UPDATES

ട്രെന്‍ഡിങ്ങ്

ബലാത്സംഗം ചെയ്യപ്പെടാതിരുന്നത് ഭാഗ്യം കൊണ്ട്; ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ ആക്രമിച്ച പെണ്‍കുട്ടി

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ ഉന്നതങ്ങളില്‍ നിന്നുണ്ടായിട്ടും നീതി വേണമെന്ന കാര്യത്തില്‍ പെണ്‍കുട്ടിയും പിതാവും ഉറച്ചു നിന്നു

വാഹനമോടിച്ച് വീട്ടിലേക്ക് പോയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ വാഹനത്തില്‍ പിന്തുടരുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബാരലയുടെ മകന്‍ വികാസ് ബാരലയും സുഹൃത്ത് ആഷിഷ് കുമാറും അറസ്റ്റിലായി. എന്നാല്‍ ഇവരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഡി.ജെ ആയി ജോലി ചെയ്യുന്ന പെണ്‍കുട്ടി രാത്രി 12 മണിയോടു കൂടി ചണ്ഡീഗഡിലെ സെക്ടര്‍ എട്ടില്‍ നിന്നും സെക്ടര്‍ ആറ് പഞ്ച്കുലയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. പെട്രോള്‍ സ്‌റ്റേഷനു മുന്നില്‍ നിന്ന് പെണ്‍കുട്ടി കാറോടിച്ചു പോകുന്ന കണ്ട വികാസും ആഷിഷും പിന്നീട് ഇവരെ പിന്തുടരുകയായിരുന്നു. അര മണിക്കൂറോളം പെണ്‍കുട്ടിയെ വാഹനത്തിന്റെ വഴി തടഞ്ഞും ഒടുവില്‍ കാര്‍ നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് വ്യക്താക്കി. ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകനാണ് എന്നറിഞ്ഞതോടെ കേസ് ഒത്തുതീര്‍പ്പാക്കാനും മറ്റും മുതിര്‍ന്ന ബി.ജെ.പി നേതാക്കളടക്കം രംഗത്തെത്തിയെങ്കിലും പിതാവും പെണ്‍കുട്ടിയും പരാതിയില്‍ ഉറച്ചു നിന്നു. ഇരുവരും ഇക്കാര്യം വ്യക്തമാക്കികൊണ്ട് ഇട്ട ഫേസ് ബുക്ക് പോസ്റ്റുകള്‍ തന്നെ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി കഴിഞ്ഞു.

പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “അക്ഷരാര്‍ത്ഥത്തില്‍ തട്ടിക്കൊണ്ടു പോകപ്പെടുന്ന അനഭവം തന്നെയായിരുന്നു. ഒറ്റയ്ക്കായിപ്പോയ ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നതില്‍ അവര്‍ രസം കണ്ടെത്തുന്നതു പോലെ തോന്നി. ഒരു എസ്.യു.വിയില്‍ രണ്ടു പേര്‍ പിന്തുടരുന്നതു കണ്ടപ്പോഴേ ഞാന്‍ അപകടം മണത്തിരുന്നു. ചെറുതായി പേടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് നേരെ പോകുന്നതിനു പകരം വാഹനം വലത്തേക്കെടുത്ത് കൂടുതല്‍ ജനങ്ങളുള്ള മധ്യമാര്‍ഗിലേക്ക് തിരിയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കാര്‍ വിലങ്ങനെയിട്ട് അത് തടഞ്ഞു. ഓരോ 10 സെക്കന്റിലും എന്റെ കാര്‍ നിര്‍ത്തിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതോടെ അടുത്ത തിരിവില്‍ നിന്ന് കാര്‍ വീണ്ടും വലത്തേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കാറിനു മുന്നില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞു. ഇതിനിടെ യാത്രക്കാരുടെ സീറ്റില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരുന്നതു കണ്ടതോടെ കഴിയുന്നത്ര വേഗം പിറകോട്ടെടുത്ത് കിട്ടിയ ആദ്യ വഴിയിലൂടെ മധ്യമാര്‍ഗിലേക്ക് കയറുകയായിരുന്നു. അവിടെ നിന്ന് വാഹനം ഓടിച്ചു കൊണ്ടു തന്നെ പോലീസിനെ ഫോണ്‍ ചെയ്തു. അങ്ങനെ 5-6 കിലോ മീറ്റര്‍ മുന്നോട്ടു പോയി. ഈ സമയത്തൊക്കെ എസ്.യു.വി പിന്തുടരുകയും കാര്‍ നിര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പേടി കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. പക്ഷേ എങ്ങനെയൊക്കെയോ ഞാന്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പേടിയും സങ്കടവും കാരണം കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, എനിക്കറിയില്ലായിരുന്നു ഞാനന്ന് രാത്രി വീട്ടിലെത്തുമോയെന്ന്.

ഹോട്ടല്‍ സോളിറ്റയറിന്റെ മുന്നിലെ ട്രാഫിക് ലൈറ്റില്‍ എത്തുന്നതുവരെ അവര്‍ പിന്തുടര്‍ന്നു. അവിടെ വച്ച് അവര്‍ എന്റെ കാര്‍ തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരുടെ സീറ്റിലുണ്ടായിരുന്ന ആള്‍ ഇറങ്ങിവന്ന് കാറിന്റെ ഡോറില്‍ ഇടിക്കുകയും അത് തുറക്കാനും ശ്രമിച്ചു. ഈ സമയത്താണ് പോലീസ് ജീപ്പ് എത്തുന്നത്. ജീപ്പ് നിര്‍ത്തി പോലീസുകാര്‍ ഉടന്‍ തന്നെ ഇരുവരേയും പിടികൂടി”.

“ഞാനിപ്പോഴും പേടി കൊണ്ട് വിറയ്ക്കുകയാണ്. ഞാനവിടെ നിന്ന് നേരെ വീട്ടിലേക്ക് വന്നു”. പിന്നീട് പിതാവുമൊത്ത് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തുവെന്ന് അവര്‍ പോസ്റ്റില്‍ പറയുന്നു. അവര്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് പ്രതികളെ മെഡിക്കല്‍ പരിശോധന കഴിഞ്ഞ് തിരികെയെത്തിക്കുന്നത്. പ്രതികള്‍ മാപ്പു പറഞ്ഞ് സംഭവം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും പിതാവും വഴങ്ങിയില്ല. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെ മകനാണ് പിടിയിലായത് എന്നറിഞ്ഞതോടെ നേതാക്കളും പോലീസ് സ്‌റ്റേഷനിലേക്ക് പ്രവഹിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊക്കെ ഫോണ്‍ വിളികള്‍ പോയി. എന്നാല്‍ പിതാവും മകളും പരാതിയില്‍ ഉറച്ചു നിന്നു.

പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് തുടരുന്നു: “രണ്ട് യുവാക്കള്‍, തീര്‍ച്ചയായും സ്വാധീനമുള്ള കുടുംബങ്ങളിലെ, രാഷ്ട്രീയ ബന്ധങ്ങളുള്ളവരാണ്. ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടു. സമയത്തിന് എത്തിച്ചേര്‍ന്ന പോലീസ് നന്ദി പറയുന്നു.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു നഗരമെന്ന് കരുതുന്ന ചണ്ഡീഗഡില്‍ ഇതാണ് അവസ്ഥയെങ്കില്‍ രാജ്യത്തെ മറ്റുള്ളയിടങ്ങളിലെ അവസ്ഥയെന്താണ്? ഓരോ 200 മീറ്ററിലും പോലീസുകാരുള്ള, നിറയെ ക്യാമറകളും ലൈറ്റുമുള്ള ഒരു തെരുവിലാണ് രണ്ടു പേര്‍, അവര്‍ ഉന്നത സ്വാധീനമുള്ളവരാണ് എന്നതു കൊണ്ട് എന്നെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ഭാഗ്യവതിയാണ്. ഒരു സാധാരണ മനുഷ്യന്റെ മകളായിരുന്നു ഞാന്‍ എങ്കില്‍ ഇത്തരം വി.ഐ.പികള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. ഞാന്‍ വീണ്ടും ഭാഗ്യവതിയാണ്. ഞാന്‍ ബലാത്സംഗം ചെയ്യപ്പെടുകയോ എവിടെയെങ്കിലും വച്ച് കൊല്ലപ്പെടുകയോ ചെയ്തില്ല. ചണ്ഡീഗഡില്‍ നടന്നത് എവിടെ വേണമെങ്കിലും നടക്കാം”.

ഹരിയാനയിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരിലൊരാളുടെ മകളാണ് പെണ്‍കുട്ടി. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. “ഇക്കാര്യത്തില്‍ എന്റെ മകള്‍ക്കൊപ്പം ഞാന്‍ പൂര്‍ണമായി നിന്നില്ലെങ്കില്‍ പിതാവെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്നു പറയേണ്ടി വരും. രണ്ടു പെണ്‍കുട്ടികളുടെ പിതാവെന്ന നിലയില്‍ ഇക്കാര്യത്തില്‍ നീതിക്ക് വേണ്ടി ശ്രമിക്കുക എന്നത് ഞാന്‍ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ നിയമം നടപ്പാകുകയും അക്രമികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. പ്രതീക്ഷിച്ചതു പോലെ അക്രമികള്‍ വലിയ സ്വാധീനമുള്ള കുടുംബത്തില്‍ നിന്നാണ്. ഇത്തരത്തിലുള്ള പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയോ ശിക്ഷാ നടപടികള്‍ ഉണ്ടാകാതെ പോവുകയോ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കറിയാം, ഇതൊരു എളുപ്പമുള്ള പോരാട്ടമല്ലെന്ന്.”

തങ്ങളെ വേട്ടയാടലും ഭീഷണിയും ശാരീരികമായി ആക്രമിക്കലുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. “പരാതിക്കാരിയെ മോശമായി ചിത്രീകരിക്കാന്‍ സ്വാധീനമുള്ള കുടുംബങ്ങളിലെ ആളുകള്‍ ഏതറ്റം വരെയും പോകും. എന്റെ മകള്‍ കടന്നു പോയ വേദനയും ആഘാതവും ഇല്ലാതാക്കാന്‍ പറ്റില്ല. ഇതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇതുപോലെ കൂടുതല്‍ പെണ്‍മക്കള്‍ക്ക് മുറിവേല്‍ക്കും. എല്ലാവര്‍ക്കും എന്റെ മകളെപ്പോലെ രക്ഷപെടാന്‍ ഭാഗ്യം കിട്ടിയെന്ന് വരില്ല. ആരെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിച്ചേ പറ്റൂ. ഞങ്ങള്‍ അതു ചെയ്യുന്നു, ഞങ്ങള്‍ക്ക് കഴിയുന്നിടത്തോളം”- അദ്ദേഹം പറഞ്ഞു.

പ്രതികളെ സ്‌റ്റേഷനില്‍ കൊണ്ടു ചെന്നപ്പോള്‍ മുതല്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ ഉന്നതങ്ങളില്‍ നിന്നുണ്ടായിട്ടും നീതി വേണമെന്ന കാര്യത്തില്‍ ഉറച്ചു നിന്ന പെണ്‍കുട്ടിക്കും പിതാവിനും സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പിന്തുണയേറുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍