UPDATES

ട്രെന്‍ഡിങ്ങ്

ഇതരസംസ്ഥാനക്കാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനേയും തല്ലാനുള്ള ‘നാട്ടുകാരുടെ’ ലൈസന്‍സ് റദ്ദാക്കണം

തെരുവിലുള്ളവര്‍ എല്ലാം പിടിച്ച് പറിക്കാരാണെന്ന് കരുതുന്ന പോലീസുകാരെ തന്നെ സഹിക്കാന്‍ വയ്യ എന്നിരിക്കെ നാട്ടുകാരുടെ ലേബലില്‍ തല്ലാനിറങ്ങി നടക്കുന്ന ആചാര പാലകരെ തീരെ സഹിക്കാന്‍ വയ്യ

സമീപകാലത്ത് കേരളത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ട കറുത്ത സ്റ്റിക്കറിന്റെ പേരില്‍ അന്യസംസ്ഥാന തൊഴിലാളികളും ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ അംഗങ്ങളാണെന്ന പേരിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ നിരപരാധികളാണെന്ന് തെളയുകയും ചെയ്തു. തുടര്‍ച്ചയായി കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കേരളത്തില്‍ ഒരിടത്തും കുട്ടികളെ തട്ടിക്കൊണ്ട് പോയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ ആരാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി. ഇത് കൂടാതെ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് എന്തെങ്കിലും പൊതു താല്‍പര്യമുണ്ടോയെന്നും പാര്‍വതി ചോദിക്കുന്നു. കേരളം ഹിന്ദുക്കള്‍ക്ക് രക്ഷയില്ലാത്ത നാടാണെന്ന പഴയ സംഘപരിവാര്‍ പ്രചരണത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍വതിയുടെ ചോദ്യങ്ങള്‍. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ഹിന്ദുക്കള്‍ക്ക് കേരളത്തില്‍ രക്ഷയില്ല. പ്രചരണം ശക്തമായിരുന്നു. നാഷണല്‍ ചാനലുകളെല്ലാം കേരളത്തില്‍ വന്ന് ടോക്ക് ഷോ ചെയ്ത് ഉത്തരവാദിത്വം തെളിയിച്ചു. ഹിന്ദുക്കള്‍ക്ക് രക്ഷയില്ലേ എന്ന് തിരക്കാന്‍ വന്നവര്‍ ഒടുവില്‍ ഹിന്ദുക്കള്‍ സുരക്ഷിതരായിരിക്കാം, എങ്കിലും സംഘികള്‍ക്ക് സ്വസ്ഥമായി വിഹരിക്കാന്‍ പറ്റുന്നില്ല എന്നത് പ്രശ്‌നമല്ലേ എന്ന് വരെ ചോദിക്കുന്നുണ്ടായിരുന്നു. ഏതായാലും ആ കാംപയിന്‍ അത്ര ഏറ്റില്ല. കേരളത്തിലെ ക്രമസമാധാന തകര്‍ച്ച എങ്കിലും അവര്‍ക്ക് മനോവിഷമം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്.

അങ്ങനെ ഇരിക്കെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സ്ഥലങ്ങള്‍ കേരളത്തിലുണ്ട് എന്ന ന്യൂസ് വന്നത്. വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച്, മുന്നറിയിപ്പ് കൊടുക്കുന്ന കാര്യം ടി.വിയിലൂടെ വാര്‍ത്തയും വന്നു. പല ഇടങ്ങളില്‍, പല സ്ഥലത്ത് ഒരേ സമയം ജനാലകളില്‍ കറുത്ത സ്റ്റിക്കര്‍!! ജനം ഇളകി, ഭയചകിതരായി റോഡില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളി, ട്രാന്‍സ്ജണ്ടര്‍, മാനസിക ആസ്വാസ്ഥ്യമുള്ള പാവപ്പെട്ടവന്‍ തുടങ്ങി പലരെയും നാട്ടുകാരടിച്ച് പതം വരുത്തി. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ വിവാദ കഥ, മനുഷ്യരെ ഭയ ചകിതരാക്കിയപ്പോഴും ഒരു കുട്ടി പോലും മിസ്സിംഗ് ആയ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞില്ല. അടുത്ത ദിവസങ്ങളില്‍ കണ്ട കറുത്ത സ്റ്റിക്കര്‍ പിന്നെ ഒട്ടിക്കപ്പെടുന്നുമില്ല. നാട്ടുകാരെന്ന് പറയപ്പെടുന്ന ക്രിമിനലുകള്‍ തല്ലുമ്പോള്‍ സംഭവിക്കാത്തത് മറ്റൊരു ഗൗരവമുള്ള വിഷയമാണ്. സദാചാരത്തിന്റെ പേരിലും, ക്രമസമാധാന നില തകരാറിലാക്കാതെയും ജാഗരൂകരായി പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്നും ഇവര്‍ക്ക് എന്തെങ്കിലും പൊതു താല്പര്യമുണ്ടോയെന്നും അറിയാന്‍ സാധിക്കുന്നില്ല. ആ തരത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് തോന്നുന്നില്ല. അറിയാന്‍ താല്പര്യമുണ്ട്.

നാട്ടുകാരെന്ന പേരില്‍ ആരെയും തല്ലുന്ന ലൈസന്‍സ് ക്രമസമാധാന പാലകര്‍ നല്കിയിട്ടുണെങ്കില്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. കാരണം രാജ്യത്തിന്റെ സാമ്പത്തിക നയമൊക്കെ കാരണം നാട്ടില്‍ നല്ല ദാരിദ്യമുണ്ട്. മുണ്ടു മുറുക്കി ഉടുത്ത് കഴിയുന്നവര്‍, നഗരമുറങ്ങുമ്പോള്‍ കടത്തിണ്ണകളില്‍ അഭയം പ്രാപിക്കാറുണ്ട്. ദരിദ്രരും അന്യസംസ്ഥാന തൊഴിലാളികളും ട്രാന്‍സ്ജണ്ടേഴ്‌സും സ്ത്രീകളും അഹിന്ദുക്കളും ദളിതരുമെല്ലാം ഈ നാട്ടിലെ പൗരന്മാരാണ്. വീടില്ലെങ്കിലും അവര്‍ക്കീ മണ്ണിലുറങ്ങാന്‍ സാധിക്കണം. തെരുവിലുള്ളവര്‍ എല്ലാം പിടിച്ച് പറിക്കാരാണെന്ന് കരുതുന്ന പോലീസുകാരെ തന്നെ സഹിക്കാന്‍ വയ്യ എന്നിരിക്കെ നാട്ടുകാരുടെ ലേബലില്‍ തല്ലാനിറങ്ങി നടക്കുന്ന ആചാര പാലകരെ തീരെ സഹിക്കാന്‍ വയ്യ. ഈ പറയുന്നത് ഗൗരവമുള്ള വിഷയമാണ്. കാരണം പാര്‍ലമന്റ് ഇലക്ഷന്‍ 2019 ലാണ്. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തരായി. എന്ന് വരുത്തി തീര്‍ക്കാന്‍ ആരോ എവിടെയോ ഇരുന്ന് തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാന്‍ ഇനി അങ്ങോട്ട് ശ്രമങ്ങള്‍ കൂടും. ജാഗ്രത പാലിക്കാന്‍ ശ്രമിക്കാം’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍