UPDATES

ട്രെന്‍ഡിങ്ങ്

പാരലമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന്‌ കൊലപാതക കേസില്‍ നോട്ടീസ്

19 കാരനായ സതീഷ് കുമാര്‍ മരിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതി പദ്മശ്രീ ജേതാവ് മാരിയപ്പനു നോട്ടീസ് അയച്ചത്

പദ്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവും 2016 ല്‍ റിയോഡി ജനീറയില്‍ നടന്ന പാരാലമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനവുമായി മാറിയ മാരിയപ്പന്‍ തങ്കുവേലിനെതിരേ മദ്രാസ് ഹൈക്കോടതി കൊലപാതക കേസില്‍ നോട്ടീസ് അയച്ചു. സതീഷ് കുമാര്‍ എന്ന 19കാരന്റെ മരണത്തില്‍ മാരിയപ്പന് പങ്കുണ്ടെന്നു കാണിച്ചു സതീഷ് കുമാറിന്റെ അമ്മ മുനിയമ്മാള്‍ നല്‍കിയ പരാതിയിലാണ് കോടതി മാരിയപ്പന് നോട്ടീസ് അയച്ചത്.

2017 ജൂണിലാണ് സതീഷ് കുമാറിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മരണം നടന്ന് നാലു മാസത്തിനുശേഷമാണ് മാരിയപ്പന് കുരുക്കുമായി കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മകന്റെ മരണത്തിനുശേഷം കുടുംബത്തിനു നേരെ മാരിയപ്പന്‍ തങ്കവേലുവില്‍ നിന്നും ഭീഷണി ഉയരുന്നുണ്ടെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും മുനിയമ്മാളിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ മകന്റെ മരണത്തിനു പിന്നില്‍ മാരിയപ്പനും സുഹൃത്തുക്കളുമാണെന്നാണ് മുനിയമ്മാള്‍ പറയുന്നത്. ഇവര്‍ തന്റെ മകന്റെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങിയിരുന്നതായും ഇതു തിരികെ വാങ്ങാന്‍ മാരിയപ്പന്റെ വീട്ടില്‍ പോയശേഷം സതീഷ് കുമാര്‍ തിരികെ വന്നില്ലെന്നുമാണ് അമ്മ പറയുന്നത്.

ലോറി ക്ലീനര്‍ ആയിരുന്ന സതീഷ് കുമാറിന്റെ ബൈക്ക് മാരിയപ്പനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവര്‍ സതീഷ് കുമാറിനെ മര്‍ദ്ദിച്ചു. ഈ സംഭവത്തിനുശേഷം ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാരിയപ്പനും സുഹൃത്തുക്കളായ യുവരാജ്, ശബരി എന്നിവരും സതീഷ് കുമാറിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പണം താന്‍ പിന്നീട് തരാമെന്നു സതീഷ് പറഞ്ഞെങ്കിലും അതു കേള്‍ക്കാതെ യുവരാജ് സതീഷിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. പണം തന്നശേഷം ഫോണ്‍ തിരികെ തരാമെന്നു പറഞ്ഞു മാരിയപ്പനും സംഘവും തിരികെ പോയി. അന്നു രാത്രി എട്ടുമണിയോടെ ഫോണ്‍ തിരികെ വാങ്ങാനായി സതീഷ് മാരിയപ്പന്റെ വീട്ടിലേക്കു പോയി. പിന്നീട് തിരിച്ചെത്തിയില്ല; സതീഷിന്റെ ബന്ധു ശങ്കരനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞകാര്യമാണിത്.

സതീഷിന്റെ മൃതദേഹം പിന്നീട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. മാരിയപ്പന് മരണത്തില്‍ പങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യമുയര്‍ത്തി സതീഷിന്റെ മൃതദേഹം സ്വീകരിക്കാന്‍ യുവാവിന്റെ കുടുംബം വിസമ്മതിച്ചിരുന്നു. എന്നാല്‍ സതീഷിന്റെ മരണവുമായി മാരിയപ്പന് ബന്ധമൊന്നുമില്ലെന്നായിരുന്നു സേലം എസ് പി രാജന്‍ പറഞ്ഞത്. സതീഷിന്റേത് ആത്മഹത്യയാണെന്നും മാരിയപ്പന്റെ കാറില്‍ ബൈക്ക് ഇടിപ്പിച്ചതുമായി ബന്ധപ്പെട്ട് സതീഷിനെ അമ്മയും സഹോദരിയും വഴക്കു പറഞ്ഞിരുന്നതായും ഇതിന്റെ മനോവിഷമത്തില്‍ യുവാവ് ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

റിയോഡി ജനീറയില്‍ നിന്നും സ്വര്‍ണ മെഡല്‍ നേടിയതോടെയാണ് മാരിയപ്പന്‍ തങ്കവേലു രാജ്യം മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. പുരുഷന്മാരുടെ ഹൈജമ്പ് ടി-42 കാറ്റഗറിയില്‍ ആയിരുന്നു മാരിയപ്പന്‍ സ്വര്‍ണം കരസ്ഥമാക്കിയത്. 2004 ല്‍ തുടങ്ങിയ പാരാലമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരമാണ് മാരിയപ്പന്‍. കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകുന്ന വഴിയില്‍ ഉണ്ടായ ലോറിയപകടത്തെ തുടര്‍ന്നായിരുന്നു മാരിയപ്പന്റെ ഒരു കാല്‍ നഷ്ടമാകുന്നത്. പച്ചക്കറി വിറ്റാണ് അമ്മ മാരിയപ്പന്റെ പഠിപ്പിച്ച് വളര്‍ത്തിയത്. മാരിയപ്പന്റെ ജീവിതകഥ ഐശ്വര്യ ധനുഷ് തമിഴില്‍ സിനിമയാക്കുന്നതായി വാര്‍ത്ത വന്നിരുന്നു. മാരിയപ്പന്‍ എന്ന പേരിലായിരിക്കും സിനിമയെന്നും കേട്ടിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ കൊലപാതക കേസില്‍ മാരിയപ്പന്‍ തങ്കവേലുവിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയചച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍