UPDATES

വിദേശം

മലാല പാകിസ്താനില്‍; തീവ്രവാദികള്‍ വെടിവച്ചിട്ടതിന് ആറുവര്‍ഷങ്ങള്‍ക്ക് ഇപ്പുറം

അതീവ സുരക്ഷയാണ് മലാലയ്ക്കും മാതാപിതാക്കള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയുണ്ടകളില്‍ നിന്നും തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും പിന്നീട് ലോകത്തിനു മുന്നില്‍ മാതൃകയായി മാറുകയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത മലാല യൂസഫ് സായി ആറു വര്‍ഷത്തിനു ശേഷം സ്വന്തം രാജ്യമായ പാകിസ്താനില്‍ എത്തി. പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ നിന്നുള്ള മലാല അവിടെവച്ചായിരുന്നു വെടിയേറ്റ് വീണതും.

ഇന്നു പുലര്‍ച്ചെയാണ് മലാല റാവല്‍പിണ്ടിയിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മാതാപിതാക്കളും 20 കാരിയായ മലാലയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അതീവസുരക്ഷയിലാണ് മലാല പാകിസ്താനില്‍ എത്തിയിരിക്കുന്നത്. മലാലയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തു വിട്ടിട്ടില്ലെങ്കിലും നാലു ദിവസം ജന്മനാട്ടില്‍ തങ്ങുന്ന അവര്‍ പാക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിവ്.

2012 ഒക്ടോബറിലായിരുന്നു സ്‌കൂളില്‍ നിന്നും മടങ്ങും വഴി സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് മലാല താലിബാന്‍ ഭീകരവാദികളുടെ അക്രമത്തിന് ഇരയായത്. തലയ്ക്ക് വെടിയേറ്റ മലാല അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്. പെഷവാറിലെ സൈനിക ആശുപത്രിയില്‍ നിന്നും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മലാലയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന മലാല ബര്‍മിങ്ഹാമില്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2014 ല്‍ അവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. പാകിസ്താന്‍ സന്ദര്‍ശന സമയത്ത് മലാലയും മാതാപിതാക്കളും തങ്ങളുടെ കുടുംബവീട്ടില്‍ പോകുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം മലാല ജന്മനാട്ടിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്ത് പാക് പൗരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ അവരെ അഭിനന്ദനം അറിയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍